മണ്ഡലമഹോത്സവത്തിനു തുടക്കംകുറിച്ച് ശബരിമല ക്ഷേത്രനട ഇന്ന് തുറക്കും

ശബരിമല: മണ്ഡലമഹോത്സവത്തിനു തുടക്കംകുറിച്ച് ശബരിമല ശ്രീധര്‍മശാസ്താ ക്ഷേത്രനട ഇന്ന് തുറക്കും. വൈകുന്നേരം അഞ്ചിന് മേല്‍ശാന്തി എസ്.ഇ.ശങ്കരന്‍ നമ്പൂതിരി, തന്ത്രി കണ്ഠര് രാജീവരുടെ സാന്നിധ്യത്തില്‍ നടതുറന്ന് ദീപം തെളിക്കും. തുടര്‍ന്ന് മേല്‍ശാന്തി പതിനെട്ടാംപടി ഇറങ്ങി ആഴി തെളിക്കും.
സന്നിധാനത്തെയും മാളികപ്പുറത്തെയും പുതിയ മേല്‍ശാന്തിമാരുടെ അവരോധ ചടങ്ങുകള്‍ ഇന്നു വൈകുന്നേരം ആറോടെ ആരംഭിക്കും. തന്ത്രി കണ്ഠര് രാജീവരുടെ കാര്‍മികത്വത്തിലാണ് അവരോധചടങ്ങുകള്‍. ശബരിമല മേല്‍ശാന്തി ടി.എം. ഉണ്ണികൃഷ്ണന്‍ നമ്പൂതിരിയുടെ സ്ഥാനാരോഹണം സന്നിധാനത്തു നടക്കും. അവരോധ ചടങ്ങുകള്‍ക്കു ശേഷം തന്ത്രി, പുതിയ മേല്‍ശാന്തിയെ ശ്രീകോവിലിനുള്ളില്‍ കൊണ്ടുപോയി മൂലമന്ത്രം ഓതിക്കൊടുക്കും.

തുടര്‍ന്ന് മാളികപ്പുറം ക്ഷേത്രത്തില്‍ പുതിയ മേല്‍ശാന്തി എം.ഇ. മനുനമ്പൂതിരിയുടെ സ്ഥാനാരോഹണം നടക്കും. മണ്ഡലവ്രതാരംഭത്തിനു തുടക്കം കുറിച്ച് ബുധനാഴ്ച പുലര്‍ച്ചെ നട തുറക്കുന്നതും പുതിയ മേല്‍ശാന്തിമാരാണ്.
തീര്‍ഥാടകരെ ഇന്ന് ഉച്ചകഴിയുന്നതോടെ സന്നിധാനത്തേക്കു കടത്തിവിട്ടു തുടങ്ങും. ഡിസംബര്‍ 26നാണ് മണ്ഡലപൂജ. ജനുവരി 14നാണ് മകരവിളക്ക്.

