മത്സ്യക്ഷാമം രൂക്ഷമായതോടെ മാസങ്ങളോളം പഴക്കമുള്ള മീനുകള്‍ വിപണിയില്‍ സുലഭം

തിരുവനന്തപുരം: സംസ്ഥാനത്ത് മീന്‍ ക്ഷാമം കനത്തതോടെ മീന്‍ വിലയില്‍ വന്‍ വര്‍ദ്ധനവ്. അയക്കൂറ, ആവോലി , മത്തി, അയല എന്നിവക്ക് ഇരട്ടിയിലേറെ വിലകൂടി. സാധാരണക്കാരുടെ മത്സ്യമായ മത്തിയുടേയും അയലയുടേയും വില സര്‍വ്വകാല റെക്കോര്‍ഡിലാണ്. 120 രൂപയില്‍ നിന്ന് മത്തിക്ക് 200ഉം, 140ല്‍ നിന്ന് അയല വില 280ലുമെത്തി.മീന്‍ വില കൂടിയതോടെ മാംസ വിപണിയില്‍ തിരക്കു കൂടിയിട്ടുണ്ട്.
മാസങ്ങളോളം പഴക്കമുള്ള മത്സ്യങ്ങളും കേരളത്തിലെ മാര്‍ക്കറ്റുകളില്‍ സുലഭമെന്നാണ് റിപ്പോര്‍ട്ടുകള്‍. മറ്റ് സംസ്ഥാനങ്ങളില്‍ രാസവസ്തുക്കള്‍ ചേര്‍ത്ത് മാസങ്ങളോളം ഫ്രീസറില്‍ കേടുകൂടാതെ സൂക്ഷിക്കുന്ന മത്സ്യമാണ് ഇപ്പോള്‍ മാര്‍ക്കറ്റുകളില്‍ സുലഭമായി ലഭിക്കുന്നത്.ആന്ധ്ര, കര്‍ണാടക, തമിഴ്നാട് എന്നിവിടങ്ങളില്‍ നിന്നാണു ‘ഫ്രോസന്‍ മത്സ്യങ്ങള്‍’ എത്തുന്നത്. ചുഴലിക്കാറ്റിന്റെയും പേമാരിയുടെയും പശ്ചാത്തലത്തില്‍ കേരളത്തിലെ പ്രധാന മത്സ്യവില്പന കേന്ദ്രങ്ങളായ കൊച്ചി, മുനമ്ബം, കൊല്ലം, നീണ്ടകര, വിഴിഞ്ഞം എന്നിവിടങ്ങളില്‍ ആഴക്കടല്‍ മത്സ്യങ്ങളുടെ ലഭ്യത കുറഞ്ഞതാണു കാരണം. അതോടെ കൊച്ചുവള്ളങ്ങളില്‍ പോയി മീന്‍ പിടിച്ച് രാവിലെ എത്തുന്ന മത്സ്യത്തൊഴിലാളികളുടെ മത്സ്യങ്ങള്‍ മാത്രമാണുള്ളത്. ഇവരില്‍ നിന്ന് അമിതവില നല്‍കിയാണു കച്ചവടക്കാര്‍ മത്സ്യം വാങ്ങുന്നത്.

