സുപ്രീം കോടതിയില്‍ വീണ്ടും തര്‍ക്കം; ചീഫ് ജസ്റ്റീസിനു ജഡ്ജിയുടെ കത്ത്

ഡല്‍ഹി: സുപ്രീം കോടതിയില്‍ വീണ്ടും സീനിയോറിറ്റി തര്‍ക്കം. സീനിയോറിറ്റി പരിഗണിച്ചാകണം ഹൈക്കോടതി ജഡ്ജിമാരെ സുപ്രീംകോടതി ജഡ്ജിമാരാക്കേണ്ടത് എന്നാവശ്യപ്പെട്ട് ജസ്റ്റീസ് സഞ്ജയ് കിഷന് കൗള്‍ ചീഫ് ജസ്റ്റീസ് രഞ്ജന്‍ ഗൊഗോയിക്കു കത്തുനല്‍കി.
രാജസ്ഥാന് ഹൈക്കോടതി ചീഫ് ജസ്റ്റീസിനെ സുപ്രീം കോടതി ജഡ്ജിയാക്കാനുള്ള കൊളീജിയം ശിപാര്‍ശയാണു കത്തിനു കാരണം. ഇതു രണ്ടാം തവണയാണു സഞ്ജയ് കിഷന് കൗള്‍ സമാനമായ ആവശ്യം ഉന്നയിച്ചു കത്തു നല്‍കുന്നത്. നേരത്തെ ജസ്റ്റീസ് സഞ്ജീവ് ഖന്നയെ സുപ്രീം കോടതി ജഡ്ജിയാക്കിയപ്പോഴും ജസ്റ്റീസ് കൗള്‍ എതിര്‍പ്പറിയിച്ചിരുന്നു. ഹൈക്കോടതി ജഡ്ജിമാരെ സുപ്രീം കോടതി ജഡ്ജിമാരായി നിയമിക്കുന്പോള്‍ പ്രധാനമായും പരിഗണിക്കേണ്ടതു സീനിയോറിറ്റിയാണെന്നും ജൂനിയര്‍മാരായ ജഡ്ജിമാരെ സുപ്രീം കോടതി ജഡ്ജിമാരായി നിയമിക്കുന്നതു ശരിയല്ലെന്നും ജസ്റ്റീസ് കൗള്‍ കത്തില്‍ പറയുന്നു.

ചീഫ് ജസ്റ്റീസ് രഞ്ജന്‍ ഗൊഗോയ്, ജസ്റ്റീസുമാരായ എസ്.എ. ബോബ്ഡെ, എന്‍.വി. രമണ എന്നിവരുടെ കൊളീജിയം യോഗമാണു ഹൈക്കോടതികളിലെ പുതിയ ചീഫ് ജസ്റ്റീസുമാരുടെ പേരുകള്‍ തെരഞ്ഞെടുത്തത്.

