KOYILANDY DIARY.COM

The Perfect News Portal

സാഹസിക പ്രകടനം നടത്തിയ ബസിന്റെ ഫിറ്റ്നസ് റദ്ദാക്കി

വെണ്ടാറിലും അഞ്ചലിലും സ്‌കൂള്‍ വളപ്പില്‍ വിനോദയാത്രാ ബസുകള്‍ സാഹസിക അഭ്യാസം നടത്തിയ സംഭവത്തില്‍ മോട്ടോര്‍ വാഹന വകുപ്പും പോലീസും ശക്തമായ നടപടികളിലേക്ക്. വെണ്ടാറില്‍ സാഹസിക പ്രകടനം നടത്തിയ ബസിന്റെ ഫിറ്റ്നസ് റദ്ദാക്കി.

സാഹസിക ഡ്രൈവിങ് നടത്തിയ ബസിന്റെയും കാറിന്റെയും ഡ്രൈവര്‍മാരെ അറസ്റ്റ് ചെയ്തു. ബസ് ഡ്രൈവര്‍ താഴത്തുകുളക്കട രഞ്ജു ഭവനില്‍ രഞ്ജു (34), കാര്‍ ഡ്രൈവര്‍ നെടുവത്തൂര്‍ പള്ളത്ത് വീട്ടില്‍ അഭിഷന്ത് (22) എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇവരെ പിന്നീട് ജാമ്യത്തില്‍ വിട്ടു.

വെണ്ടാര്‍ വിദ്യാധിരാജ സ്‌കൂളിലെ വി.എച്ച്‌.എസ്.ഇ.വിഭാഗം വിദ്യാര്‍ഥികളുമായി വിനോദയാത്രപോയ ബസ് സ്‌കൂളിലേക്ക് മടങ്ങവേ വ്യാഴാഴ്ച പുലര്‍ച്ചെ 12.30-ഓടെ ഏനാത്തുെവച്ച്‌ മോട്ടോര്‍ വാഹന വകുപ്പ് എന്‍ഫോഴ്സ്മെന്റ് എം.വി.ഐ. ഫിറോസിന്റെ നേതൃത്വത്തില്‍ തടയുകയായിരുന്നു.

Advertisements

ബസിന്റെ ആര്‍.സി.ബുക്കും ഡ്രൈവറുടെ ലൈസന്‍സും സംഘം പിടിച്ചെടുത്ത് തുടര്‍ നടപടികള്‍ക്കായി സമര്‍പ്പിച്ചു. ബസ് പരിശോധനയില്‍ നിയമവിരുദ്ധമായ കാര്യങ്ങള്‍ കണ്ടെത്തിയതിനാല്‍ ഉടന്‍തന്നെ ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് റദ്ദാക്കുകയും ചെയ്തു. തുടര്‍ന്ന് ബസ് പോലീസ് കസ്റ്റഡിയിലെടുത്ത് പുത്തൂര്‍ സ്റ്റേഷനിലെത്തിച്ചു.

ബസിന്റെ സ്പീഡ് ഗവര്‍ണര്‍ വിഛേദിച്ച നിലയിലായിരുന്നു. എയര്‍ഹോണുകള്‍, ആഡംബര ലൈറ്റുകള്‍, സ്പീക്കറുകള്‍ എന്നിവ നിയമവിരുദ്ധമായി ഉപയോഗിച്ചത് ശ്രദ്ധയില്‍പ്പെട്ടതിനാലാണ് ബസിന്റെ ഫിറ്റ്നസ് റദ്ദാക്കിയതെന്ന് കൊല്ലം എന്‍ഫോഴ്സ്മെന്റ് ആര്‍.ടി.ഒ. ഡി.മഹേഷ് അറിയിച്ചു.

ഇവിടെ ബസിനൊപ്പം സാഹസിക ഓട്ടം നടത്തിയ ഏഴ് ബൈക്കുകളില്‍ ഒരെണ്ണം പിടികൂടി. മറ്റുള്ളവ കണ്ടെത്താന്‍ ശ്രമം നടത്തുന്നു. ബൈക്ക് ഓടിച്ചിരുന്നത് ലൈസന്‍സുള്ളവരാണോ എന്ന് പരിശോധിക്കും. സുരക്ഷാ സംവിധാനമില്ലാതെ സ്‌പോര്‍ട്സ് ബൈക്ക് ഓടിക്കുകയും സാഹസിക കാര്‍ യാത്രയില്‍ സണ്‍റൂഫിന് മീതെ ഉയര്‍ന്ന് കൊടിവീശുകയും ചെയ്ത പെണ്‍കുട്ടിക്കെതിരേയും നടപടിയെടുക്കും. ഇവര്‍ സ്‌കൂളിലെ വിദ്യാര്‍ഥിനിയല്ലെന്നും ഉദ്യോഗസ്ഥര്‍ക്ക് വിവരം ലഭിച്ചു.

അഞ്ചലില്‍നിന്ന് യാത്രപോയ ബസുകളുടെ ഉടമകളെ വിളിച്ചുവരുത്തി. ബസ് തിരിച്ചെത്തിയാലുടന്‍ കസ്റ്റഡിയിലെടുത്ത് പരിശോധന നടത്തും. പ്രത്യേക പരിശോധനയുടെ ഭാഗമായി ജില്ലയില്‍ ഒന്‍പത് ടൂറിസ്റ്റ് ബസുകള്‍ക്കെതിരേ നടപടിയെടുത്തതായി എന്‍ഫോഴ്സ്മെന്റ് ആര്‍.ടി.ഒ. പറഞ്ഞു.

അഞ്ചല്‍ ഈസ്റ്റ് ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍നിന്നുള്ള വിനോദയാത്രയ്ക്ക് എത്തിയ ടൂറിസ്റ്റ് ബസുകള്‍ അപകടകരമായി കുട്ടികള്‍ക്കുചുറ്റും അഭ്യാസപ്രകടനം നടത്തിയ സംഭവത്തില്‍ ശക്തമായ നടപടി സ്വീകരിക്കുമെന്ന് പുനലൂര്‍ ജോയിന്റ് ആര്‍.ടി.ഒ. വി.സുരേഷ് കുമാര്‍ പറഞ്ഞു.

സ്‌കൂള്‍ അധികൃതരുടെ ഭാഗത്തുനിന്ന് ഗുരുതരമായ വീഴ്ചയും അലംഭാവവും ഉണ്ടായതായി പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്. സ്‌കൂള്‍ മൈതാനത്ത് നടന്ന അപകടകരമായ അഭ്യാസപ്രകടനങ്ങള്‍ തടയാനോ ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ അറിയിക്കാനോ സ്‌കൂള്‍ അധികൃതര്‍ തയ്യാറാകാതിരുന്നത് അനാസ്ഥയാണ്. നടപടി സ്വീകരിക്കാന്‍ വിദ്യാഭ്യാസവകുപ്പ് അധികൃതരോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും ജോയിന്റ് ആര്‍.ടി.ഒ. പറഞ്ഞു.

Share news

Leave a Reply

Your email address will not be published. Required fields are marked *