യുവാവിന്റെ സത്യസന്ധതയിൽ ഈജിപ്തുകാരന് തിരിച്ചു കിട്ടിയത് ലക്ഷങ്ങൾ

കൊയിലാണ്ടി: കുവൈറ്റിൽ മലയാളി യുവാവിന്റെ സത്യസന്ധതയിൽ ഈജിപ്തുകാരന് തിരിച്ചു കിട്ടിയത് ലക്ഷങ്ങൾ. കൊയിലാണ്ടി കൊല്ലം കുളപറമ്പിൽ ഹാഫിൽ ആണ് പ്രവാസി മലയാളികൾക്കും കൊല്ലം ദേശത്തിനും അഭിമാനമായത്. കുവൈറ്റിൽ ടാക്സി ഡ്രൈവറായി ജോലി ചെയ്യുകയാണ് ഹാഫിൽ. കഴിഞ്ഞ ദിവസം ടാക്സിയിൽ യാത്ര ചെയ്ത ഈജിപ്തുകാരനായ അബ്ദുൽ ഹലീം എന്നയാളുടെ ആയിരത്തിലധികം കുവൈറ്റ് ദിനാർ അടങ്ങുന്ന ബാഗ് വാഹനത്തിൽ വെച്ച് മറക്കുകയായിരുന്നു.
ഇയാൾക്ക് ശേഷം മറ്റു രണ്ട് പേർ ടാക്സിയിൽ യാത്ര ചെയ്തിരുന്നെങ്കിലും അവരുടെ ശ്രദ്ധയിൽ ബാഗ് പെടാതിരുന്നത് ഭാഗ്യമായെന്ന് ഹാഫിൽ പറഞ്ഞു. വണ്ടി പാർക്കിംഗിനായി നിർത്തിയപ്പോഴാണ് പിൻസീറ്റിൽ ബാഗ് ശ്രദ്ധയിൽ പെട്ടത്. പരിശോധനയിൽ വലിയ തുക അടങ്ങിയ ബാഗാണെന്ന് കണ്ടെത്തുകയും സ്യൂട്ട് കേയ്സിൽ നിന്നും ബന്ധപ്പെടാവുന്ന നമ്പർ കണ്ടെത്തുകയുമായിരുന്നു. തുടർന്ന് ഇയാളുടെ താമസസ്ഥലത്ത് എത്തി പണമടങ്ങിയ ബാഗ് കൈമാറുകയായിയിരുന്നു.
ജോലി ചെയ്യുന്ന കമ്പനിയുടെ കലക്ഷൻ തുകയായിരുന്നു നഷ്ടപ്പെട്ടിരുന്നത്. തുക തിരികെ എത്തിച്ച ഹാഫിലിനെ സന്തോഷത്താൽ വാരിപ്പുണർന്നു. പാരിതോഷികമായി ഹാഫിലിന് ഈജിപ്തി പൗരൻ ഒരു തുക നൽകിയെങ്കിലും സ്വീകരിക്കാൻ ഹാഫിൽ തയ്യാറായില്ല. ഇന്ത്യയുടെ രണ്ടര ലക്ഷത്തോളം വരുന്ന തുക തിരികെ നൽകാൻ കഴിഞ്ഞ സന്തോഷത്തിലാണ് ഹാഫിൽ. പരേതനായ കെ പി അബ്ദുർ റഹ് മാന്റെയും ഫാത്തിമയുടെയും മകനാണ്. ഭാര്യ: മുഫീദ .
