KOYILANDY DIARY.COM

The Perfect News Portal

വ്യാഴാഴ്ച അര്‍ധരാത്രി ആരംഭിക്കുന്ന ദേശീയ പണിമുടക്കില്‍ ജില്ല നിശ്ചലമാകും

കോഴിക്കോട്  സംയുക്ത ട്രേഡ് യൂണിയന്‍ നേതൃത്വത്തില്‍ വ്യാഴാഴ്ച അര്‍ധരാത്രി ആരംഭിക്കുന്ന ദേശീയ പണിമുടക്കില്‍ ജില്ല നിശ്ചലമാകും. ഓട്ടോ ഡ്രൈവര്‍മാര്‍ മുതല്‍ ക്രെയിന്‍ ഡ്രൈവര്‍മാര്‍ വരെയും തൂപ്പു ജോലിക്കാര്‍ മുതല്‍ ഉന്നത  ഉദ്യോഗസ്ഥര്‍വരെയും എല്ലാ മേഖലയിലെയും തൊഴിലാളികള്‍ പണിമുടക്കില്‍ കണ്ണിചേരും.

വിവിധ മേഖലകളിലെ കരാര്‍–ദിവസക്കൂലി തൊഴിലാളികളും പണിമുടക്കും. കര്‍ഷകരും കര്‍ഷകത്തൊഴിലാളികളും സമരത്തിന് പൂര്‍ണ പിന്തുണയേകും. വ്യാപാരി–വ്യവസായി സംഘടനകളും അഭിഭാഷകരും പണിമുടക്കിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. മിനിമം കൂലി 18,000 രൂപയാക്കുക, തൊഴിലാളികള്‍ക്ക് സാമൂഹ്യ സുരക്ഷാ സംവിധാനം നടപ്പാക്കുക തുടങ്ങി 12 ആവശ്യങ്ങളുന്നയിച്ചാണ് സര്‍വമേഖലകളിലെയും തൊഴിലാളികള്‍ ഒരേ മനസ്സോടെ പണിമുടക്കുന്നത്.
നിര്‍മാണം, മോട്ടോര്‍, കയറ്റിറക്ക്, വിവിധ വ്യവസായ സ്ഥാപനങ്ങള്‍, ടെക്സ്റ്റയില്‍സ്, കച്ചവട സ്ഥാപനങ്ങള്‍, മത്സ്യത്തൊഴിലാളി മേഖല, മത്സ്യവിതരണക്കാര്‍, അങ്കണവാടി, ആശ, സഹകരണ മേഖല, കെഎസ്എഫ്ഇ, കെഎസ്ആര്‍ടിസി, ജല അതോറിറ്റി, ബാങ്കിങ്, ഇന്‍ഷുറന്‍സ്, എന്‍ജിഒ–അധ്യാപക സംഘടനകള്‍, ന്യൂജനറേഷന്‍ ബാങ്ക് ജീവനക്കാര്‍ തുടങ്ങിയ സര്‍വമേഖലകളിലെ തൊഴിലാളികളും പണിമുടക്കും. ജില്ലയിലെ സര്‍ക്കാര്‍, അര്‍ധ സര്‍ക്കാര്‍, സ്വകാര്യ സ്ഥാപനങ്ങളും വിദ്യാലയങ്ങളും അടഞ്ഞുകിടക്കും.

തൊഴിലാളികള്‍ വ്യാഴാഴ്ച വൈകിട്ട് വിവിധ കേന്ദ്രങ്ങളില്‍ പന്തംകൊളുത്തി പ്രകടനം നടത്തും. പണിമുടക്കിയ തൊഴിലാളികള്‍ അതാത് സ്ഥാപനങ്ങള്‍ക്ക് മുന്നില്‍ വെള്ളിയാഴ്ച രാവിലെ പ്രകടനം നടത്തും. ജില്ലയിലെ പ്രധാന ടൌണുകളിലെല്ലാം സംയുക്ത ട്രേഡ് യൂണിയന്‍ നേതൃത്വത്തില്‍ ധര്‍ണകള്‍ നടക്കും. കോഴിക്കോട് നഗരത്തില്‍ മുതലക്കുളത്ത് നിന്നാണ് പ്രകടനം ആരംഭിക്കുക. രാവിലെ പത്തിന് മൊഫ്യൂസില്‍ ബസ് സ്റ്റാന്‍ഡ് പരിസരത്താണ് ധര്‍ണ.

Advertisements

എല്ലാ വിഭാഗം ജനങ്ങളും പണിമുടക്കിനോട് സഹകരിക്കണമെന്ന് സംയുക്ത ട്രേഡ് യൂണിയന്‍ ജില്ലാ കണ്‍വീനര്‍ ടി ദാസന്‍ പറഞ്ഞു. ആഗോള വിപണിയില്‍ അസംസ്കൃത എണ്ണയുടെ വില കുറച്ചിട്ടും ആനുപാതികമായി പെട്രോള്‍–ഡീസല്‍ വില കുറക്കാത്തതില്‍ പ്രതിഷേധിച്ചുകൂടിയാണ് പണിമുടക്ക്. അതുകൊണ്ട് സ്വകാര്യ വാഹനങ്ങളും പുറത്തിറക്കാതെ പണിമുടക്കില്‍ പങ്കുചേരണം. പരമാവധി ഇരുചക്ര വാഹനങ്ങള്‍ പോലും പുറത്തിറക്കാതെ സഹകരിക്കണമെന്നും അദ്ദേഹം പറഞ്ഞു.

Share news