വൈദ്യുതി പ്രതിസന്ധി രൂക്ഷമായ കൊയിലാണ്ടി മേഖലയിൽ പ്രതിഷേധം കനക്കുന്നു

കൊയിലാണ്ടി: വൈദ്യുതി പ്രതിസന്ധി രൂക്ഷമായ കൊയിലാണ്ടി മേഖലയിൽ പ്രതിഷേധം കനക്കുന്നു.
കൊയിലാണ്ടി മേഖലയിൽ ഉണ്ടാവുന്ന വൈദ്യുതി തടസ്സം ഒഴിവാക്കി ജനങ്ങളുടയും വ്യാപാരികളുടെയും പ്രയാസം അകറ്റാൻ അടിയന്തര നടപടി സ്വീകരിക്കണമെന്നാവശ്യപെട്ടു കൊയിലാണ്ടി മർച്ചന്റ്സ് അസോസിയേഷൻ KSEB. അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർക്ക് നിവേദനം സമര്പ്പിച്ചു.
ചെറുകിട വ്യവസായ മേഖലയിൽ വലിയ ദുരിതമാണ് നേരിടുന്നത്. ഒട്ടു മിക്ക ദിവസങ്ങളിലും വൈദ്യുതി സപ്ലൈ നിലയ്ക്കുന്നതാണ് ഇതിന് കാരണം. കൊയിലാണ്ടിയിലെ വ്യാപാരികളും പൊതു ജനങ്ങളും ഏറെ പ്രയാസമാണ് അനുഭവിക്കുന്നത്. ഇന്റസ്ട്രിയൽ, ഹോട്ടൽ, കൂൾബാർ, ഫ്ലോർ മിൽ, വർക്ക് ഷോപ്പ്, ഫോട്ടോസ്റ്റാറ് ഉൾപ്പെടെ ഒട്ടു മിക്ക സ്ഥാപനങ്ങളുടെയും പ്രവർത്തനം ഇതോടെ നില്ക്കുകയാണ്. അതിലുപരി പൊതുജനങ്ങളും വളരെയേറെ ദുരിതമാണ് അനുഭവിക്കുന്നത്.
തലേ ദിവസം പത്രങ്ങളിൽ വാർത്തകൊടുത്തും ഫോണിൽ മെസേജ് അയച്ചും രാവിലെ മുതൽ വൈകീട്ട് വരെയാണ് കൊയിലാണ്ടിയിൽ ലൈൻ ഓഫ് ചെയ്യുന്നത്. ഇത് മാസങ്ങളായി തുടർന്ന് കൊണ്ടിരിക്കുകയാണ്. മാസങ്ങളോളമായി നന്നാക്കിയിട്ടും എന്താണ് നന്നാവാത്തതെന്നാണ് നാട്ടുകാരുടെയും ചോദ്യം. പണമടക്കാൻ വൈകിയാൽ സുര്യനുദിക്കുംമുമ്പെ ഫീസ് ഊരാൻ ഓടിനടക്കുന്ന അധികൃതരുടെ ജാഗ്രത വൈദ്യുതു കതൃത്യമായി വിതരണം ചെയ്യാൻ കാണിക്കണമെന്നാണ് ഇവർ ആവശ്യപ്പെടുന്നത്.
പരിഹാരമില്ലെങ്കിൽ ശക്തമായ സമരത്തിന് നേതൃത്വം നൽകുമെന്ന് നേതാക്കൾ പറഞ്ഞു. വിവിധ സംഘടനകളും സമരത്തിന് തയ്യാറെടുക്കുന്നതായാണ് വിവരം. മർച്ചന്റ്സ് അസോസിയേഷൻ ആക്ടിങ് പ്രസിഡന്റ് K. K. നിയാസ്, എക്സിക്യൂട്ടീവ് മെമ്പർ മാരായ U. A. അസീസ്, ഉല്ലാസ് രാരിസൻ ഹോട്ടൽ, ബാബു സുകന്യ എന്നിവർ പങ്കെടുത്തു.
