ലിനിയുടെ ഓര്‍മകളില്‍ നേഴ‌്സസ‌് ദിനാഘോഷം

കണ്ണൂര്‍: ആ വേര്‍പാടിന‌് ഒരു വയസ‌് പൂര്‍ത്തിയാകാനിരിക്കുന്നതേയുള്ളൂ. വിടര്‍ന്ന കണ്ണുകളും നിറഞ്ഞ പുഞ്ചിരിയുമുള്ള ആ പെണ്‍കുട്ടി എന്നും മലയാളികളുടെ മനസിലുണ്ടാകും. സംസ്ഥാനതല നേഴ‌്സസ‌് ദിനാഘോഷത്തിനായി കണ്ണൂര്‍ നായനാര്‍ അക്കാദമിയിലെ ലിനി നഗറില്‍ ഒത്തു ചേര്‍ന്നവരിലും ലിനിയുടെ ഓര്‍മകള്‍ തുടിച്ചുനിന്നു.
ഉദ‌്ഘാടന വേദിയില്‍ ഓടിയും അലങ്കരിച്ച പൂപറിച്ചും നടന്ന ലിനിയുടെ മക്കള്‍ റിതുലും സിദ്ധാര്‍ഥും കണ്ടുനിന്നവരില്‍ കണ്ണീര്‍പടര്‍ത്തി. ഉദ‌്ഘാടന വേദിയിലേക്ക‌് എത്തിയ മന്ത്രി കെ കെ ശൈലജ ലിനിയുടെ മക്കളെ സ‌്നേഹപൂര്‍വം ചേര്‍ത്തുപിടിച്ചു. വികാരനിര്‍ഭരമായ രംഗങ്ങള്‍ക്കാണ‌് സദസ‌് സാക്ഷ്യം വഹിച്ചത‌്. നിസ്വാര്‍ഥ സേവനത്തിന്റെ ഫലമായി ജീവന്‍ നഷ‌്ടപ്പെട്ട മാലാഖയ‌്ക്ക‌് സദസ‌് എഴുന്നേറ്റുനിന്ന‌് ആദരമര്‍പ്പിച്ചു. ലിനിയുടെ ധീരതയും ആത്മാര്‍ഥതയും നേഴ‌്സിങ‌് സമൂഹം മാതൃകയാക്കണമെന്ന‌് മന്ത്രി പറഞ്ഞു.

പ്രൈമറി ഹെല്‍ത്ത‌് സെന്റര്‍ മുതല്‍ മെഡിക്കല്‍ കോളേജുവരെ സമഗ്ര മാറ്റത്തിലേക്ക‌് കടന്നിരിക്കുകയാണ‌്. സാമ്ബത്തിക പരിമിതികള്‍ക്കുള്ളില്‍ നിന്നുകൊണ്ടാണ‌് ആരോഗ്യമേഖയില്‍ ഇക്കാര്യങ്ങളൊക്കെ ചെയ്യുന്നത‌്. പ്രധാനമായും കിഫ‌്ബിയെയാണ‌് ആശ്രയിക്കുന്നത‌്. എല്ലാ സര്‍ക്കാര്‍ ആരോഗ്യകേന്ദ്രങ്ങളും വികസനത്തിന്റെ പാതയിലാണെന്നും മന്ത്രി പറഞ്ഞു. ‘നേഴ‌്സിങ് കെയര്‍ പ്രൊസീജിയര്‍ മാന്വല്‍’ പുസ‌്തകം പ്രകാശനം ചെയ‌്തു. ജില്ലാ പഞ്ചായത്ത‌്പ്രസിഡന്റ‌് കെ വി സുമേഷ‌് അധ്യക്ഷനായി. ലിനിയുടെ ഭര്‍ത്താവ‌് സജീഷ‌്, ഡിഎംഒ ഡോ. കെ നാരായണ നായ‌്ക‌് തുടങ്ങിയവര്‍ സംസാരിച്ചു.

