സഹോദരന്‍മാര്‍ തമ്മിലുണ്ടായ തര്‍ക്കം മൂന്ന് പേരുടെ മരണത്തില്‍ കലാശിച്ചു

ഡല്‍ഹി: പാര്‍ക്കിങ്ങിനെ ചൊല്ലി സഹോദരന്‍മാര്‍ തമ്മിലുണ്ടായ തര്‍ക്കം മൂന്ന് പേരുടെ മരണത്തില്‍ കലാശിച്ചു. ഡല്‍ഹിയിലെ മോഡല്‍ ടൗണില്‍ വ്യാഴാഴ്ച രാത്രി നടന്ന സംഭവത്തില്‍ രണ്ട് സുരക്ഷാ ഗാര്‍ഡുകള്‍ അറസ്റ്റിലായി. വന്‍ ബിസിനസ് ശൃംഖലകളുള്ള ജസ്പാല്‍ സിങ്, ഭാര്യ പ്രബ്ജോത്, ജസ്പാലിന്‍െറ സഹോദരന്‍ ഗുര്‍ജീത് സിങ് എന്നിവരാണ് കൊല്ലപ്പെട്ടത്.
മൂന്ന് നിലകളുള്ള ഇവരുടെ ബംഗ്ലാവിന്‍െറ രണ്ട് ഭാഗങ്ങളിലായാണ് കുടുംബങ്ങള്‍ താമസിച്ചിരുന്നത്. 100 കോടിയോളം വരുന്ന പൈതൃക സ്വത്തിനെ സംബന്ധിച്ച് ഇരുവര്‍ക്കുമിടയില്‍ നേരത്തേ തര്‍ക്കം നിലനിന്നിരുന്നു. ഇരുവര്‍ക്കും ആകെ ഒമ്ബത് കാറുകളുണ്ടായിരുന്നു. ഇവ പാര്‍ക്ക് ചെയ്യുന്നതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് മൂന്ന് പേരുടെ ജീവനെടുത്തത്.

സംഭവദിവസം ജസ്പാല്‍ സിങ് പുറത്ത് തന്‍െറ സുഹൃത്തുമായി സംസാരിച്ചിരിക്കുകയായിരുന്നു. ഈ സമയത്താണ് ഗുര്‍ജിത് തന്‍െറ അംഗരക്ഷകരായ വിക്കി, പവന്‍ എന്നിവര്‍ക്കൊപ്പം അപ്പാര്‍ട്ട്മെന്റിലെത്തിയത്. ഗുര്‍ജിതിന്‍റെ മകന്‍ ജഗനൂരും വാഹനത്തിലുണ്ടായിരുന്നു. തുടര്‍ന്ന് തന്‍റെ ടയോട്ട ഫോര്‍ച്യൂണര്‍ കാര്‍ പാര്‍ക്ക് ചെയ്യാന്‍ ജസ്പാലിന്‍െറ ഒാഡി കാര്‍ മാറ്റാന്‍ ഗുര്‍ജിത് സഹോദരനോട് ആവശ്യപ്പെടുകയായിരുന്നു. എന്നാല്‍ ജസ്പാല്‍ ഇത് നിരസിക്കുകയും തര്‍ക്കമുണ്ടാവുകയും ചെയ്തു.

ഇതിനിടെ ഗുര്‍ജിതിന്‍െറ അംഗരക്ഷകര്‍ ഒാഡി കാറിന്‍റെ പിറകിലെ ചില്ല് തകര്‍ക്കുകയും ചെയ്തു. പ്രശ്നം കേട്ടെത്തിയ ഇവരുടെ മൂത്ത സഹോദരന്‍ തന്‍റെ കാര്‍ അവിടുന്നു മാറ്റി പ്രശ്നം പരിഹരിക്കാന്‍ ശ്രമിക്കവേ ജസ്പാല്‍ ഗുര്‍ജീതിനെ കുത്തുകയായിരുന്നു. സിക്കുകാര്‍ സാധാരണായായി ഉപയോഗിക്കുന്ന കൃപാണ്‍ ഉപയോഗിച്ചായിരുന്നു ആക്രമണം. ഇതിനിടെ അച്ഛനെ രക്ഷിക്കാന്‍ നോക്കിയ ഗുര്‍ജീതിന്‍െറ മകനും കുത്തേറ്റു.

ഗുര്‍ജിത് വീണതോടെ ഓടി രക്ഷപ്പെടാന്‍ നോക്കിയ ജസ്പാലിനെ പവനും വിക്കിയും വെടിവെക്കുകയായിരുന്നു. ഇതിനിടെ ഭര്‍ത്താവിന് കവചമായി നിന്ന ജസ്പാലിന്‍െറ ഭാര്യ തലക്ക് വെടിയേറ്റ് മരിച്ചു. ജസ്പാല്‍ അയല്‍വീട്ടിലേക്ക് രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. അയല്‍വീട്ടിലെ ഊഞാലില്‍ കിടന്ന് ചോരാ വാര്‍ന്നാണ് ഇയാള്‍ മരിച്ചത്.
അയല്‍വാസികളും ബന്ധുക്കളും ചേര്‍ന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും മൂവരും മരിക്കുകയായിരുന്നു. രണ്ട് സുരക്ഷാ ഗാര്‍ഡുകളെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഗുര്‍ജിതിന്‍റെ മകന്‍ പറഞ്ഞതനുസരിച്ചാണ് തങ്ങള്‍ വെടിവെച്ചതെന്ന് ഇവര്‍ പൊലീസിനോട് വ്യക്തമാക്കി.
