സിപിഐഎം പ്രവര്‍ത്തകനും ഗര്‍ഭിണിയായ ഭാര്യയ്ക്കും നേരെ ആര്‍എസ്എസ് ആക്രമണം

ചാരുംമൂട്: പയ്യനല്ലൂരില്‍ ഏഴുമാസം ഗര്‍ഭിണിയായ യുവതിയെ ഉള്‍പ്പടെ ഒമ്പതംഗ ആര്‍എസ്എസ് ക്രിമിനല്‍ സംഘം വീട്ടില്‍ കയറി മര്‍ദിച്ചു. സാരമായി പരിക്കേറ്റ സിപിഐ എം പ്രവർത്തകൻ പാലമേല്‍ പയ്യനല്ലൂര്‍ കാഞ്ഞിരവിളയില്‍ ബാല അജേഷ് (31), ഭാര്യ ഏഴുമാസം ഗര്‍ഭിണിയായ രാജി (26) എന്നിവരെ അടൂര്‍ ഗവ.താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ആര്‍എസ്എസുകാരായ ശ്രീരാജ്, നിധിന്‍രാജ്, ഗോകുല്‍, വിനയക്, വിഷ്ണു, ശരത്, ഹരിചന്ദ്രന്, രാഹുല്‍ ആര് പിള്ള, അതുല്‍ എന്നിവരാണ് ആക്രമണം നടത്തിയത്. സംഭവമറിഞ്ഞ് നാട്ടുകാരെത്തിയപ്പോള്‍ അക്രമിസംഘം ബൈക്കുകള്‍ ഉപേക്ഷിച്ച് ഓടിരക്ഷപ്പെട്ടു. ബൈക്കുകള്‍ നൂറനാട് പൊലീസ് കസ്റ്റഡിയിലെടുത്തു.

മൂന്ന് ബൈക്കുകളിലായാണ് അക്രമിസംഘം എത്തിയത്. ബാല അജേഷും കുടുംബവും മുന്നൂറ് മീറ്റര്‍ അകലെനിന്നാണ് വെള്ളം ശേഖരിക്കുന്നത്. ബാല അജേഷ്, അച്ഛന് ബാലന്, സഹോദരന് ബാല അജിത്ത് എന്നിവര്‍ വെള്ളം ശേഖരിക്കാന്‍ പോയപ്പോഴാണ് ആക്രമിസംഘം വീട്ടിലെത്തിയത്. ബാല അജേഷിനെ തിരക്കിയ സംഘം ഗര്‍ഭിണിയായ രാജിയെ മര്‍ദ്ദിച്ചു.

ഈ സമയം ബൈക്കില്‍ വെള്ളവുമായിവന്ന ബാല അജേഷിനേയും മര്‍ദിച്ചു. ഇളംപള്ളില്‍ മായ യക്ഷിക്കാവ് പത്താമുദയ മഹോത്സവം അലങ്കോലപ്പെടുത്താന്‍ ആര്‍എസ്എസ് സംഘം നടത്തിയ ശ്രമം ചെറുത്തതിലുള്ള പ്രതികാരമാണ് ആക്രമണത്തിന് പിന്നിലെന്ന് സംശയിക്കുന്നു.

