മാലിന്യം വലിച്ചെറിയുന്നവരെ പിടിക്കാന്‍ സിസിടിവി ക്യാമറ സ്ഥാപിച്ചുതുടങ്ങി

കോഴിക്കോട് > പൊതുസ്ഥലത്ത് മാലിന്യം വലിച്ചെറിയുന്നവരെ പിടിക്കാന്‍ നഗരസഭയുടെ ക്യാമറക്കണ്ണുകള്‍ സജ്ജം. വീട്ടിലും കടകളിലും മറ്റുമുള്ള മാലിന്യം ആളൊഴിഞ്ഞ സ്ഥലങ്ങളില്‍ വലിച്ചെറിയുന്നവരെ പിടിക്കാന്‍ സിസിടിവി ക്യാമറ സ്ഥാപിച്ചുതുടങ്ങി. 63–ാം വാര്‍ഡിലെ കെ പി ചന്ദ്രന് റോഡില്‍ ക്യാമറ സ്ഥാപിച്ച് പദ്ധതി മേയര്‍ തോട്ടത്തില്‍ രവീന്ദ്രന് ഉദ്ഘാടനം ചെയ്തു.
നഗരസഭയുടെ നേതൃത്വത്തിലാണ് വിവിധ സംഘടനകളുടെയും വ്യാപാരികളുടെയും സഹകരണത്തോടെ ക്യാമറകള്‍ ഒരുക്കുന്നത്. നഗരത്തില്‍ മാലിന്യം തള്ളുന്ന സ്ഥലങ്ങളിലെല്ലാം ക്യാമറ സ്ഥാപിക്കും. പിടിക്കപ്പെടുന്നവര്‍ക്ക് പിഴ അടക്കം കടുത്ത ശിക്ഷ ഉറപ്പാക്കും. വാഹനങ്ങള്‍ കണ്ടുകെട്ടാനും തീരുമാനമുണ്ട്. കൂടുതല്‍ ക്യാമറകള്‍ സ്ഥാപിക്കാന്‍ റസിഡന്റ്സ് അസോസിയേഷനുകളോട് ആവശ്യപ്പെടും. പൊലീസിന്റെ സഹായത്തോടെ രാത്രികാല പട്രോളിങ് ശക്തമാക്കും.

രാത്രിയും പകലും റെക്കോര്‍ഡ് ചെയ്യാന്‍ പറ്റുന്ന നാല് ക്യാമറകളാണ് സ്ഥാപിച്ചത്. ഒരു മാസംവരെ വിവരങ്ങള്‍ സൂക്ഷിച്ചുവയ്ക്കാനും കഴിയും. ഉദ്ഘാടന ചടങ്ങില്‍ പൊതുമരാമത്ത് സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ടി വി ലളിതപ്രഭ അധ്യക്ഷയായി. അഡ്വ. മഞ്ചേരി സുന്ദര്‍രാജ്, പി വി അനൂപ്കുമാര്‍, ശ്രീനിവാസന്, സുരേഷ്കുമാര്‍, പ്രേമരാജന്‍ എന്നിവര്‍ സംസാരിച്ചു. രതീഷ്കുമാര്‍ സ്വാഗതവും പി ടി സദാനന്ദന് നന്ദിയും പറഞ്ഞു.

മാലിന്യസംസ്കരണത്തിനായി വിവിധ പദ്ധതികളാണ് നഗരത്തില്‍ നടപ്പാക്കുന്നത്. എയറോബിക് ബിന്‍ എന്ന സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള ഉറവിട മാലിന്യസംസ്കരണ പദ്ധതി ആദ്യഘട്ടത്തില്‍ തിരുത്തിയാട്, എരഞ്ഞിപ്പാലം, നടക്കാവ്, ചക്കോരത്ത്കുളം, അത്താണിക്കല്‍, കാരപ്പറമ്പ് വാര്‍ഡുകളിലാണ് നടപ്പാക്കുന്നത്. പിന്നീട് മറ്റ് വാര്‍ഡുകളിലേക്കും വ്യാപിപ്പിക്കും. സെന്റര്‍ ഫോര്‍ റിസര്‍ച്ച് ആന്‍ഡ് ഡെവലപ്പ്മെന്റ് ഇന്‍ ഹെല്‍ത്ത് ഹൈജീന്‍ ആന്‍ഡ് എന്‍വയണ്‍മെന്റ് (സിആര്ഡിഎച്ച്എച്ച്ഇ) എന്ന സന്നദ്ധ സംഘടനയുമായി ചേര്‍ന്നാണ് പദ്ധതി ആവിഷ്കരിച്ചത്.

