KOYILANDY DIARY.COM

The Perfect News Portal

ഷിബിൻ വധക്കേസ് പ്രതി: അസ്ലത്തിന്റെ കൊലപാതകത്തിന് ഉന്നത ബന്ധമുണ്ടോയെന്ന് അന്വേഷണസംഘം പരിശോധിക്കും

നാദാപുരം തൂണേരി കണ്ണങ്കൈ കാളിപറമ്ബത്ത് അസ്ലത്തിന്റെ കൊലപാതകത്തിന്  ഉന്നത ബന്ധമുണ്ടോയെന്ന് അന്വേഷണസംഘം പരിശോധിക്കും.
അസ്ലമിന്റെ നീക്കങ്ങള്‍ ആഴ്ചകളോളം നിരീക്ഷിച്ചശേഷമാണ് സംഘം അക്രമത്തിനിറങ്ങിയതെന്ന് കൊലപാതകരീതി വ്യക്തമാക്കുന്നു. കൂട്ടുകാരോടൊപ്പം കളിക്കാന്‍ വെള്ളൂര്‍ ഭാഗത്തേക്ക് സ്കൂട്ടറില്‍ പോകുന്നതിനിടയിലാണ് ആക്രമിക്കപ്പെട്ടത്. ചാലപ്പുറം പെട്ടിപീടികയില്‍നിന്ന് വെള്ളൂര്‍ റോഡിന്റെ തുടക്കത്തിലെ വളവിലാണ് ഇന്നോവ കാര്‍ സ്കൂട്ടറിനെ ഇടിച്ചിട്ടത്. ഇടിയുടെ ആഘാതത്തില്‍ സ്കൂട്ടറിന്റെ മുന്‍ഭാഗം തകര്‍ന്ന നിലയിലാണ്. കൂടെയുണ്ടായിരുന്ന കൂട്ടുകാര്‍ക്കൊപ്പം ഓടിരക്ഷപ്പെടുന്നതിനിടെ അസ്ലമിനെ വെട്ടി. മുഖത്ത് പലതവണ വെട്ടേറ്റ നിലയിലാണ്. റോഡില്‍ വെട്ടിമാറ്റിയ നിലയിലായിരുന്നു കൈപ്പത്തി. മുഖത്തിനും കഴുത്തിനും കാലിനും നിറയെ വെട്ടേറ്റിട്ടുണ്ട്. വയറിന് ഇരുമ്ബുദണ്ഡ് കൊണ്ട് കുത്തേറ്റു. ബഹളംകേട്ട് നാട്ടുകാര്‍ ഓടിക്കൂടിയപ്പോഴേക്കും ഇന്നോവയില്‍ത്തന്നെ അക്രമികള്‍ കടന്നുകളഞ്ഞു. കൂടെയുണ്ടായിരുന്ന ശാഫി സമീപത്തെ വീട്ടില്‍ ഓടിക്കയറി റോഡില്‍ കൊലപാതകം നടക്കുന്ന വിവരം പറഞ്ഞതോടെയാണ് ആളുകള്‍ക്ക് സംഭവം മനസ്സിലായത്. അങ്ങാടിയില്‍നിന്ന് കുറച്ചകലെയുളള വളവാണ് കൊലപാതകത്തിനായി അക്രമിസംഘം തിരഞ്ഞെടുത്തത്. സമീപത്തെ വീടുനിര്‍മാണത്തില്‍ ഏര്‍പ്പെട്ട തൊഴിലാളികളായ ബംഗാളികള്‍ അക്രമത്തിന്റെ ബഹളം കേട്ടതായി പറയുന്നുണ്ട്. സമീപവാസികളില്‍ ചിലര്‍ അക്രമത്തിന് ദൃക്സാക്ഷികളായതായി പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്.തൂണേരി വെള്ളൂരിലെ ഷിബിന്‍ വധക്കേസിലെ പ്രതികളെ മുഴുവന്‍ പ്രത്യേക കോടതി വിട്ടയച്ച ഘട്ടത്തില്‍ത്തന്നെ രഹസ്യാന്വേഷണവിഭാഗം ഉന്നത പോലീസ് അധികാരികള്‍ക്ക് വീണ്ടും അക്രമമുണ്ടാകുമെന്ന് വിവരം നല്‍കിയിരുന്നു. പോലീസ് സ്വീകരിച്ച അഴകൊഴമ്ബന്‍സമീപനമാണ് നാദാപുരം പോലീസ് സ്റ്റേഷന് വിളിപ്പാടകലെ വെച്ച്‌ തൂണേരി കണ്ണങ്കൈ കാളിപറമ്ബത്ത് അസ്ലമിന്റെ കൊലപാതകത്തില്‍ കലാശിച്ചത്. ഷിബിന്‍ വധത്തിനും തുടര്‍ന്നുണ്ടായ അക്രമത്തിനുംശേഷം വെള്ളൂരിന്റെ പ്രവേശനവഴികളില്‍ പ്രത്യേകം പോലീസ് പിക്കറ്റ് പോസ്റ്റ് സ്ഥാപിച്ചെങ്കിലും പിന്നീടവ മാറ്റുകയായിരുന്നു. കോടതി വെറുതെവിട്ട തെയ്യമ്ബാടി ഇസ്മായില്‍, സഹോദരന്‍ മുനീര്‍, കാളിപറമ്ബത്ത് അസ്ലം എന്നിവര്‍ക്കുനേരേയാണ് ശക്തമായ ഭീഷണി നിലനില്‍ക്കുന്നതെന്ന് രഹസ്യാന്വേഷണവിഭാഗം റിപ്പോര്‍ട്ട് ചെയ്തിരുന്നു. വിട്ടയച്ച മറ്റുള്ളവര്‍ക്കും ഭീഷണി നിലനില്‍ക്കുന്നതായി പോലീസ് റിപ്പോര്‍ട്ടുണ്ടായിരുന്നു.

Share news