രഹ്ന ഫാത്തിമയുടെ ക്വാര്‍ട്ടേഴ്സ് ആക്രമിച്ച കേസില്‍ ബിജെപി നേതാവ് അറസ്റ്റില്‍

കൊച്ചി: ശബരിമല ദര്‍ശനത്തിനു പോയ രഹ്ന ഫാത്തിമയുടെ ക്വാര്‍ട്ടേഴ്സ് ആക്രമിച്ച കേസില്‍ ബിജെപി നേതാവ് അറസ്റ്റില്‍. ബിജെപി കടവന്ത്ര ഏരിയ പ്രസിഡന്റ് വിദ്യാമന്ദിര്‍ റോഡ് ബാവന്‍സ് പുലിമുറ്റത്ത് പറമ്ബ് വീട്ടില്‍ പി എ ബിജു (47) ആണ് എറണാകുളം സൗത്ത് പൊലീസിന്റെ പിടിയിലായത്. രഹ്ന താമസിക്കുന്ന പനമ്ബിള്ളിനഗര്‍ എസ്ബിഐ അവന്യൂവിലെ ബിഎസ്എന്‍എല്‍ ക്വാര്‍ട്ടേഴ്സില്‍ കഴിഞ്ഞ 19നു രാവിലെ ഏഴരയോടെയായിരുന്നു ആക്രമണം.
സ്കൂട്ടറിലെത്തിയ രണ്ടംഗ സംഘം തിരിച്ചറിയാതിരിക്കാന്‍ ഹെല്‍മെറ്റ് ധരിച്ചാണ് ക്വാര്‍ട്ടേഴ്സ് വളപ്പില്‍ പ്രവേശിച്ചത്. കല്ലും വടികളും ഉപയോഗിച്ചായിരുന്നു ആക്രമണം. ജനല്‍ച്ചില്ലുകളും ചെടിച്ചട്ടികളും അടിച്ചുതകര്‍ക്കുകയും വരാന്തയില്‍ ഉണ്ടായിരുന്ന കസേരകളും വ്യായാമത്തിനുള്ള സൈക്കിളും തുണിത്തരങ്ങളും ചെരിപ്പുകളും നശിപ്പിക്കുകയും ചെയ്തു.

കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ച പൊലീസ് ചോദ്യംചെയ്യാന്‍ ചില ബിജെപി പ്രവര്‍ത്തകരെ വിളിച്ചുവരുത്തിയതോടെ ബിജു കീഴടങ്ങുകയായിരുന്നു. പ്രതികള്‍ സഞ്ചരിച്ച സ്കൂട്ടറും ബിജു ധരിച്ചിരുന്ന ഹെല്‍മെറ്റും കണ്ടെടുത്തു. ബിജെപി പ്രവര്‍ത്തകനായ അജീഷാണ് ആക്രമണത്തിനു ഒപ്പമുണ്ടായിരുന്നതെന്ന് ഇയാള്‍ സമ്മതിച്ചു. അജീഷിനുവേണ്ടി പൊലീസ് തെരച്ചില്‍ തുടങ്ങി.

