സൂചനാ സമരം ഉദ്ഘാടനം ചെയ്തു

കോഴിക്കോട്: മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ശുചീകരണ വിഭാഗം ദിവസ വേതനക്കാരായ അസംഘടിതരായ പഴയകാല തൊഴിലാളികള്‍ക്ക് നേരെ കാണിക്കുന്ന ക്രൂരത അവസാനിപ്പിക്കണമെന്ന് ആദിവാസി ഗോത്രമഹാസഭ അധ്യക്ഷ സി.കെ. ജാനു ആവശ്യപ്പെട്ടു. മനുഷ്യവിസര്‍ജ്യമടക്കം വൃത്തിയാക്കുന്ന ജോലി ഒരു കാലത്ത് സ്വയം ഏറ്റെടുത്ത് സമൂഹത്തിന്റെ സുപ്രധാന മാലിന്യപ്രശ്നം പരിഹരിക്കാന്‍ മുന്നിട്ടിറങ്ങിയ 35 രൂപ വേതന വ്യവസ്ഥയില്‍ വര്‍ഷങ്ങളോളം ജോലി ചെയ്തു വന്ന തൊഴിലാളികളെ വേതനം കൂടിയ സാഹചര്യത്തില്‍ ഒഴിവാക്കുന്നത് ഇരട്ടനീതിയാണെന്നും പഴയ കാല തൊഴിലാളികള്‍ക്ക് അറുപത് വയസ്സ് വരേയെങ്കിലും ഒരു നിശ്ചിത ശതമാനടിസ്ഥാനത്തില്‍ ജോലിയില്‍ പ്രാതിനിധ്യം നല്‍കണമെന്നും ജാനു അഭിപ്രായപ്പെട്ടു.
മെഡിക്കല്‍ കോളേജ് ശുചീകരണ ദിവസവേതന തൊഴിലാളികളുടെ സംഘടനയായ അഴിമതി വിരുദ്ധ സമിതിയുടെ നേതൃത്വത്തില്‍ നടന്ന സൂചനാ സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍.
ജോലി സുരക്ഷിതത്വവുമായി ബന്ധപ്പെട്ട് സംഘടനയുടെ നേതൃത്വത്തില്‍ കലക്ടര്‍, ആശുപത്രി സൂപ്രണ്ടുമാര്‍ എന്നിവര്‍ക്ക് നല്കിയ പരാതി പരിഗണിക്കുന്നതിനായി നടത്തിയ സൂചനാ സമരത്തില്‍ ചെയര്മാന് സതീഷ് പാറന്നൂര്‍ മുഖ്യ പ്രഭാഷണം നടത്തി.

സംഘടന നല്കിയ പരാതി പരിഗണിച്ചില്ലെങ്കില്‍ മെഡിക്കല്‍ കോളേജിനു മുന്നില്‍ പ്രവര്‍ത്തകര്‍ അനിശ്ചിതകാല നിരാഹാര സമരം ഉള്‍പ്പെടെ സമരപരിപാടികള്‍ നടത്തുമെന്ന് അദ്ദേഹം പറഞ്ഞു.
സൂചനാ സമരത്തില്‍ സെക്രട്ടറി കെ.യു.ശശിധരന് സ്വാഗതം പറഞ്ഞു. പ്രസിഡണ്ട് വേലായുധന് വേട്ടാത്ത് അധ്യക്ഷത വഹിച്ചു. ഇ.എം.ശാന്ത, ടി.വി.തങ്കമണി, വിമല മാവൂര്‍ , പി.എം.നാരായണന്, സുരേഷ് പുനൂര്‍ എന്നിവര്‍ സംസാരിച്ചു. കെ.ടി.വിമല നന്ദി പറഞ്ഞു.

