വ്യാജ ഒപ്പ് വെച്ച് തൊഴിലുറപ്പ് ഫണ്ട് തട്ടി: ചെങ്ങോട്ടുകാവ് പഞ്ചായത്തംഗം ബിന്ദുവിനെതിരെ അഴിമതി ആരോപണം: രാജി വെക്കണമെന്ന് DYFI

കൊയിലാണ്ടി: ചെങ്ങോട്ടുകാവ് പഞ്ചായത്തിലെ ആറാം വാർഡ് മെമ്പർ ബിന്ദു മുതിരക്കണ്ടത്തിനെതിരെ അഴിമതി ആരോപണവുമായി ഡി.വൈ.എഫ്.ഐ. രംഗത്ത്. തൊഴിലുറപ്പ് തൊഴിലാളികളുടെ ഫണ്ട് മസ്റ്റർറോളിൽ വ്യാജ ഒപ്പ് വെച്ച് തട്ടിയെടുത്തതായാണ് ആരോപണം. ചെങ്ങോട്ടുകാവ് ഗ്രാമപഞ്ചായത്ത് എളാട്ടേരി ആറാംവാർഡ് അംഗം ബിന്ദു മുതിരക്കണ്ടത്തിലിനെതിരെയാണ് അഴിമതി ആരോപണം ഉണ്ടായിട്ടുള്ളത്. വിവരാവകാശ പ്രകാരം ഡി.വൈ.എഫ്.ഐ. നൽകിയ അപേക്ഷയിലാണ് പഞ്ചായത്ത് യോഗങ്ങളിൽ പങ്കെടുക്കുന്ന അതേ ദിവസങ്ങളിൽ തൊഴിലുറപ്പ് മാസ്റ്റർറോളിൽ വ്യാജ ഒപ്പ് വെച്ച് അനർഹമായ വേതനം കൈപ്പറ്റിയതായി വ്യക്തമാക്കുന്ന മറുപടി ലഭിച്ചിട്ടുള്ളത്.

ഭരണഘടനാ ലംഘനം നടത്തുകയും അനർഹമായ വേതനം കൈപ്പറ്റുകയും ചെയ്ത അംഗത്തിനെതിരെയുള്ള ആരോപണത്തിൽ വ്യക്തത വന്നിരിക്കുന്ന സാഹചര്യത്തിൽ ബിന്ദു മുതിരക്കണ്ടത്തിൽ പഞ്ചായത്തംഗത്വം രാജിവെക്കണമെന്ന് ഡി.വൈ.എഫ്.ഐ. ചെങ്ങോട്ടുകാവ് മേഖലാ കമ്മിറ്റി ആവശ്യപ്പെട്ടു. രാജിവെക്കുംവരെ ശക്തമായ സമരവുമായി മുമ്പോട്ട് പോകുമെന്ന് നേതാക്കൾ. വിവരാവകാശപ്രകാരം ലഭിച്ച മറുപടിയിൽ ഒരേ സമയങ്ങളിൽ രണ്ടിടങ്ങളിലായി നരവധി ഘട്ടങ്ങളിലായി ഇവർ ഒപ്പ് വെച്ചതായാണ് രേഖകളിൽ നിന്ന് വ്യക്തമാകുന്നത്.


ഡി.വൈ.എഫ്.ഐ. നേതാക്കൾ ഇന്ന് സെക്രട്ടറിയെ നേരിൽ കണ്ട് അംഗത്തിൻ്റെ രാജി ആവശ്യപ്പെടാൻ തീരുമാനിച്ചിട്ടുണ്ട്. തുടർന്ന് നടക്കുന്ന യോഗത്തിൽ പഞ്ചായത്ത് ഓഫീസ് മാർച്ചും ഉപരോധവും ഉൾപ്പെടെ നടത്താനാണ് ആലോചന. വരും ദിവസങ്ങളിൽ കടുത്ത പ്രക്ഷോഭത്തിലേക്ക് പോകും. സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ ജനപ്രതിനിധിക്കെതിരെ ഇപ്രകാരം വ്യക്തമായ രേഖയുമായി ഒരു ആരോപണം വന്ന് കഴിഞ്ഞാൽ അവർക്കെതിരെ നിലവിലെ പഞ്ചായത്ത് രാജ് ചട്ടത്തിലെ ജനപ്രാതിനിത്യ നിയമപ്രകാരം അയോഗ്യത കൽപ്പിക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷന് പൂർണ്ണ അവകാശമുണ്ടെന്ന് നിയമവിദഗ്ദരും അഭിപ്രായപ്പെട്ടു.


നിയമോപദേശത്തിൻ്റെ അടിസ്ഥാനത്തിൽ സംഭവവുമായി ബന്ധപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷൻ ഉൾപ്പെടെ ഉത്തരവാദപ്പെട്ട ഭരണാധികാരികൾക്കും പരാതി നൽകിയിട്ടുണ്ടെന്ന് DYFI നേതാക്കൾ പറഞ്ഞു. സമഗ്രമായ അന്വേഷണം നടത്തി അഴിമതിക്കാർക്കെതിരെ കർശന നടപടി കൈക്കൊള്ളണമെന്ന് പരാതിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്. അഴിമതി കണ്ടെത്തിയ സാഹചര്യത്തിൽ അംഗത്തിനെതിരെ നിയമ നടപടി സ്വീകരിക്കണമെന്നും രാജി വെച്ച് അന്വേഷണത്തെ നേരിടണമെന്നും സിപിഐഎം ചെങ്ങോട്ടുകാവ് ലോക്കൽ കമ്മിറ്റിയും ആവശ്യപ്പെട്ടു.


