KOYILANDY DIARY.COM

The Perfect News Portal

മലാപ്പറമ്പ് എയുപി സ്കൂളും പാലാട്ട് എയുപി സ്കൂളും ഇനി സര്‍ക്കാര്‍ സ്കൂളാകും

കോഴിക്കോട് > പൊതുവിദ്യാലയങ്ങള്‍ സംരക്ഷിക്കുമെന്ന പ്രഖ്യാപനം എല്‍ഡിഎഫ് സര്‍ക്കാര്‍ യാഥാര്‍ഥ്യമാക്കി. എയ്ഡഡ് മാനേജ്മെന്റിനു കീഴിലുള്ള മലാപ്പറമ്പ് എയുപി സ്കൂളും പാലാട്ട് എയുപി സ്കൂളും ഇനി സര്‍ക്കാര്‍ സ്കൂളാകും. ലാഭകരമല്ലെന്ന കാരണത്താല്‍ പൂട്ടിയ സ്കൂളുകള്‍ ഏറ്റെടുക്കാനുള്ള  മന്ത്രിസഭാ തീരുമാനത്തിന് നിയമസഭ അംഗീകാരം നല്‍കിയതോടെയാണ്  ഈ പൊതുവിദ്യാലയങ്ങള്‍ക്ക് സര്‍ക്കാര്‍ സംരക്ഷണമായത്. റിയല്‍ എസ്റ്റേറ്റ് താല്‍പര്യം മുന്‍നിര്‍ത്തി സ്കൂള്‍ പൂട്ടിയ മാനേജര്‍മാര്‍ക്കുള്ള മറുപടികൂടിയായി മന്ത്രിസഭാ തീരുമാനം.
കഴിഞ്ഞ ജൂണ്‍ എട്ടിനാണ് മലാപ്പറമ്പ് സ്കൂള്‍ പൂട്ടിയത്. തുടര്‍ന്ന് സ്കൂള്‍ കലക്ടറേറ്റിലെ എന്‍ജിനിയേഴ്സ് കോണ്‍ഫറന്‍സ് ഹാളിലേക്ക് മാറ്റി. പാലാട്ട് സ്കൂള്‍ തിരുവണ്ണൂരിലെ യുആര്‍സിയിലും സമീപത്തെ തിരുവണ്ണൂര്‍ ഗവ. യുപിയിലുമായാണ് പ്രവര്‍ത്തിക്കുന്നത്. ഏറ്റെടുക്കല്‍ നടപടി മന്ത്രിസഭ അംഗീകരിച്ചതോടെ സ്കൂളുകള്‍ നേരത്തെയുള്ള കെട്ടിടത്തില്‍തന്നെ പ്രവര്‍ത്തിക്കാനുള്ള സാഹചര്യമാണ് ഒരുങ്ങുന്നത്.
മന്ത്രിസഭാ തീരുമാനം സര്‍ക്കാര്‍ ഉത്തരവായി ഇറങ്ങിയശേഷം സ്കൂള്‍ ഏറ്റെടുക്കാന്‍ വിജ്ഞാപനമിറങ്ങും. ഭൂമിയുടെയും കെട്ടിടത്തിന്റെയും വില കണക്കാക്കി കലക്ടര്‍ സര്‍ക്കാരിന് റിപ്പോര്‍ട് സമര്‍പ്പിക്കണം. ഇതിന്റെ അടിസ്ഥാനത്തില്‍ നിശ്ചിത വില നല്‍കുന്നതോടെ സ്കൂള്‍ സര്‍ക്കാര്‍ ഏറ്റെടുക്കല്‍ പ്രക്രിയ പൂര്‍ത്തിയാകും. സ്കൂള്‍ ഏറ്റെടുക്കാന്‍ തീരുമാനിച്ചപ്പോഴേ ഇതു സംബന്ധിച്ച നടപടിക്രമങ്ങളും പൂര്‍ത്തിയായിട്ടുണ്ട്. അതിനാല്‍  സര്‍ക്കാര്‍ വിജ്ഞാപനമിറങ്ങുന്ന മുറയ്ക്ക് സ്കൂള്‍ ഏറ്റെടുക്കല്‍ നടപടി ആരംഭിക്കാനാകും. മാനേജര്‍മാര്‍ നിയമ നടപടിയുമായി മുന്നോട്ടു പോയാലും സ്കൂള്‍ ഏറ്റെടുക്കുന്നതിന് തടസ്സമുണ്ടാകില്ലെന്നാണ് അറിയുന്നത്. സ്ഥലത്തിന്റെ വില നിര്‍ണയം സംബന്ധിച്ച് മാത്രമാകും ഉടമകള്‍ക്ക് കോടതിയെ സമീപിക്കാനാവുക.

