KOYILANDY DIARY.COM

The Perfect News Portal

രാഖി കൃഷ്ണ ആത്മഹത്യ ചെയ്തത് അധ്യാപകരുടെ കടുത്ത മാനസിക പീഡനം മൂലമാണെന്ന് പിതാവ്

കൊല്ലം: കൊല്ലം ഫാത്തിമ മാത കോളെജിലെ വിദ്യാര്‍ത്ഥിനി രാഖി കൃഷ്ണ ആത്മഹത്യ ചെയ്തത് അധ്യാപകരുടെ കടുത്ത മാനസിക പീഡനം മൂലമാണെന്ന് പിതാവ് രാധാകൃഷ്ണന്‍. കോളെജ് നിയോഗിച്ച അന്വേഷണ കമ്മീഷന്റെ പ്രവര്‍ത്തനത്തില്‍ വിശ്വാസമില്ല. കുറ്റക്കാര്‍ക്ക് ശിക്ഷവാങ്ങി നല്‍കാന്‍ നിയമ പോരാട്ടത്തിനൊരുങ്ങുകയാണ് രാഖി കൃഷ്ണയുടെ കുടുംബം.

19 വര്‍ഷം താലോലിച്ച്‌ വളര്‍ത്തിയ മകള്‍ മരണത്തിനു കീഴടങ്ങിയത് നേരില്‍ കണ്ട ഒരച്ഛന്റെ വിലാപമാണിത്. പ്ലസ്ടു പരീക്ഷയില്‍ 90 ശതമാനത്തിലധികം മാര്‍ക്ക് വാങ്ങി ജയിച്ച രാഖി കൃഷ്ണ കോപ്പിയടിക്കില്ലെന്ന് പിതാവ് ഉറപ്പിച്ചു പറയുന്നു. മകള്‍ക്ക് അധ്യാപകരില്‍ നിന്ന് ക്രൂരമായ മാനസിക പീഡനം ഏല്‍ക്കേണ്ടി വന്നു. അതാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് അച്ഛന്‍ ഉറച്ചു വിശ്വസിക്കുന്നത്.

സംഭവത്തിനു ശേഷം കോളെജിന്റെ ഒരു പ്രതിനിധി പോലും ബന്ധപ്പെട്ടിട്ടില്ല. കോളെജ് നിയോഗിച്ച അന്വേഷണകമ്മീഷനില്‍ വിശ്വാസമില്ല. മാനേജ്‌മെന്റ് നിയോഗിച്ച അന്വേഷണകമ്മീഷന്‍ അവര്‍ക്ക് അനുകൂലമായ റിപ്പോര്‍ട്ടേ തയാറാക്കൂ എന്ന് രാധാകൃഷ്ണന്‍ പറയുന്നു. സ്വന്തം മകളുടെ മരണത്തിന് ഉത്തരവാദികളായവരെ നിയമത്തിനു മുന്നില്‍ എത്തിക്കാന്‍ ഏതറ്റം വരെയും പോകാന്‍ തയാറെടുക്കുകയാണ് ഈ പിതാവ്. മുഖ്യമന്ത്രി അടക്കമുള്ളവര്‍ക്ക് ഉടന്‍ പരാതി നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.

Advertisements
Share news

Leave a Reply

Your email address will not be published. Required fields are marked *