വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ട ബൈക്കുകള്‍ക്ക് കത്തിനശിച്ചു

വാണിമേല്‍: വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ട ബൈക്കുകള്‍ അര്‍ധരാത്രി രണ്ടംഗസംഘം തീയിട്ടു. വാണിമേല്‍ പരപ്പുപാറ ചേരനാണ്ടിമുക്കിനടുത്ത് കോരമ്മന്‍ ചുരത്തില്‍ വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ട ബൈക്കുകളാണ് തീയിട്ടത്. വീട്ടുടമസ്ഥനായ കോരമ്മന്‍ ചുരത്തില്‍ കുഞ്ഞാലി, ബന്ധു ഹാരിസ് പരവത്ത്, ഭാര്യാസഹോദരന്‍ സജീര്‍ കരുവന്‍ കണ്ടിയില്‍, അയല്‍വാസി മഴങ്ങിയില്‍ അനൂപ് എന്നിവരുടെ പേരിലുള്ള ബൈക്കുകളാണ് തീയിട്ടത്. അനൂപിന്റെ വാഹനം അയല്‍വാസിയായ കുമാരനാണ് ഉപയോഗിക്കുന്നത്. വീട്ടിലേക്ക് വഴിയില്ലാത്തതിനാലാണ് കുഞ്ഞാലിയുടെ വീട്ടില്‍ നിര്‍ത്തിയിടുന്നത്.
ചൊവ്വാഴ്ച അര്‍ധരാത്രി ഒരുമണിക്കാണ് സംഭവം. കുഞ്ഞാലിയുടെ വീട്ടുമറ്റത്ത് നിര്‍ത്തിയിട്ട ആക്റ്റീവ ബൈക്കിനാണ് ആദ്യം തീയിട്ടത്. ബൈക്കിന് മുകളില്‍ പൂര്‍ണമായും പെട്രോള്‍ ഒഴിച്ച നിലയിലാണ്. ബൈക്ക് നിര്‍ത്തിയിട്ട സ്ഥലത്തുനിന്ന് കുറച്ച് അകലെവരെ നിലത്ത് പെട്രോള്‍ ഒഴിച്ച നിലയിലാണ്. പേപ്പറുകള്‍ക്കും മറ്റും തീകൊടുത്താണ് ബൈക്കിലേക്ക് തീപടര്‍ത്തിയത്. കുഞ്ഞാലിയുടെ സ്കൂട്ടര്‍ പൂര്‍ണമായും കത്തിയനിലയിലാണ്. ഇതില്‍നിന്നാണ് മറ്റ് ബൈക്കുകള്‍ക്ക് തീപിടിച്ചത്. സ്കൂട്ടര്‍, ബൈക്ക്, ബുള്ളറ്റ് എന്നിവയാണ് കത്തിയത്. ഹാരിസിന്റെ ബൈക്കിനും തീപിടിച്ച് കാര്യമായ നാശനഷ്ടം സംഭവിച്ചിട്ടുണ്ട്.

വീട്ടുമുറ്റത്ത് തീപടരുന്നത് വീട്ടുകാരാണ് ആദ്യം കാണുന്നത്. തുടര്‍ന്ന് പോലീസിനെ വിവരമറിയിച്ചു. വെള്ളിയോട് ഭാഗത്ത് രാത്രികാല പട്രോളിങ്ങിലുണ്ടായ പോലീസ് ഉടനടി സ്ഥലത്തെത്തി. വീട്ടുകാരും പോലീസും ഓടിക്കൂടിയവരും ചേര്‍ന്ന് തീപടര്‍ന്നുപിടിക്കുന്നത് തടഞ്ഞു.

വീട്ടിലെ സി.സി.ടി.വി.യില്‍ മുഖംമൂടി ധരിച്ച രണ്ടംഗ സംഘം എത്തുന്നതും ഗേറ്റിന് സമീപമിരുന്ന് പരസ്പരം കാര്യങ്ങള്‍ ചര്‍ച്ചചെയ്യുന്നതും വ്യക്തമായി കാണാം. തുടര്‍ന്ന് രണ്ടംഗ അക്രമിസംഘം തീകൊടുക്കുന്നതും സി.സി.ടി.വി.യില്‍ തെളിഞ്ഞിട്ടുണ്ട്. മുഖംമൂടി ധരിച്ചെങ്കിലും പ്രതികളെ തിരിച്ചറിയാന്‍ കഴിയുമെന്ന വിശ്വാസത്തിലാണ് പോലീസ്.

