വിഷുദിന കാഴ്ചയായ് കൊരയങ്ങാട് തെരുവിൽ “പണ്ടാട്ടി ” ചമയമൊരുങ്ങുന്നു

കൊയിലാണ്ടി: പൂർവ്വികർ പകർന്നു നൽകിയ ആചാരങ്ങൾ ഇഴ തെറ്റാതെ ഇക്കുറിയും വിഷുപ്പുലരിയെ വരവേൽക്കാനുള്ള ഒരുക്കത്തിലാണ് കൊയിലാണ്ടി കൊരയങ്ങാട് തെരു നിവാസികൾ. വിഷു എന്നാൽ കൊരയങ്ങാട്ടുകാർക്ക് വെറുതെ ഇരുന്നും പടക്കം പൊട്ടിച്ചും സദ്യയുണ്ടും തീർക്കാനുള്ള ദിനമല്ല. മറിച്ച്, ഭക്തിയുടേയും സ്നേഹ സൗഹൃദങ്ങളുടേയും പങ്കുവെപ്പിന്റേയും ഉത്സവമുഹൂർത്തമാണ്. അതിലേറെ; ഐശ്വര്യ ദേവതകളുടെ സാന്നിധ്യം കൊതിക്കുന്ന പ്രാർത്ഥനാനിർഭരമായ ദിനരാത്രം കൂടിയാണ്.
വിഷുദിനത്തിൽ പതിറ്റാണ്ടുകളായി പ്രദേശത്തുകാർ കൊണ്ടാടുന്ന ആചാരപരമായ കൗതുകക്കാഴ്ചയാണ് കൊരയങ്ങാട് തെരുവിലെ “പണ്ടാട്ടി വരവ് ” ആഘോഷം. പ്രദേശത്തെ ഗണപതി ക്ഷേത്രം കേന്ദ്രീകരിച്ച് വിഷു സന്ധ്യയിലാണ് പണ്ടാട്ടി വരവൊരുങ്ങുന്നത്. ഉത്തരകേരളത്തിലെ പത്മശാലിയ തെരുവുകളിൽ പൗരാണിക കാലം മുതൽ ഈ ആഘോഷം തുടർന്നു വരുന്നുണ്ട്. പ്രാദേശിക ഭേദമനുസരിച്ച് ഇത് “ചപ്പ കെട്ട്, “ചോയി കെട്ട്” “, യോഗി പുറപ്പാട് എന്നിങ്ങനെയും അറിയപ്പെടുന്നു. വിഷുദിനത്തിൽ ഭക്തരുടെ ക്ഷേമാന്വേഷണത്തിനായി ശിവപാർവ്വതിമാർ വേഷപ്രഛന്നരായി ഭക്തരുടെ വീടുകൾ തോറും സാന്നിധ്യമറിയിക്കുന്നുവെന്ന സങ്കല്പമാണ് ഈ ആചാരത്തിന് പിന്നിലുള്ളത്.

പ്രദേശത്തെ കുന്നക്കണ്ടി ബാലന്റെ നേതൃത്വത്തിലുള്ള സംഘമാണ് പണ്ടാട്ടി ചമയമൊരുക്കുന്നത്.ശിവൻ, പാർവ്വതി, സഹായി, അനുചരന്മാർ എന്നിങ്ങനെയാണ് വേഷപ്പകർച്ച.തണ്ടോടു കൂടിയ ഉണങ്ങിയ വാഴച്ചപ്പയാണ് ശിവപാർവ്വതിമാരുടെ വേഷം. ശിരസ്സിൽ വാഴ ഇല കൊണ്ടുള്ള കിരീടം ചൂടും. വെളളരിക്ക വട്ടത്തിൽ മുറിച്ചെടുത്ത് കാതിലണിയും. ചകിരിത്തുമ്പ് കൊണ്ട് കറുത്ത മേൽ മീശ വയ്ക്കും. ക്ഷേത്രാങ്കണത്തിൽ നിന്നും ആരവങ്ങളോടെ വീടുകൾ തോറുമുള്ള സഞ്ചാരം തുടങ്ങും മുമ്പെ മൂന്ന് തവണ പ്രദക്ഷിണം ചെയ്യും.ഓരോ തവണ വലം വെക്കുമ്പോഴും “ഹരേ ശിവ ” നാമം ഉരുവിട്ട് ക്ഷേത്ര സോപാന്നത്തിൽ സ്പർശിച്ച് ആരാധനാമൂർത്തിയെ ഉണർത്തും.

ഗുരു കാരണവന്മാരുടേയും ക്ഷേത്ര ഊരാളമാരുടേയും വീടുകളിലാണ് ആദ്യസന്ദർശനം. യാത്രാദ്ധ്യേ വഴിപോക്കരെ ശിവപാർവ്വതിമാർ ആലിംഗനം ചെയ്യും. പണ്ടാട്ടി വരവിന് മുമ്പ് തന്നെ തെരുവിലെ ഓരോ വീടും പരിസരവും ചാണകം തളിച്ച് ശുദ്ധമാക്കിയിരിക്കും. വിഷു ദിവസം അകത്തളത്തിൽ പുൽപ്പായ വിരിച്ച് നിലവിളക്ക് കൊള്ളുത്തിയ ശേഷം നിറനാഴി, കണിവെള്ളരി, നാളികേരം, അപ്പം എന്നിവ ഒരുക്കി വയ്ക്കും. പണ്ടാട്ടി വീട്ടിൽ സാന്നിധ്യമറിയിക്കുന്നതോടെ “ചക്ക കായ് കൊണ്ടു വാ മാങ്ങാ കായ് കൊണ്ടു വാ ” എന്നിങ്ങനെ ആരവമിടും.

തുടർന്ന് കുട്ടികളും മുതിർന്നവരും പടക്കം പൊട്ടിച്ച് ഐശ്വര്യ ദേവന്മാരെ വരവേൽക്കും.ഗൃഹസന്ദർശനം കഴിഞ്ഞ് ക്ഷേത്രത്തിൽ തിരിച്ചെത്തുന്നതോടെ വീടുകളിൽ നിന്ന് ശേഖരിച്ച ധാന്യങ്ങളും മറ്റും ഭക്തർക്ക് വീതിച്ച് നൽകുകയാണ് പതിവ്. ആഘോഷത്തിൽ പങ്ക് ചേരാൻ നിരവധി കുടുംബങ്ങളാണ് കൊരയങ്ങാട് തെരു ക്ഷേത്രത്തിൽ അന്നേ ദിവസം എത്തിച്ചേരുന്നത്.
