KOYILANDY DIARY.COM

The Perfect News Portal

മോഹനന്‍ വൈദ്യര്‍ക്കെതിരെ ഡോക്ടറുടെ പ്രതിഷേധം

തിരുവനന്തപുരം: മഞ്ഞംപിത്തം ബാധിച്ച ആളുടെ രക്തം കുടിക്കുന്ന വീഡിയോ ഫേസ് ബുക്കിലിട്ട മോഹനന്‍ വൈദ്യര്‍ക്കെതിരെ ഡോക്ടറുടെ പ്രതിഷേധം. ഇന്‍ഫോ ക്ലിനിക്കിലെ ഡോക്ടറായ ജിനേഷ് പി.എസ് ആണ് സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന വീഡിയോയ്‌ക്കെതിരെ കുറിപ്പുമായി രംഗത്ത് വന്നിരിക്കുന്നത്.

ഹെപ്പറ്റൈറ്റിസ് ബി പോസിറ്റീവ് റിസള്‍ട്ട് ലഭിച്ചു എന്ന് അവകാശപ്പെടുന്ന ആളുടെ രക്തം കുടിക്കുന്ന മോഹനന്‍ വൈദ്യരുടെ വീഡിയോ സോഷ്യല്‍ മീഡിയയിലൂടെ കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. എന്നാല്‍ വൈദ്യരുടെ പുതിയ വീഡിയോയ്‌ക്കെതിരെ ഡോക്ടര്‍ ജിനേഷ് പറയുന്നത് ഇങ്ങനെ.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം

Advertisements

അമൃത വിദ്യാലയത്തിലെ അധ്യാപകരും വിദ്യാര്‍ത്ഥികളും രക്ഷകര്‍ത്താക്കളും അറിയാന്‍, ഹെപ്പറ്റൈറ്റിസ് ബി പോസിറ്റീവ് റിസള്‍ട്ട് ലഭിച്ചു എന്നു പറയുന്ന ഒരു വ്യക്തിയുടെ രക്തം കുടിക്കുന്ന ഒരു വീഡിയോ, ശേഷം സ്വന്തം കയ്യില്‍ മുറിവുണ്ടാക്കി ആ വ്യക്തിയുടെ കയ്യിലെ രക്തം മുറിവില്‍ പറ്റിക്കുന്നു… മോഹനന്റെ ഏറ്റവും പുതിയ വീഡിയോ ആണ്.

വളരെ മാരകമായ സങ്കീര്‍ണതകള്‍ ഉണ്ടാക്കുന്ന ഒരു മഞ്ഞപ്പിത്തമാണ് ഹെപ്പറ്റൈറ്റിസ് ബി. സിറോസിസും Hepatocellular carcinoma-യും ഉണ്ടാവാന്‍ സാധ്യതയുണ്ട്. അതായത് സങ്കീര്‍ണതകള്‍ മൂലം മരണമടയാന്‍ സാധ്യത വളരെ കൂടുതലാണ് എന്ന്.

രോഗമുള്ള ഒരു വ്യക്തിയുടെ രക്തം മറ്റൊരാളുടെ ശരീരത്തില്‍ എത്തിയാല്‍ രോഗം പകരാന്‍ സാധ്യതയുണ്ട്. തീരെ ചെറിയ മുറിവുകളിലൂടെ പോലും പകരാവുന്ന രോഗമാണ്.

അങ്ങനെ രോഗമുള്ള ഒരാളുടെ ശരീരത്തിലെ രക്തം ഒരു വ്യക്തി സ്വന്തം ശരീരത്തില്‍ കയറ്റണമെങ്കില്‍ ഒന്നുകില്‍ അയാള്‍ കൃത്യമായ വാക്‌സിന്‍ സ്വീകരിച്ചിട്ടുണ്ടാവണം, അതായത് ഹെപ്പറ്റൈറ്റിസ് ബി വാക്‌സിന്‍. അതല്ലെങ്കില്‍ അയാള്‍ക്ക് എന്തെങ്കിലും മാനസിക അസുഖം ഉണ്ടാവണം.

അതെന്തെങ്കിലുമാവട്ടെ, അത് എന്റെ വിഷയമല്ല.

പക്ഷേ ഇങ്ങനെ അശാസ്ത്രീയതയും മണ്ടത്തരങ്ങളും പറയുന്ന ഒരാള്‍ ആരോഗ്യ വിഷയങ്ങളില്‍ വിദ്യാര്‍ഥികള്‍ക്കും മാതാപിതാക്കള്‍ക്കും ക്ലാസെടുക്കുന്നു എങ്കില്‍ അത് ചോദ്യം ചെയ്യാതിരിക്കാനാവില്ല.

കൂത്തുപറമ്ബ് അമൃത വിദ്യാലയത്തിലെ വിദ്യാര്‍ത്ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും കാന്‍സര്‍, പ്രമേഹം, രക്തസമ്മര്‍ദം, ഹെപ്പറ്റൈറ്റിസ്, നേത്രരോഗങ്ങള്‍, എച്ച്‌ ഐ വി തുടങ്ങിയ രോഗങ്ങളെ കുറിച്ച്‌ ക്ലാസെടുക്കുന്നു എന്നാണ് നോട്ടീസില്‍ പറഞ്ഞിരിക്കുന്നത്.

ഇത്രയധികം അശാസ്ത്രീയത പ്രചരിപ്പിക്കുന്ന ഒരാള്‍ സ്‌കൂള്‍ കുട്ടികള്‍ക്ക് ക്ലാസെടുക്കുന്നത് ഒട്ടും അഭിലഷണീയമല്ല. ശാസ്ത്ര അവബോധം പണം കൊടുത്തു വാങ്ങാന്‍ സാധിക്കില്ല. അത് ശരിയായ വിദ്യാഭ്യാസത്തിലൂടെ ലഭിക്കേണ്ടതാണ്. ശാസ്ത്ര അഭിരുചി വളര്‍ത്തുന്ന അധ്യാപകരാണ് അത് ചെയ്യേണ്ടത്.

വൈറസ് എന്ന ഒന്നില്ല, പുള്ളുവന്‍ പാട്ട് ആന്റിബയോട്ടിക് ആണ്, കദളിപ്പഴം കഴിച്ചാല്‍ കാന്‍സര്‍ മാറും എന്നൊക്കെ പുലമ്ബുന്ന ഒരാളെ വിളിച്ചുവരുത്തി ആരോഗ്യ വിഷയങ്ങളില്‍ ക്ലാസ്സെടുക്കുന്ന അധ്യാപകരുടെ തലച്ചോര്‍ പരിശോധിപ്പിക്കേണ്ടതുണ്ട്.

ആ അധ്യാപകരോട് ഒരഭ്യര്‍ത്ഥനയേയുള്ളൂ. ആ കുരുന്നുകളുടെ തലയില്‍ ചാണകം നിറയ്ക്കാന്‍ കൂട്ടുനില്‍ക്കരുത്. പേരിനെങ്കിലും സയന്‍സ് എന്തെന്ന് അറിയുന്ന ഒരധ്യാപകനെങ്കിലും നിങ്ങളുടെ കൂട്ടത്തില്‍ ഇല്ലേ ?

ദയവുചെയ്ത് നമ്മുടെ കുട്ടികളുടെ ശാസ്ത്ര അവബോധ സാധ്യത കുരുന്നിലേ നുള്ളരുത്.

Share news

Leave a Reply

Your email address will not be published. Required fields are marked *