വനിതകള്‍ക്ക് തുണയേകാന്‍ സ്നേഹിത നിയമസഹായ ക്ലിനിക്

കോഴിക്കോട്: കുടുംബശ്രീ ജില്ലാ മിഷന് ജില്ലാ ലീഗല്‍ സര്‍വീസ് അഥോറിറ്റിയുമായി ചേര്‍ന്ന് നടപ്പിലാക്കുന്ന നിയമ സഹായ ക്ലിനിക്”സ്നേഹിത’യുടെ ഉദ്ഘാടനം സബ്ജഡ്ജ് എ.വി ഉണ്ണികൃഷ്ണന് നിര്‍വഹിച്ചു. കുടുംബശ്രീ സ്നേഹിത കേന്ദ്രത്തില്‍ ഇനി മുതല്‍ സ്ത്രീകള്‍ക്കായി സൗജന്യ നിയമസഹായം ലഭ്യമാകും.
കോടതിയുടെ ഇടപെടലില്ലാതെ സമൂഹത്തിന്റെ എല്ലാ ഭാഗങ്ങളിലേക്കും നിയമസഹായം എത്തിക്കുകയാണ് ജില്ലാ ലീഗല്‍ സര്‍വീസസ് അഥോറിറ്റിയുടെ ലക്ഷ്യം. കുടുംബശ്രീ യുടെ പിന്തുണയോടെ മാത്രമേ ഈ ലക്ഷ്യം പൂര്‍ണ്ണതയിലെത്തിക്കാന്‍ സാധിക്കുവെന്ന് സബ്ജഡ്ജ് പറഞ്ഞു. ടൗണ്‍ഹാളില്‍ നടന്ന ചടങ്ങില്‍ കുടുംബശ്രീ ജില്ലാ മിഷന് കോ-ഓര്‍ഡിനേറ്റര്‍ പി.സി കവിത അധ്യക്ഷത വഹിച്ചു. അഡീഷണല്‍ ഡെപ്യൂട്ടി പോലീസ് കമ്മീഷണര്‍ പി .വാഹിദ് മുഖ്യാതിഥിയായിരുന്നു.

മാനസികമായും ശാരീരികമായും അതിക്രമങ്ങള്‍ നേരിടേണ്ടിവരുന്ന സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും ആവശ്യമായ നിയമപരിരക്ഷ ഉറപ്പുവരുത്താന്‍ കുടുംബശ്രീ ജില്ലാ മിഷന്റെ നേതൃത്വത്തിലാണ് സ്നേഹിത പ്രവര്‍ത്തനമാരംഭിച്ചത്.
എല്ലാ മാസത്തിലും രണ്ടാമത്തെ ബുധനാഴ്ച സ്നേഹിത ജെന്‍ഡര്‍ ഹെല്‍പ്പ് ഡെസ്കില്‍ നിയമസഹായം ലഭ്യമാകും.

വീട് വിട്ട് ഇറങ്ങിയവര്‍ക്കും, യാത്രയില്‍ ഒറ്റപ്പെട്ടുപോയവര്‍ക്കും താത്കാലിക അഭയം, സൗജന്യ കൗണ്‍സിലിംഗ്, ഉപജീവന മാര്‍ഗങ്ങള്‍ക്കുള്ള പരിശീലനം, മാനസിക പിന്തുണയും കൗണ്‍സിലിംഗും, സ്ത്രീ സുരക്ഷ, ലിംഗ സമത്വം, ഭരണഘടനാപരമായ അവകാശങ്ങള്‍ എന്നിവയെക്കുറിച്ച് അവബോധ രൂപീകരണം, 24 മണിക്കൂറും ടെലി കൗണ്‍സിലിംഗ്, പൊലീസ്-നിയമ-വൈദ്യസഹായം തുടങ്ങിയവയാണ് സ്നേഹിത നല്കുന്ന മറ്റു സേവനങ്ങള്‍. സിവില്‍ സ്റ്റേഷന് സമീപം അനാമിക സ്ട്രീറ്റ് റോഡില്‍ ഹെഡ് പോസ്റ്റോഫീസിന് എതിര്‍വശമാണ് ഡെസ്ക് പ്രവര്‍ത്തിക്കുക.

