മകളുടെ ഫെയ്സ് ബുക്ക് സുഹൃത്ത‌് അമ്മയെ കുത്തിക്കൊന്നു

അഞ്ചല്‍: മുംബൈയില്‍ ജോലിനോക്കുന്ന മകളുടെ ഫെയ്സ് ബുക്ക് സുഹൃത്ത‌് അമ്മയുടെ ജീവനെടുത്തു. കുളത്തൂപ്പുഴ ഇഎസ്‌എം കോളനി പാറവിള പുത്തന്‍വീട്ടില്‍ പി കെ വര്‍ഗീസിന്റെ ഭാര്യ മേരിക്കുട്ടി വര്‍ഗീസ് (48)ആണ് പട്ടാപ്പകല്‍ മകളുടെ ഫെയ്സ് ബുക്ക് സുഹൃത്തിന്റെ കൊലക്കത്തിക്ക് ഇരയായത്. പ്രതി മധുര അനുപാനടി ബാബു നഗര്‍ ഡോര്‍ നമ്ബര്‍ 48ല്‍ സതീഷ് (27)ആണ് കുളത്തൂപ്പുഴ പൊലീസിന്റെ പിടിയിലായത‌്. പാഴ‌്സല്‍ നല്‍കാനെന്ന വ്യാജേന വീടിനുള്ളില്‍ കടന്ന പ്രതി വലതുനെഞ്ചില്‍ കുത്തുകയായിരുന്നു.
രക്തം വാര്‍ന്ന് പുറത്തേക്ക് ഒാടിയ മേരിക്കുട്ടി റോഡ‌്‌വക്കില്‍ കുഴഞ്ഞുവീണു. സംഭവസമയം വീട്ടില്‍ മറ്റാരും ഉണ്ടായിരുന്നില്ല. മേരിക്കുട്ടിയെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതിയെ നാട്ടുകാര്‍ പിന്തുടര്‍ന്ന് പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചു.

സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത്: മുംബൈയില്‍ നേഴ്സിങ‌് ജോലിനോക്കുന്ന മേരിക്കുട്ടിയുടെ മൂത്ത മകള്‍ ലിസ ഏറെനാളായി പ്രതിയുമായി ഫെയ്സ്ബുക്കിലൂടെ പരിചയത്തിലാണ‌്. ഇയാള്‍ ലിസയോട‌് വിവാഹാഭ്യര്‍ഥന നടത്തി. എന്നാല്‍, തനിക്ക് വീട്ടുകാര്‍ വേറെ വിവാഹം ആലോചിക്കുന്നതായി പെണ്‍കുട്ടി അറിയിച്ചു. കഴിഞ്ഞ ഒരുമാസമായി ലിസയുമായി ബന്ധപ്പെടാന്‍ പ്രതി ശ്രമിച്ചെങ്കിലും സാധിച്ചില്ല.

പെണ്‍കുട്ടി വീട്ടിലുണ്ടാകുമെന്ന പ്രതീക്ഷയിലാണ് നാട്ടില്‍നിന്ന‌് ഒാണ്‍ലൈന്‍ ടാക‌്സി ബുക്ക് ചെയ്ത് പ്രതി കുളത്തൂപ്പുഴയില്‍ എത്തിയത്. മകളുമായുള്ള വിവാഹക്കാര്യം പറഞ്ഞ് മേരിക്കുട്ടിയോട് വഴക്കുണ്ടാക്കി. തുടര്‍ന്ന‌് ആക്രമിക്കുകയായിരുന്നു.

