വര്‍ഗീയകക്ഷികള്‍ക്കുള്ള ഇടത്താവളമല്ല ഇടത് മുന്നണി: വി.എസ്
തിരുവനന്തപുരം: ഇടത് മുന്നണി വിപുലീകരണത്തിന്റെ ഭാഗമായി പുതിയ പാര്‍ട്ടികളെ മുന്നണിയിലെടുക്കാനുള്ള തീരുമാനത്തില്‍ അതൃപ്തി പരസ്യമാക്കി ഭരണപരിഷ്ക്കാര കമ്മിഷന് അദ്ധ്യക്ഷന്‍ വി.എസ്.അച്യുതാനന്ദന് രംഗത്തെത്തി. വര്‍ഗീയകക്ഷികള്‍ക്കുള്ള ഇടത്താവളമല്ല ഇടത് മുന്നണിയെന്നാണ് വി.എസിന്റെ പ്രതികരണം. സവര്‍ണ മേധാവിത്വവും സ്ത്രീ വിരുദ്ധതയുമുള്ളവര്‍ മുന്നണിയില്‍ ഉണ്ടാകാന്‍ പാടില്ലെന്നും വി.എസ് പറഞ്ഞു.
കാലഹരണപ്പെട്ട ആചാരണങ്ങളും സവര്‍ണ മേധാവിത്വവും സ്ത്രീ വിരുദ്ധതയും വര്‍ഗീയതയും വച്ച് പുലര്‍ത്തുന്നവരുടെ ഇടത്താവളമല്ല ഇടത് മുന്നണിയെന്ന് വി.എസ് തുറന്നടിച്ചു. ഇന്ത്യന്‍ ഭരണഘടന വ്യക്തമായി വിശകലനം ചെയ്ത് ശേഷം തയ്യാറാക്കിയ ശബരിമല വിധിയെ എതിര്‍ക്കുന്നവരുണ്ട്. കുടുംബത്തില്‍ പിറന്ന സ്ത്രീകള്‍ ശബരിമലയില്‍ പോകരുതെന്ന പ്രസ്താവനം നടത്തിയവര്‍ മുന്നണിക്ക് ബാധ്യതയാകുമെന്നും ബാലകൃഷ്ണപിള്ളയുടെ പേരെടുത്ത് പറയാതെ വി.എസ് വിമര്‍ശിച്ചു.

