ശസ്ത്രക്രിയ കഴിഞ്ഞു! അഭിലാഷ് ടോമി സുഖം പ്രാപിക്കുന്നു

ഡല്‍ഹി; ലോകം ചുറ്റുന്ന ഗോള്‍ഡന്‍ ഗ്ലോബ് പായ് വഞ്ചി മത്സരത്തിനിടെ ഇന്ത്യന്‍ മഹാസമുദ്രത്തില്‍ അപകടത്തില്‍പ്പെട്ട കമാന്‍ഡര്‍ അഭിലാഷ് ടോമിയെ ശസ്ത്രക്രിയയ്ക്കു വിധേയനാക്കി. നട്ടെല്ലിന്റെ കശേരുവിനു പൊട്ടലുണ്ടെന്നു കണ്ടെത്തിയതിനെ തുടര്‍ന്ന് ന്യൂഡല്‍ഹിയിലെ സേനാ ആശുപത്രിയിലായിരുന്നു ശസ്ത്രക്രിയ.
രണ്ടു മണിക്കൂര്‍ ശസ്ത്രക്രിയ പൂര്‍ണ വിജയമായിരുന്നുവെന്നും അഭിലാഷ് സുഖം പ്രാപിക്കുകയാണെന്നും നാവികസേന അറിയിച്ചു. ശസ്ത്രക്രിയയ്ക്കു പിന്നാലെ അഭിലാഷിനെ നാവിക സേനാ മേധാവി അഡ്മിറല്‍ സുനില്‍ ലാംബ സന്ദര്‍ശിച്ചു. ശസ്ത്രക്രിയയ്ക്കു നേതൃത്വം നല്കിയ എയര്‍ കൊമൊഡോര്‍ ഡോ. എം.എസ്. ശ്രീധറുമായും ലാംബ ചര്‍ച്ച നടത്തി.

ഇന്ത്യന്‍ മഹാസമുദ്രത്തില്‍ മൂന്നു ദിവസം കുടുങ്ങിക്കിടന്ന അദ്ദേഹത്തെ ഫ്രഞ്ച് കപ്പലാണ് രക്ഷിച്ച് ആസ്ട്രേലിയയ്ക്ക് സമീപം ആംസ്റ്റര്ഡാമിലെത്തിച്ചത്.ഒറ്റയ്ക്ക് ലോകം ചുറ്റുന്ന ഗോള്‍ഡന്‍ ഗ്ളോബ് മത്സരത്തിനിടെയാണ് തുരിയ എന്ന സ്വന്തം വഞ്ചിയുടെ പായ്മരം ഒടിഞ്ഞു മുതുകില്‍ വീണ് അഭിലാഷിന് പരിക്കേറ്റത്. തനിയെ എഴുന്നേല്ക്കാന് കഴിയാത്ത സ്ഥിതിയിലായിരുന്നു അദ്ദേഹം.

തുരിയയിലെ സംവിധാനം വഴി നല്കിയ സന്ദേശത്തിലൂടെയാണ് ആസ്ട്രേലിയയിലെ പെര്‍ത്ത് തുറമുഖത്തുനിന്ന് 3,704 കിലോമീറ്റര്‍ അകലെയുണ്ടായ അപകടവിവരം യാത്രയുടെ സംഘാടകര്‍ അറിഞ്ഞത്. ഇന്ത്യന്‍ നാവികസേനയുടെ വിമാനമാണ് അപകടസ്ഥലം കണ്ടെത്തിയത്. തുടര്‍ന്ന് ഫ്രഞ്ച് കപ്പലെത്തി അദ്ദേഹത്തെ രക്ഷിച്ച് കരയ്ക്കെത്തിക്കുകയായിരുന്നു.

