മരടിലെ ഫ്ളാറ്റുകള്‍ പൊളിക്കണം; വിധിയിലുറച്ച് സുപ്രീംകോടതി; റിട്ട് ഹര്‍ജി തള്ളി

ഡല്‍ഹി: കൊച്ചി മരടിലെ അഞ്ചു ഫ്ളാറ്റുകള്‍ പൊളിക്കണമെന്ന ഉത്തരവിനെതിരേ നല്കിയ റിട്ട് ഹര്‍ജി സുപ്രീംകോടി തള്ളി. ജീവിക്കാനുള്ള അവകാശം സ്ഥാപിച്ചു കിട്ടണമെന്നാവശ്യപ്പെട്ടു മരടിലെ ഫ്ളാറ്റുടമകള്‍ സമര്‍പ്പിച്ച ഹര്‍ജിയാണു തള്ളിയത്. ഫ്ളാറ്റുകള്‍ പൊളിക്കണമെന്ന ഉത്തരവില്‍ എല്ലാം വ്യക്തമാണെന്നു കോടതി പറഞ്ഞു. നിര്‍മാണത്തിന് അനുമതി നല്‍കിയവര്‍ക്കെതിരെ അന്വേഷണം വേണമെന്ന ആവശ്യവും കോടതി തള്ളി.
തീരദേശ പരിപാലന നിയമം ലംഘിച്ചെന്നു കണ്ടെ ത്തിയ മരടിലെ അഞ്ച് ഫ്ളാറ്റുകള്‍ ഒരു മാസത്തിനുള്ളില്‍ പൊളിച്ചു മാറ്റിയതിനു ശേഷം റിപ്പോര്‍ട്ട് നല്‍കാനായിരുന്നു ജസ്റ്റീസ് അരുണ്‍ മിശ്ര അധ്യക്ഷനായ ബെഞ്ച് മേയ് എട്ടിനു ഉത്തരവിട്ടത്. ഉത്തരവ് പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് ഫ്ളാറ്റ് ഉടമകള്‍ നല്കിയ ഹര്‍ജിയും സുപ്രീംകോടതി തള്ളി.

ഹോളിഡേ ഹെറിറ്റേജ്, ഹോളി ഫെയ്ത്ത്, ജെയിന് ഹൗസിംഗ്, കായലോരം അപ്പാര്‍ട്ട്മെന്റ്, ആല്‍ഫാ വെഞ്ചേഴ്സ് എന്നിവയാണ് പൊളിച്ചുനീക്കുന്നത്. റിവ്യൂ ഹര്‍ജികളും റിട്ട് ഹര്‍ജികളും തള്ളിയതോടെ നൂറിലധികം കുടുംബങ്ങള്‍ക്ക് ഫ്ളാറ്റുകള്‍ നഷ്ടപ്പെടുമെന്ന് ഉറപ്പായി.

കേരള തീരദേശ മേഖലാ നിയന്ത്രണ അഥോറിറ്റി അറിയാതെ 2006-07 ലാണ് മരട് പഞ്ചായത്ത് ഫ്ളാറ്റുകള്‍ക്ക് നിര്‍മാണാനുമതി നല്‍കിയത്. നിര്‍മാണങ്ങള്‍ക്ക് കര്‍ശനനിയന്ത്രണമുള്ള തീരദേശ നിയന്ത്രണ മേഖല- 3ല്‍ (സിആര്‍സെഡ്) ഉള്‍പ്പെട്ട പ്രദേശത്താണ് ഫ്ളാറ്റുകള്‍ നിര്‍മിച്ചിരിക്കുന്നത്. അനധികൃത നിര്‍മാണങ്ങള്‍ കാരണം ഇനിയും കേരളത്തിനു പ്രളയവും പേമാരിയും താങ്ങാനാവില്ലെന്നും കോടതി നിരീക്ഷിച്ചിരുന്നു.

