KOYILANDY DIARY.COM

The Perfect News Portal

സ്കൂളില്‍ നിന്ന് വിനോദയാത്ര പോകുന്നതിനു മുമ്പ് സംഘാടകര്‍ ബസും കാറും ഉപയോഗിച്ച്‌ നടത്തിയ അഭ്യാസ പ്രകടനത്തിനെതിരെ കേസ്‌

കൊല്ലം: സ്കൂളില്‍ നിന്ന് വിനോദയാത്ര പോകുന്നതിനു മുമ്പ് ടൂര്‍ സംഘാടകര്‍ ബസും കാറും ഉപയോഗിച്ച്‌ നടത്തിയ അഭ്യാസ പ്രകടനത്തിനെതിരെ കേസ്‌. വെണ്ടാര്‍ വിദ്യാധിരാജ സ്കൂളിലെ വിഎച്ച്‌എസ്‌ഇ രണ്ടാംവര്‍ഷ വിദ്യാര്‍ഥികളുടെ വിനോദയാത്രയ്ക്കു മുന്നോടിയായാണ് അപകടകരമായ അഭ്യാസപ്രകടനങ്ങള്‍ നടത്തിയത്‌. ടൂറിസ്റ്റ് ബസ്, കാര്‍, ബൈക്ക് എന്നിവ ഉപയോഗിച്ചായിരുന്നു പ്രകടനം. കഴിഞ്ഞ ഞായറാഴ്ച നടന്ന സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രചരിച്ചതോടെയാണ് പൊലീസ് കേസെടുത്തത്‌.

സ്കൂള്‍ ഗ്രൗണ്ടില്‍നിന്ന് തുടങ്ങിയ അഭ്യാസപ്രകടനം പൊതുനിരത്തിലും തുടര്‍ന്നു. അമിത ശബ്ദത്തില്‍ ഹോണ്‍മുഴക്കിയും പടക്കം പൊട്ടിച്ചും സ്കൂള്‍ പരിസരത്തെ റോഡുകളില്‍ക്കൂടി ബസും കാറും ബൈക്കും പായുകയായിരുന്നു. ബസിന്റെ ജീവനക്കാരായിരുന്നു സംഘാടകര്‍.

മുകള്‍വശം തുറക്കാവുന്ന കാറിന്റെ മുകളില്‍ കൊടിവീശിയ പെണ്‍കുട്ടിക്കൊപ്പമാണ് അഭ്യാസപ്രകടനം . കൂടാതെ പത്തിലധികം ബൈക്കുകളില്‍ പെണ്‍കുട്ടികള്‍ ഉള്‍പ്പെടെയുള്ളവര്‍ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാതെ അഭ്യാസവും നടത്തി.

Advertisements

അധ്യാപകരുടെയും രക്ഷിതാക്കളുടെയും മുന്നില്‍വച്ചാണ് സംഭവം അരങ്ങേറിയത്. സ്കൂള്‍ അധികൃതരുടെ പരാതിയില്‍ മോട്ടോര്‍ വാഹന വകുപ്പ് ടൂറിസ്റ്റ് ബസ് ഉടമയ്ക്കെതിരെ കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി. ബസിന്റെ ഡ്രൈവര്‍ തിരിച്ചെത്തിയാല്‍ ഉടന്‍ ഹാജരാകാനും നിര്‍ദേശം നല്‍കി. പുത്തൂര്‍ പൊലീസും കേസെടുത്തു.

അഞ്ചല്‍ സ്‌കൂളിലും സമാനമായ അഭ്യാസ പ്രകടനങ്ങള്‍ അരങ്ങേറിയിട്ടുണ്ട്‌. അഭ്യാസ പ്രകടനത്തിന് പിന്നാലെ ഓടുന്ന ബസിന് ഒപ്പം നടക്കുന്ന ബസ് ഡ്രൈവറുടെ വീഡിയോയും പുറത്ത് വന്നു. അഞ്ചല്‍ ഹയര്‍ സെക്കന്ററി സകൂളില്‍ വിനോദയാത്രക്ക് പോയ സംഘത്തിന്‍റെ ദൃശ്യങ്ങളാണ് പുറത്തുവന്നത്. തമിഴ്നാട്ടിലെ ഒരു മൈതാനത്ത് വച്ചാണ് അഭ്യാസ പ്രകടനം. ഓടുന്ന ബസിനൊപ്പം ഡ്രൈവര്‍ നടക്കുന്ന വീഡിയോയാണ് പുറത്തുവന്നത്‌.

Share news

Leave a Reply

Your email address will not be published. Required fields are marked *