സ്കൂള്‍ പൂട്ടണമെന്ന ഹൈക്കോടതി വിധിക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ സമര്‍പ്പിച്ച ഹര്‍ജി സുപ്രീംകോടതി തള്ളിയതോടെയാണ് സ്കൂളുകള്‍ക്ക് താഴു വീണത്. എന്നാല്‍, പൂട്ടിയ സ്കൂളുകള്‍ ഏറ്റെടുക്കാന്‍ അടുത്ത ദിവസം ചേര്‍ന്ന മന്ത്രിസഭാ യോഗം തീരുമാനിച്ചു. നിയമപരവും സാങ്കേതികവുമായ നടപടിക്രമം പൂര്‍ത്തിയാക്കിയാണ് കഴിഞ്ഞ ദിവസം ചേര്‍ന്ന നിയമസഭ, മന്ത്രിസഭാ തീരുമാനം അംഗീകരിച്ചത്. കോഴിക്കോട്ടെ രണ്ട് സ്കൂളുകള്‍ക്കു പുറമെ മലപ്പുറം ജില്ലയിലെ കൊണ്ടോട്ടി മങ്ങാട്ടുമുറി, തൃശൂര്‍ ജില്ലയിലെ കിരാലൂര്‍ എന്നീ സ്കൂളുകളാണ് സര്‍ക്കാര്‍ ഏറ്റെടുക്കുക. വിദ്യാലയങ്ങള്‍ ഏറ്റെടുക്കുന്നത് കടുത്ത സാമ്പത്തികബാധ്യത ഉണ്ടാക്കുമെങ്കിലും പൊതുവിദ്യാലയങ്ങളെ സംരക്ഷിക്കുകയെന്ന നയം നടപ്പാക്കുന്നതിന്റെ ഭാഗമായാണ് സര്‍ക്കാര്‍ ഇവ ഏറ്റെടുത്തത്. ലാഭകരമല്ലാത്ത സ്കൂളുകള്‍ അടച്ചുപൂട്ടുന്നത് തടയാന്‍ നിയമ ഭേദഗതിക്കും സര്‍ക്കാര്‍ ശ്രമിക്കുന്നുണ്ട്.

മലാപ്പറമ്പ് സ്കൂളില്‍ 60 വിദ്യാര്‍ഥികളും എട്ട് അധ്യാപകരും ഒരു അറ്റന്‍ഡറുമാണുള്ളത്. 17 കുട്ടികളും നാല് അധ്യാപകരും ഒരു അറ്റന്‍ഡറുമാണ് പാലാട്ട് സ്കൂളിലുള്ളത്. സ്കൂള്‍ സര്‍ക്കാര്‍ ഏറ്റെടുത്ത് ഉത്തരവിറങ്ങിയാല്‍ വിദ്യാലയ മുറ്റത്തേക്ക് മടങ്ങാനാവുമെന്ന പ്രതീക്ഷയിലാണ് അധ്യാപകരും വിദ്യാര്‍ഥികളും.

Advertisements
Share news