KOYILANDY DIARY.COM

The Perfect News Portal

മത്സ്യത്തൊഴിലാളികൾക്കുളള ഫ്‌ളാറ്റ് സമുച്ചയം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു

തിരുവനന്തപുരം: തലസ്ഥാനനഗരത്തിലെ കടലോരത്തെ മേഖലയിലെ 192 മത്സ്യത്തൊഴിലാളി കുടുംബങ്ങള്‍ ഇനി സുരക്ഷിതവും സൗകര്യപ്രദവുമായ താമസസമുച്ചയത്തിലേക്ക്. തിരുവനന്തപുരം ജില്ലയിലെ പുനരധിവാസ ക്യാമ്പുകളില്‍ കഴിഞ്ഞിരുന്ന നാലു മത്സ്യഗ്രാമങ്ങളിലെ കുടുംബങ്ങളെ പുനരധിവസിപ്പിക്കാനാണ് സുരക്ഷിതമേഖലയില്‍ ‘പ്രതീക്ഷ’ എന്ന പേരില്‍ ഫ്‌ളാറ്റ് സമുച്ചയം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തത്.

വലിയതുറ, ചെറിയതുറ, വലിയതോപ്പ്, കൊച്ചുതോപ്പ് എന്നിവിടങ്ങളിലെ കുടുംബങ്ങളാണ് ഗുണഭോക്താക്കള്‍. 2017 ജനുവരിയില്‍ മുഖ്യമന്ത്രിയാണ് സമുച്ചയത്തിന് തറക്കല്ലിട്ടത്.തിരുവനന്തപുരം കോര്‍പറേഷന്‍ പരിധിയിലെ 192 മത്സ്യത്തൊഴിലാളി കുടുംബങ്ങള്‍ക്കു വേണ്ടിയാണ് മുട്ടത്തറ വില്ലേജില്‍ ക്ഷീരവികസന വകുപ്പില്‍നിന്ന് ലഭിച്ച മൂന്നര ഏക്കര്‍ സ്ഥലത്ത് കെട്ടിടനിര്‍മാണം പൂര്‍ത്തിയാക്കിയത്. എട്ടു ഫ്‌ളാറ്റുകള്‍ അടങ്ങുന്ന 24 ഇരുനില ബ്‌ളോക്കുകളായാണ് സമുച്ചയം ഒരുക്കിയിരിക്കുന്നത്.

540 ചതുരശ്ര അടി വിസ്തീര്‍ണമുള്ള ഓരോ വ്യക്തിഗത ഫ്‌ളാറ്റിലും ഒരു ഹാള്‍, രണ്ടു കിടപ്പുമുറികള്‍, അടുക്കള, ടോയ്‌ലറ്റ് എന്നിവയും അടിസ്ഥാന സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്.ഇതോടൊപ്പം ഫ്‌ളാറ്റ് സമുച്ചയത്തില്‍ 2.25 കോടി രൂപ അടങ്കലില്‍ ചുറ്റുമതില്‍, തറയോട് പാകല്‍, ഡ്രെയിനേജ് സംവിധാനം, പമ്പ് ഹൗസ് നിര്‍മാണം, സ്വീവേജ് ടാങ്ക് നിര്‍മാണം എന്നിവ ഹാര്‍ബര്‍ എഞ്ചിനീയറിംഗ് വകുപ്പ് മുഖേന പൂര്‍ത്തിയാക്കിയിട്ടുണ്ട്. സമുച്ചയത്തോടനുബന്ധിച്ച്‌ തൊഴില്‍ പരിശീലന ഹാളും ആരംഭിക്കുന്നുണ്ട്.

Advertisements

ഫിഷറീസ് വകുപ്പിന്റെ ഫണ്ട് ഉപയോഗിച്ച്‌ സംസ്ഥാന തീരദേശവികസന കോര്‍പറേഷന്റെ നേതൃത്വത്തില്‍ ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്‌ട് കോ-ഓപറേറ്റീവ് സൊസൈറ്റിയാണ് 17.937 കോടി രൂപ അടങ്കല്‍ വരുന്ന കെട്ടിട സമുച്ചയം നിര്‍മിച്ചത്. ഭവന സമുച്ചയത്തിനൊപ്പം കമ്യൂണിറ്റി ഹാളിന്റെയും തീരമാവേലി സ്‌റ്റോര്‍ കെട്ടിടത്തിന്റെയും അങ്കണവാടി കെട്ടിടത്തിന്റെയും തറക്കല്ലിടലും ഉദ്ഘാടനച്ചടങ്ങിനോടനുബന്ധിച്ച്‌ നടന്നു.

Share news

Leave a Reply

Your email address will not be published. Required fields are marked *