KOYILANDY DIARY.COM

The Perfect News Portal

മേലടി കമ്യൂണിറ്റി ഹെൽത്ത് സെന്ററിനെതിരെ നടക്കുന്ന ആരോപണം അടിസ്ഥാനരഹിതം: കെ. ദാസൻ MLA

കൊയിലാണ്ടി: മേലടി കമ്യൂണിറ്റി ഹെൽത്ത് സെന്ററിനെതിരെ നടക്കുന്ന ആരോപണം വസ്തുതക്ക് നിരക്കാത്തതാണെന്ന് കെ. ദാസൻ എം.എൽ.എ. കൊയിലാണ്ടിയുടെ സമഗ്ര വികസനമാണ് ഈ മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന നിയമസഭാംഗം എന്ന നിലയിൽ  ലക്ഷ്യ വെക്കുന്നതെന്നും മേലടി സിഎച്ച്സിയെ മാറ്റി നിർത്തുന്ന പ്രശ്നം ഉദിക്കുന്നില്ലെന്നും എം.എൽ.എ. പറഞ്ഞു.
ആരോഗ്യമേഖലയിൽ ബഹുമുഖമായ ഇടപെടലുകൾ നടത്തി മുന്നേറുന്ന പിണറായി സർക്കാറിന്റെ പിന്തുണ ഇക്കാര്യത്തിൽ നമുക്കുണ്ടാകുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി നിയമസഭയിൽ  ഉന്നയിച്ച സബ്മിഷന് മറുപടിയായി അറിയിച്ചിട്ടുമുണ്ട്. ഈ ആരോഗ്യ കേന്ദ്രം ആർദ്രം പദ്ധതിയിൽ ഉൾപ്പെടുത്തി കിടത്തി ചികിത്സാ കേന്ദ്രമാക്കി ഉയർത്തണമെന്നാണ് സബ്മിഷനിലൂടെ  ഉന്നയിച്ചത്. ഫാമിലി ഹെൽത്ത് സെന്റർ ആക്കി ഉയർത്തി മതിയായ ഡോക്ടർമാരുടെയും അനുബന്ധ സ്റ്റാഫംഗങ്ങളുടെയും സേവനം ലഭ്യമാക്കുന്ന കാര്യം സർക്കാർ പരിഗണനയിലാണ്. ഇക്കാര്യം നേടിയെടുക്കുന്നതിന് സർക്കാറിൽ  പരമാവധി സമ്മർദ്ദം ചെലുത്തുകയും ചെയ്യും.
മേലടി ആശുപത്രിയുടെ വികസനവും ഭാവിപ്രവർത്തനങ്ങളും വിലയിരുത്തുന്നതിന് മുൻകൈ എടുത്ത്കൊണ്ട് വിളിച്ചു ചേർത്ത ആശുപത്രി വികസന സമിതി യോഗത്തിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന പരിശോധനാ സംവിധാനം ഏർപ്പെടുത്താൻ തീരുമാനിച്ചിരുന്നു. ഡിഎംഒയും എൻഎച്ച്എമ്മും ആവശ്യമായ പിന്തുണ നൽകാമെന്ന് സമ്മതിക്കുകയും ചെയ്തതാണ്.  ഇതിന്റെ അടിസ്ഥാനത്തിൽ ഒരു ഡോക്ടറെയും നേഴ്സിനെയും നിയമിക്കാൻ ധാരണയായതുമാണ്. 2019 ജനുവരി 1ന് 24 മണിക്കൂർ പ്രവർത്തനക്ഷമമാകുന്ന ആശുപത്രി സംവിധാനത്തിന്റെ ഉദ്ഘാടനവും നിശ്ചയിച്ചിരുന്നു. ആശുപത്രി അധികൃതരുടെ അനാസ്ഥ മൂലം ഇതിന് ആവശ്യമായ സജ്ജീകരണം ഒരുക്കാത്തതാണ് ഇപ്പോഴുള്ള തടസ്സം. ഇക്കാര്യം ബന്ധപ്പെട്ടവരുടെ ശ്രദ്ധയിൽപ്പെടുത്തി ഉചിതമായ തീരുമാനമുണ്ടാക്കുന്നതിന്  തുടർ പരിശ്രമങ്ങളുണ്ടാകുമെന്ന് എം.എൽ.എ. പറഞ്ഞു.
ഭൗതിക സൗകര്യ വികസന കാര്യത്തിൽ വിശദമായ പoനം നടത്തി സമഗ്രമായ മാസ്റ്റർ പ്ലാൻ തയ്യാറാക്കാൻ  നിർദ്ദേശിച്ചിട്ടുണ്ട്. ആശുപത്രി വികസന സമിതി ഇക്കാര്യത്തിൽ സജീവമായി ഇടപെട്ട് പ്രവർത്തനങ്ങൾ നടത്തിവരികയാണ്. മാസ്റ്റർ പ്ലാനിന്റെ അടിസ്ഥാനത്തിൽ മുൻഗണനാടിസ്ഥാനത്തിൽ ധനസഹായം ലഭ്യമാക്കുന്നതിന് എംഎൽഎ എന്ന നിലയിൽ മുൻകൈ എടുക്കുകയും ചെയ്യും. മറിച്ചുള്ള പ്രചരണങ്ങൾ രാഷ്ട്രീയപ്രേരിതമായി കണക്കാക്കി അവഗണിക്കണമെന്നും കൊയിലാണ്ടിയുടെ വികസന കാര്യത്തിൽ രാഷ്ട്രീയത്തിന് അതീതമായി എല്ലാവരും ഒരുമിച്ച് നിൽക്കണമെന്നും കെ. ദാസൻ എം.എൽ.എ. അറിയിച്ചു.
Share news

Leave a Reply

Your email address will not be published. Required fields are marked *