വെളിയണ്ണൂര്‍ ചല്ലിയില്‍ കൃഷിയിറക്കുന്നവര്‍ക്ക് സര്‍ക്കാര്‍ എല്ലാ സഹായവും നല്‍കും: ടി.പി. രാമകൃഷ്ണന്

കൊയിലാണ്ടി: നടേരി വെളിയണ്ണൂര്‍ ചല്ലിയില്‍ നെല്‍ക്കൃഷി വികസന പദ്ധതിക്ക് ആവേശകരമായ തുടക്കം. ഇതിന്റെ ഭാഗമായുള്ള ബഹുജന കണ്വെന്ഷന് മന്ത്രി ടി.പി. രാമകൃഷ്ണന് ഉദ്ഘാടനം ചെയ്തു. കെ. ദാസന് എം.എല്‍.എ. അധ്യക്ഷത വഹിച്ചു.
വെളിയണ്ണൂര്‍ ചല്ലിയില്‍ കൃഷിയിറക്കുന്നവര്‍ക്ക് സര്‍ക്കാര്‍ എല്ലാസഹായവും നല്‍കുമെന്ന് മന്ത്രി പറഞ്ഞു. ഒരു ഹെക്ടറില്‍ കൃഷിചെയ്യുമ്പോള്‍ 30,000 രൂപ സര്‍ക്കാര്‍സഹായം നല്‍കും. കൃഷിക്ക് ജൈവരീതി അവലംബിക്കും. ഉത്പാദിപ്പിക്കുന്ന നെല്ല് പ്രാദേശികമായിത്തന്നെ അരിയാക്കുന്നതിനുള്ള പദ്ധതി നടപ്പാക്കും. ചല്ലിയില്‍ കാര്‍ഷിക പ്രവര്‍ത്തനത്തിന് കാര്‍ഷിക ഹരിതസേനയെ ഒരുക്കും. വെളിയണ്ണൂര്‍ ചല്ലിയില്‍ കാര്‍ഷിക പ്രവൃത്തിയുടെ മുന്നൊരുക്കത്തിന് തന്റെ ശമ്പളത്തില്‍നിന്ന് 10,000 രൂപ മന്ത്രി വാഗ്ദാനംചെയ്തു.

വെളിയണ്ണൂര്‍ ചല്ലിയില്‍ ഏതു പ്രതിസന്ധി അതിജീവിച്ചും കൃഷി തുടങ്ങുമെന്ന് ഹരിത കേരളാ മിഷന് കോ-ഓര്‍ഡിനേറ്റര്‍ ഡോ. ജയകുമാര്‍ പറഞ്ഞു. ചല്ലിയില്‍ കെട്ടിനില്‍ക്കുന്ന വെള്ളം വറ്റിക്കും. കൃഷിക്ക് ഉപദ്രവമാകുന്ന കളകള്‍ യന്ത്രസഹായത്തോടെ നീക്കും. വരുന്ന 15 ദിവസത്തിനുള്ളില്‍ നിലമൊരുക്കും. മുപ്പതുദിവസത്തിനുള്ളില്‍ ഞാറുനടാന്‍ പാകത്തിലാക്കും. അരിക്കുളം അഗ്രോ സര്‍വീസ് സെന്റിന്റെ നേതൃത്വത്തിലായിരിക്കും കൃഷി. കാര്‍ഷികപ്രവര്‍ത്തനത്തിന് കൃഷിവകുപ്പിന്റെ എല്ലാസഹായവും ലഭ്യമാക്കും.

നഗരസഭാ ചെയര്മാന് അഡ്വ: കെ. സത്യന്, വൈസ് ചെയര്‍പേഴ്സണ്‍ വി.കെ. പത്മിനി, അരിക്കുളം ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് സി. രാധ, സി. കുഞ്ഞമ്മദ്, സി. അശ്വിനിദേവ്, ജില്ലാ പഞ്ചായത്ത് അംഗം ശാലിനി ബാലകൃഷ്ണന്, കീഴരിയൂര്‍ ഗ്രാമപ്പഞ്ചായത്ത് അംഗം മിനീഷ്, വി.വി. സുധാകരന്, കെ.കെ. മുഹമ്മദ് തുടങ്ങിയവര്‍ സംസാരിച്ചു.

