മുകേഷ് സഹായിച്ചു; അനില്‍ അംബാനി 462 കോടി കടം വീട്ടി, ജയില്‍ശിക്ഷ ഒഴിവാക്കി

ന്യൂഡല്‍ഹി : സ്വീഡിഷ് ടെലികോം കമ്ബനി എറിക്സണിനു നല്‍കാനുള്ള 571 കോടി രൂപയില്‍ 462 കോടിരൂപ അനില്‍ അംബാനിയുടെ റിലയന്‍സ് കമ്യൂണിക്കേഷന്‍സ് അടച്ചു. ജേഷ്ഠന് മുകേഷ് അംബാനിയാണ് പണം നല്കി സഹായിച്ചത്.
കോടതിയലക്ഷ്യ കേസില്‍ ജയില്‍ശിക്ഷ ഒഴിവാകണമെങ്കില്‍ നാലാഴ്ചയ്ക്കുള്ളില്‍ 450 കോടിരൂപ എറിക്സണ് നല്‍കണമെന്ന് സുപ്രീംകോടതി കഴിഞ്ഞമാസം റിലയന്‍സ് കമ്യൂണിക്കേഷന്‍സ് ഡയറക്ടര്‍മാരോട് നിര്‍ദേശിച്ചിരുന്നു. റിലയന്‍സ് കമ്യൂണിക്കേഷന്‍സിനെ പാപ്പരായി പ്രഖ്യാപിക്കണമെന്ന അനില്‍ അംബാനിയുടെ ഹര്‍ജി തള്ളിയായിരുന്നു കോടതിയുടെ നിര്‍ദേശം.

സുപ്രീംകോടതി രണ്ടുതവണ ഉത്തരവിട്ടിട്ടും എറിക്സണ് നല്‍കാനുള്ള 571 കോടിരൂപ റിലയന്‍സ് നല്‍കിയിരുന്നില്ല. ഇതേത്തുടര്‍ന്നാണ് റിലയന്‍സിനെതിരെ കോടതിയലക്ഷ്യ നടപടി സ്വീകരിച്ചത്.
പണം തിരിച്ചടയ്ക്കുന്നതുവരെ അനില്‍ അംബാനിയെ ജയിലില്‍ അടയ്ക്കണമെന്നും റിലയന്‍സ് കമ്യൂണിക്കേഷന്‍സിന്റെയും അനുബന്ധ കമ്ബനികളുടെയും തലപ്പത്തുള്ളവരുടെ വിദേശയാത്രയ്ക്ക് വിലക്കേര്‍പ്പെടുത്തണമെന്നും എറിക്സണ് ആവശ്യപ്പെട്ടിരുന്നു.

