സൈന്യത്തില്‍ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടി: എംപി രാജനെ ബിജെപിയില്‍നിന്നും പുറത്താക്കി

കോഴിക്കോട്: സൈന്യത്തില്‍ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടിയ കേസില്‍, മുഖ്യപ്രതിയും ബിജെപി ഉത്തരമേഖലാ സെക്രട്ടറിയുമായ എംപി രാജനെ പാര്‍ട്ടിയുടെ ചുമതലകളില്‍ നിന്നും പുറത്താക്കി. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരനാണ് നടപടിയെടുത്തത്.കോഴിക്കോട്, കണ്ണൂര്‍, വയനാട് ജില്ലകളുടെ സംഘടനാ ചുമതലയുള്ള മേഖലാ സെക്രട്ടറി ആയ രാജനെ സംഘടനാ ചുമതലകളുല്‍ നിന്ന് നീക്കി. സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍ എം പി രാജനെ ഫോണില്‍ വിളിച്ച് നടപടി തീരുമാനം അറിയിക്കുകയായിരുന്നു.
നാദാപുരം പാതിരിപ്പറ്റയിലെ ആര്‍എസ്‌എസ് മുഖ്യ ശിക്ഷക് ആയ അശ്വന്തിന്റെ കൈയില്‍ നിന്നാണ് രാജന്‍ ജോലി വാഗ്ദാനെ ചെയ്ത് 1,40000 രൂപ കൈപ്പറ്റിയത്. ജോലി കിട്ടാതായപ്പോള്‍ പണം തിരികെ ചോദിച്ച അശ്വന്തിനേയും മാതാപിതാക്കളേയും ബിജെപി നേതാക്കള്‍ ഭീഷണിപ്പെടുത്തിയതായും പരാതി ഉയര്‍ന്നിരുന്നു.അശ്വന്തും കുടുംബവും നല്‍കിയ പരാതിയില്‍ പൊലീസ് മൊഴി രേഖപ്പെടുത്തുകയും കേസെടുക്കുകയും ചെയ്തിരുന്നു. സൈന്യത്തില്‍ ജോലി വാങ്ങിക്കൊടുക്കാമെന്ന് പറഞ്ഞ് രണ്ടുഘട്ടങ്ങളിലായി ബിജെപി നേതാവായ എംപി രാജന്‍ ഒരു ലക്ഷത്തി നാല്‍പ്പതിനായിരം രൂപ കൈപ്പറ്റിയെന്നാണ് അശ്വന്തിന്റെ പരാതി.

ഇതേതുടര്‍ന്ന് അശ്വന്ത് ബിജെപി നേതൃത്വത്തിനും പൊലീസിനും പരാതി നല്‍കിയിരുന്നു. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം നടത്തിവരികയാണ്. ബിജെപി ജില്ലാ സംസ്ഥാന നേതൃത്വവും അന്വേഷണം നടത്തി. ഈ അന്വേഷണത്തില്‍ പരാതി ശരിയാണെന്ന് തെളിഞ്ഞതിനെ തുടര്‍ന്നാണ് നടപടി. വി മുരളീധര പക്ഷത്തെ പ്രമുഖ നേതാവ് കൂടിയാണ് നടപടിക്ക് വിധേയനായ എം പി രാജന്‍

ജോലി ലഭിക്കാത്തതിനെ തുടര്‍ന്ന് ബിജെപി നേതാക്കള്‍ ഇടപെട്ട് രണ്ടുലക്ഷം രൂപ നല്‍കാമെന്ന് വാഗ്ദാനവും നല്‍കി. ഈ ഉറപ്പും ലംഘിക്കപ്പെട്ടതിനെ തുടര്‍ന്നാണ് അശ്വന്തും കുടുംബവും പൊലീസില്‍ പരാതി നല്‍കുന്നത്. ബിജെപി നേതൃത്വത്തിന് നേരത്തെ പരാതി നല്‍കിയിരുന്നെങ്കിലും ഇപ്പോഴാണ് നടപടി ഉണ്ടായത്.

