യുഡിഎഫിന്റെയും ബിജെപിയുടെയും അനിശ്ചിതകാല സത്യഗ്രഹം രണ്ടാം ദിവസത്തിലേക്ക് കടന്നു

തിരുവനന്തപുരം: ശബരിമല വിഷയത്തില്‍ യുഡിഎഫിന്റെയും ബിജെപിയുടെയും അനിശ്ചിതകാല സത്യഗ്രഹം രണ്ടാം ദിവസത്തിലേക്ക് കടന്നു. നിയമസഭാ മന്ദിരത്തിന് മുന്നില്‍ എംഎല്‍എമാരായ വി.എസ്.ശിവകുമാര്‍, എന്‍.ജയരാജ്, പാറയ്ക്കല്‍ അബ്ദുള്ള എന്നിവരാണ് സത്യഗ്രഹം അനുഷ്ഠിക്കുന്നത്. ബിജെപിയുടെ അനിശ്ചിതകാല സത്യഗ്രഹം സെക്രട്ടറിയേറ്റിന് മുന്നിലുമാണ്. സംസ്ഥാന ജനറല്‍ സെക്രട്ടറി എ.എന്‍.രാധാകൃഷ്ണനാണ് നിരാഹാരം അനുഷ്ഠിക്കുന്നത്.
തിങ്കളാഴ്ച രാവിലെയാണ് യുഡിഎഫും ബിജെപിയും സത്യഗ്രഹ സമരത്തിലേക്ക് കടന്നത്. ബിജെപിയുടെ സത്യഗ്രഹം നേരത്തെ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ തിങ്കളാഴ്ച രാവിലെ നിയമസഭയ്ക്കകത്ത് വച്ചാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല യുഡിഎഫിന്റെ ഉപവാസം പ്രഖ്യാപിച്ചത്.

ശബരിമലയിലെ നിരോധനാജ്ഞ പിന്‍വലിക്കുക, അയ്യപ്പഭക്തര്‍ക്ക് അടിസ്ഥാന സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുക, ബിജെപി നേതാവ് കെ.സുരേന്ദ്രനെതിരെയുള്ള പകപോക്കല്‍ അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ബിജെപിയുടെ സമരം. സര്‍ക്കാര്‍ സമവായത്തിന് തയാറാകുന്നത് വരെ സമരവുമായി മുന്നോട്ട് പോകുമെന്നാണ് ബിജെപിയുടെ നിലപാട്. ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി സരോജ് പാണ്ഡെ എംപിയാണ് സമരം ഉദ്ഘാടനം ചെയ്തത്.

