വൈഷ്ണവിന്റെ ആത്മഹത്യ: അധ്യാപകനെതിരെ കേസ് എടുത്തു

മാനന്തവാടി: ദ്വാരക സേക്രട്ട് ഹാര്‍ട്ട് ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥി പി സി വൈഷ്ണവിന്റെ മരണവുമായി ബന്ധപ്പെട്ട് ആത്മഹത്യ കുറിപ്പില്‍ പരാമര്‍ശിച്ചിട്ടുള്ള അധ്യാപകന് നോബിള്‍ ജോസിനെതിരെ വെള്ളമുണ്ട പോലീസ് കേസ് എടുത്തു. ഞായറാഴ്ച വൈകുന്നേരമാണ് വൈഷ്ണവ് അധ്യാപകന് നോബിള്‍ ജോസിനെതിരെ അത്മഹത്യാ കുറിപ്പ് തയ്യാറാക്കിവെച്ച് കിടപ്പ് മുറിയില്‍ തീ കൊളുത്തി അത്മഹത്യ ചെയ്തത്.
വൈഷ്ണവ് ആത്മഹത്യ കുറിപ്പില്‍ എഴുതിയിരിക്കുന്നത് പ്ലസ് വണ്‍ വിദ്യാര്‍ത്ഥി വൈഷ്ണവ് എന്ന ഞാന്‍ സേക്രട്ട് ഹാര്‍ട്ട് ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ കെമിസ്ട്രി അധ്യാപകനായ നോബിള്‍ എന്ന വ്യക്തിയുടെ കടുത്ത മാനസികവും ശാരീരികവുമായ പീഡനങ്ങള്‍ മൂലം മരണപ്പെടാന്‍ പോകുന്നു. നോബിള്‍ സാറിനെ നീതിക്ക് വിട്ടുനല്‍കുക. നിയമ വിധേയമായ ശിക്ഷ വാങ്ങി കൊടുക്കുക.

7.12.2018 To.10.12.18 എന്നും കത്തില്‍ എഴുതിയിട്ടുണ്ട്. അധ്യാപകന് എതിരെ കടുത്ത ആരോപണങ്ങളാണ് വൈഷ്ണവ് ഉന്നയിച്ചിരിക്കുന്നത്. നോബിള്‍ എന്ന അധ്യാപകന് വൈഷ്ണവിനെ പഠിപ്പിച്ചിരുന്നില്ല.എന്നാല്‍ സ്കൂളിലെ വിവിധ പരിശീലന കോഴ്സുകളുടെ ചുമതല നോബിളിന് ഉണ്ടായിരുന്നു. വെള്ളമുണ്ട പോലീസാണ് കേസ് അന്വേഷിക്കുന്നത്.

ആത്മഹത്യ പ്രേരണ കുറ്റത്തിനാണ് ജ്യാമ്യമില്ലാ വകുപ്പു പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. അധ്യാപകന് എതിരെ നടപടി ആവശ്യപ്പെട്ട് നിരവധി സംഘടനകള്‍ സമരരംഗത്ത് ഇറങ്ങിയിട്ടുണ്ട്.