ഇതരസംസ്ഥാനങ്ങളില്‍ നിന്നും എത്തുന്ന മാസങ്ങള്‍ പഴക്കമുള്ള മത്സ്യത്തിന് താരതമ്യേന വിലക്കുറവാണ് എന്നതാണ് ഉപഭോക്താക്കളെ ഇതിലേക്ക് ആകര്‍ഷിക്കുന്ന പ്രധാന ഘടകം. ഓലക്കൊടി, കേര, മോദ തുടങ്ങിയ മത്സ്യങ്ങള്‍ക്ക് 400 രൂപ മുതല്‍ 600 രൂപ വരെ കിലോയ്ക്ക് വില നല്‍കണം. എന്നാല്‍ ആന്ധ്ര, കര്‍ണാടക, തമിഴ്നാട് എന്നിവിടങ്ങളില്‍ നിന്ന് എത്തുന്ന മാസങ്ങളും വര്‍ഷങ്ങളും പഴക്കമുള്ള മീനുകള്‍ക്ക് കിലോയ്ക്ക് 250 രൂപ മുതല്‍ 280 രൂപ വരെ നല്കിയാല് മതി. തമിഴ്നാട്ടില്‍ ഇപ്പോള്‍ ട്രോളിങ് നിരോധനമാണ്. കേരളത്തില്‍ ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തില്‍ മീന്‍പിടിത്തത്തിനു നിരോധനം വന്നതു മുതലെടുത്താണു ഫ്രീസറില്‍ രാസപദാര്ഥങ്ങളിട്ടു സൂക്ഷിച്ചിരിക്കുന്ന മത്സ്യങ്ങള്‍ വില്പനയ്ക്ക് എത്തിക്കുന്നത്. കായല്‍ മീനിനും ക്ഷാമമാണ്.

എന്നാല്‍, ഇത്തരത്തില്‍ മീനുകള്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും എത്തുന്നതായി അറിയില്ലെന്നാണ് അധികൃതരുടെ വാദം. ഇത് സംബന്ധിച്ച് ഇതുവരെ പരാതികളൊന്നും ലഭിച്ചിട്ടില്ലെന്നും പരാതി ലഭിച്ചാല്‍ ്അന്വേഷിക്കാം എന്നുമാണ് ഉദ്യോഗസ്ഥരുടെ നിലപാട്.

തണ്ണീര്‍മുക്കം ബണ്ടിന്റെ ഷട്ടറുകള്‍ തുറന്നു രണ്ടാഴ്ച വരെ കുട്ടനാട് മോഖലയില്‍ കായല്‍ മീനുകളുടെ ലഭ്യത കൂടാറാണു പതിവ്. ഈ വര്‍ഷം ഷട്ടറുകള്‍ തുറന്നിട്ടും മീനുകള്‍ വേണ്ടത്ര കിട്ടിയില്ലെന്നാണ് ഉല്നാടന് മത്സ്യത്തൊഴിലാളികള്‍ പറയുന്നത്. കഴിഞ്ഞ വര്‍ഷം ഷട്ടര്‍ തുറന്ന സമയത്തു ദിവസം 150 കിലോ കരിമീന്‍ വരെ സംഘത്തിലെ തൊഴിലാളികള്‍ക്കു കിട്ടിയിരുന്നു. എന്നാല്‍ ഇത്തവണ 50 കിലോ കരിമീന്‍ പോലും കിട്ടുന്നില്ലെന്നും ഇവര്‍ പറയുന്നു.
മീന്‍ ക്ഷാമം രൂക്ഷമായതോടെ കായല്‍ മീനുകളുടെ വിലയും ഉയര്‍ന്നു. കരിമീനാണു വിലവര്‍ധനയില്‍ മുന്നില്‍. വെസ്റ്റ് ഉള്‍നാടന്‍ മത്സ്യത്തൊഴിലാളി സഹകരണ സംഘത്തില്‍ കരിമീനിനു കിലോയ്ക്കു 10 രൂപ മുതല്‍ 20 രൂപ വരെ വില കൂടി. 250 ഗ്രാമിനു മുകളിലുള്ള എ പ്ലസ് കരിമീനിന് 480 രൂപയില്‍ നിന്നു 500 രൂപയായി വില ഉയര്‍ന്നു. എ ഗ്രേഡ് കരിമീനിന് 450 രൂപയില്‍ നിന്നു 460, ബി ഗ്രേഡിനു 350ല്‍ നിന്നു 360 വീതം രൂപയായി കൂടി. മുരശിന് 220 ല്‍ നിന്നു 230 രൂപയായി. മത്സ്യച്ചന്തകളില്‍ വിവിധ ഇനം കരിമീനിന് 600, 550, 400 രൂപയാണു വില. മുരശിനു കിലോയ്ക്കു 260 രൂപയുമാണു പൊതുമാര്‍ക്കറ്റിലെ വില.
