KOYILANDY DIARY.COM

The Perfect News Portal

സുനാമി ഭവന പദ്ധതി: 20 വീടുകള്‍ ഗുണഭോക്താക്കള്‍ക്ക് വിതരണം ചെയ്യാന്‍ സര്‍ക്കാര്‍ ഉത്തരവ്‌

കൊയിലാണ്ടി: വില്ലേജില്‍ സുനാമി ഭവനപദ്ധതി പ്രകാരം നിര്‍മിച്ച 25 വീടുകളില്‍ ഇരുപതെണ്ണം ഗുണഭോക്താക്കള്‍ക്ക് വിതരണം ചെയ്യാന്‍ സംസ്ഥാന സര്‍ക്കാര്‍ ഉത്തരവായി. ഒരു മാസത്തിനുള്ളില്‍ അര്‍ഹരായ ഗുണഭോക്താക്കള്‍ക്ക് വീടുകള്‍ കൈമാറും.

കോടികള്‍ ചെലവഴിച്ചു നിര്‍മിച്ച സുനാമി പുനരധിവാസ ഭവനങ്ങള്‍ കുടിവെള്ളത്തിന്റെ ലഭ്യതക്കുറവ് കാരണം യഥാസമയം ഗുണഭോക്താക്കള്‍ക്ക് കൈമാറാന്‍ കഴിഞ്ഞിരുന്നില്ല. തുടര്‍ന്ന് കാലപ്പഴക്കവും, സമൂഹവിരുദ്ധരുടെ ഉപദ്രവവും കാരണം വീടുകള്‍ നശിക്കുന്ന സാഹചര്യമുണ്ടായി.

ഇപ്പോള്‍ അറ്റകുറ്റപ്പണി നടത്തുന്നതിന് മുന്‍പേ വീടുകള്‍ കൈമാറാനാണ് നീക്കം. ജില്ലാതല മോണിറ്ററിങ് കമ്മിറ്റി അംഗീകരിച്ച 20 പേര്‍ക്കാണ് വീടുകള്‍ നല്‍കുക. ബാക്കി അഞ്ചുവീടുകള്‍ സുനാമി പുനരധിവാസ പദ്ധതി പ്രകാരമുള്ള അപേക്ഷകര്‍ ഇല്ലെങ്കില്‍ ലൈഫ് മിഷന്‍ പദ്ധതി പ്രകാരം അപേക്ഷ സമര്‍പ്പിക്കുന്ന ഭൂരഹിതരും ഭവനരഹിതരുമായ അപേക്ഷകരില്‍ നിന്ന് അര്‍ഹരായവരെ കണ്ടെത്തി കൈമാറും. ഇത് സംബന്ധിച്ച്‌ റവന്യൂ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി പി.എച്ച്‌. കുര്യനാണ് ഉത്തരവിറക്കിയത്.

Advertisements

ചേമഞ്ചേരി ഗ്രാമപ്പഞ്ചായത്തിലെ തീരദേശ മേഖലകളായ കണ്ണങ്കടവ്, മുനമ്ബത്ത്, ഏരൂല്‍, കാപ്പാട് എന്നിവിടങ്ങളിലെ അര്‍ഹരായവര്‍ക്കാണ് സുനാമി പുനരധിവാസ പദ്ധതി പ്രകാരം നിര്‍മിച്ച വീടുകള്‍ നല്‍കുന്നത്. നിലവില്‍ ആര്‍ക്കും ഉപകാരപ്പെടാതെ കാടുപിടിച്ചു നശിക്കുകയാണ് സുനാമി ഭവനങ്ങള്‍. അവ താമസയോഗ്യമാക്കാന്‍ വലിയൊരു തുക ചെലവഴിക്കേണ്ടി വരും. ഗുണഭോക്താക്കളുടെ കൂടി പങ്കാളിത്തത്തോടെ പരിസരം ശുചീകരിച്ച്‌ താമസയോഗ്യമാക്കാനാണ് ലക്ഷ്യം.

സുനാമി ദുരന്തസാധ്യത കണക്കിലെടുത്ത് തീരപ്രദേശത്ത് താമസയോഗ്യമല്ലാത്ത വീടുകളില്‍ താമസിക്കുന്നവരെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റി താമസിപ്പിക്കാന്‍ വേണ്ടിയാണ് ചേമഞ്ചേരിയില്‍ ഒരു ഏക്കര്‍ സ്ഥലത്ത് ഏകീകൃത സ്വഭാവത്തിലുള്ള 25 കൊച്ചു ഭവനങ്ങള്‍ 2011-ല്‍ സര്‍ക്കാര്‍ നിര്‍മിച്ചത്. ഓരോ വീടിനും മൂന്ന് ലക്ഷം രൂപയോളം ചെലവായിട്ടുണ്ട്.

Share news

Leave a Reply

Your email address will not be published. Required fields are marked *