KOYILANDY DIARY.COM

The Perfect News Portal

ശബരിമലയില്‍ അടിയന്തിരഘട്ട പ്രതികരണ കേന്ദ്രത്തിന്റെ പ്രവര്‍ത്തനം ശ്രദ്ധേയമാകുന്നു

ശബരിമല: അടിയന്തിര സാഹചര്യങ്ങളെ നേരിടുന്നതിനും വകുപ്പുകളുടെ ഏകോപനം നിയന്ത്രിക്കുന്നതിനുമായി സന്നിധാനത്തെ ഫെസ്റ്റിവല്‍ കണ്‍ട്രോള്‍ ഓഫീസില്‍ പ്രവര്‍ത്തിക്കുന്ന അടിയന്തിരഘട്ട പ്രതികരണ കേന്ദ്രത്തിന്റെ (എമര്‍ജന്‍സി ഓപ്പറേഷന്‍ സെന്റര്‍) പ്രവര്‍ത്തനം ശ്രദ്ധേയമാകുന്നു. മുന്‍വര്‍ഷങ്ങളില്‍ ഡ്യൂട്ടി മജിസ്‌ട്രേറ്റിന്റെ ചുമതലയിലായിരുന്നു സന്നിധാനത്തെ സര്‍ക്കാര്‍ വകുപ്പുകളുടെ ഏകോപനം. ഇത്തവണ ഡ്യൂട്ടിമജിസ്‌ട്രേറ്റിന്റെ ഓഫീസിന് പുറമേ ജില്ലാകലക്ടറുടെ നേരിട്ടുള്ള നിയന്ത്രണത്തിലുള്ള എമര്‍ജന്‍സി ഓപ്പറേഷന്‍ സെന്ററുമുണ്ട്. സന്നിധാനത്തും നിലയ്ക്കലും പമ്ബയിലും എമര്‍ജന്‍സി ഓപ്പറേഷന്‍സെന്ററുകള്‍ പ്രവര്‍ത്തിക്കുന്നു. നിലയ്ക്കലാണ് കണ്‍ട്രോളിങ് ഓഫീസ്. അഡീഷ്ണല്‍ ജില്ലാമജിസ്‌ട്രേറ്റ് വി.ആര്‍. പ്രേംകുമാറാണ് നിലയ്ക്കല്‍ കേന്ദ്രത്തിന്റെ ഏകോപനം നിര്‍വഹിക്കുന്നത്.

ഇതിനുപുറമേ എല്ലാ ഇ.ഒ.സികളിലും ഡ്യൂട്ടിമജിസ്‌ട്രേറ്റുമാരെയും നിയോഗിച്ചിട്ടുണ്ട്. അത്യാധുനിക വയര്‍ലസ് സംവിധാനം, കലക്‌ട്രേറ്റുമായി ബന്ധിപ്പിച്ചുള്ള ഹോട്ട്‌ലൈന്‍ എന്നിവ ഇ.ഒ.സിയുടെ പ്രത്യേകതയാണ്. ഓരോ മണിക്കൂറിലുമുള്ള തീര്‍ഥാടകരുടെ വരവ്, മറ്റ് അത്യാവശ്യ വിവരങ്ങള്‍ എന്നിവ ഇ.ഒ.സികള്‍ തമ്മില്‍ കൈമാറുന്നുണ്ട്. വാട്‌സ്‌ആപ്പ് ഗ്രൂപ്പും ഇതിനായി ഉപയോഗിക്കുന്നു.

മാലിന്യം, കുടിവെള്ളവിതരണം. വൈദ്യുതി തടസം തുടങ്ങിയവ അപ്പപ്പോള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നതിനാല്‍ ബന്ധപ്പെട്ട വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി പരിഹാരം കാണാന്‍ കഴിയുന്നു.നിലയ്ക്കല്‍, പമ്പ, സന്നിധാനം എന്നിവിടങ്ങളില്‍ സേവനത്തിന് നിയോഗിച്ചിട്ടുള്ള വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ എല്ലാദിവസവും റിപ്പോര്‍ട്ട് ചെയ്യേണ്ടതുണ്ട്.

Advertisements

പുതിയ ഉദ്യോഗസ്ഥര്‍ എത്തുമ്പോള്‍ വിവരം ഇ.ഒ.സികളിലും അറിയിക്കണം. ഇതുമൂലം ഉദ്യോഗസ്ഥര്‍ മാറുമ്പോഴുണ്ടാകുന്ന ആശയ വിനിമയത്തിന്റെ പ്രശ്‌നങ്ങള്‍ പരിഹരിക്കുവാന്‍ കഴിയും. തീര്‍ഥാടകര്‍ക്കും മറ്റുള്ളവര്‍ക്കും പരാതികള്‍ അറിയിക്കുന്നതിന് പ്രത്യേക ഫോണ്‍ നമ്പരുകള്‍ സജ്ജമാക്കിയിട്ടുണ്ട്. നൂറോളം പരാതികള്‍ ഇതുവരെ ഇ.ഒ.സികളില്‍ ലഭിച്ചിട്ടുണ്ട്. ഇവയില്‍ സമയബന്ധിതമായി നടപടികള്‍ സ്വീകരിച്ച്‌ പരാതി പരിഹരിച്ചുവെന്ന് ഉറപ്പാക്കാനായിട്ടുണ്ട്.സന്നിധാനത്തെ ഇ.ഒ.സിയുടെ ചുമതല ഡ്യൂട്ടിമജിസ്‌ട്രേറ്റായ പി.പി. ജയരാജനാണ്.

റവന്യൂവകുപ്പിന്റെ ജീവനക്കാര്‍ മൂന്ന് ഷിഫ്റ്റുകളായി 24 മണിക്കൂറിലും ഇവിടെ പ്രവര്‍ത്തിക്കുന്നു. തീര്‍ഥാടകര്‍ക്ക് അടിയന്തിര സാഹചര്യങ്ങളില്‍ സഹായത്തിനായി ഇ.ഒ.സികളില്‍ ബന്ധപ്പെടാം. ഫോണ്‍: 04735-202984(സന്നിധാനം), 04735-203232(പമ്ബ), 04735-205225(നിലയ്ക്കല്‍).

Share news

Leave a Reply

Your email address will not be published. Required fields are marked *