മെഡിക്കല്‍ കോളേജില്‍ പെണ്‍കുട്ടികള്‍ക്കുള്ള ഹോസ്റ്റല്‍ നിര്‍മാണം പൂര്‍ത്തിയായി

കോഴിക്കോട് : മെഡിക്കല്‍ കോളേജില്‍ പെണ്‍കുട്ടികള്‍ക്കുള്ള ഹോസ്റ്റല്‍ നിര്‍മാണം പൂര്‍ത്തിയായി. മൂന്നു നിലകളിലായി 125 മുറികളാണുള്ളത്. ഒരു മുറിയില്‍ രണ്ടു കുട്ടികള്‍വീതം 250 കുട്ടികള്‍ക്ക് താമസിക്കാനാവും.
റീഡിങ് റൂം, റിക്രിയേഷന്‍ റൂം, ഡൈനിങ് ഹാള്‍, അടുക്കള എന്നിവ പൊതുവായും ടോയ്ലറ്റ് ബ്ളോക്ക് ഓരോ നിലയിലുമായും സജ്ജീകരിച്ചിട്ടുണ്ട്. ഒമ്പതര കോടി രൂപയാണ് നിര്‍മാണ ചെലവ്. കാലപ്പഴക്കംകൊണ്ട് ജീര്‍ണാവസ്ഥയിലായ ഹോസ്റ്റലിലാണ് ഇപ്പോള്‍ കുട്ടികള്‍ താമസിക്കുന്നത്. കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് രണ്ട് ഹോസ്റ്റല്‍ ബ്ളോക്കുകള്‍ നിര്‍മിച്ചിരുന്നു. പുതിയ ബ്ളോക്കുകൂടി തുറന്നുകൊടുക്കുന്നതോടെ ഇതുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ക്ക് പരിഹാരമാകും.

കള്ളിക്കുന്നില്‍ 13 കോടി ചെലവില്‍ നിര്‍മിക്കുന്ന പി ജി റസിഡന്‍സ് ഹോസ്റ്റലിന്റെ നിര്‍മാണ പ്രവര്‍ത്തനം അവസാന ഘട്ടത്തിലാണ്. 60 കുടുംബത്തിന് താമസിക്കാനുള്ള സൌകര്യം ഇവിടെയുണ്ട്. ബെഡ് റൂം, സ്റ്റഡി റൂം, ഡ്രോയിങ് കം ഡൈനിങ് ഹാള്‍, കിച്ചന് എന്നിവ ഉള്‍പ്പെടുന്നതാണ് ഓരോ വിഭാഗവും. റൊക്കോര്‍ഡ് വേഗത്തിലാണ് കെട്ടിടത്തിന്റെ നിര്‍മാണ പ്രവര്‍ത്തനം പൂര്‍ത്തീകരിച്ചത്. നിര്‍മാണ കേന്ദ്ര മഞ്ചേരിയാണ് കെട്ടിടം നിര്‍മിച്ചത്. പിഡബ്ള്യുഡി മെഡിക്കല്‍ കോളേജ് സ്പെഷ്യല്‍ ബില്‍ഡിങ്സ് സെക്ഷനാണ് നിര്‍മാണ ചുമതല.

