KOYILANDY DIARY.COM

The Perfect News Portal

മകന്‍ മാതാപിതാക്കളെ വീട്ടിനുള്ളില്‍ ചുറ്റികകൊണ്ടടിച്ച് കൊലപ്പെടുത്തി

കൊച്ചി: മകന്‍ മാതാപിതാക്കളെ വീട്ടിനുള്ളില്‍ ചുറ്റികകൊണ്ടടിച്ച് കൊലപ്പെടുത്തി. എറണാകുളം ഇപ്പള്ളിയില്‍ തിങ്കളാഴ്ച്ച രാവിലെയാണ് സംഭവം. റിട്ട. പോര്‍ട്ട് ട്രസ്റ്റ് ജീവനക്കാരനായ എളമക്കര സുഭാഷ് നഗര്‍ അഞ്ചനപ്പള്ളി ലെയ്നില്‍ അഴീക്കല്‍ കടവ് വീട്ടില്‍ ഷംസു (65), ഭാര്യ സരസ്വതി (57) എന്നിവരാണ് കൊല്ലപ്പെട്ടത്. മകന്‍ സനലിനെ (30) എളമക്കര പൊലീസ് അറസ്റ്റു ചെയ്തു.

മൃതദേഹത്തിനു സമീപത്തുനിന്ന് ചുറ്റിക, കത്തി, ഹാക്സോ ബ്ലേഡ് എന്നിവ കണ്ടെടുത്തു. ഇരുവരുടെയും ശരീരത്തില്‍ മുറിവുകളുണ്ടായിരുന്നു. സനലിന് നല്‍കാനുള്ള മരുന്ന് സരസ്വതി കൈയില്‍ ചുരുട്ടിപ്പിടിച്ചിരുന്നു. പോസ്റ്റ്മോര്‍ട്ടത്തിനുശേഷമേ മരണകാരണം വ്യക്തമാകൂവെന്ന് തൃക്കാക്കര അസി. കമ്മിഷണര്‍ വി.കെ. രാജു പറഞ്ഞു. മാതാപിതാക്കളെ കൊലപ്പെടുത്തിയെന്ന് സനല്‍ ഒരു കൂസലുമില്ലാതെ പൊലീസിനോട് പറഞ്ഞു. ഇയാള്‍ മാനസികാസ്വാസ്ഥ്യത്തിന് ചികിത്സയിലായിരുന്നെന്ന് പൊലീസ് അറിയിച്ചു.

പ്രഭാത സവാരി കഴിഞ്ഞ് ഷംസു വീട്ടിലേക്കു പോകുന്നത് പരിസരവാസികള്‍ കണ്ടിരുന്നു. ഏഴരയായപ്പോള്‍ വീട്ടില്‍ ഒച്ചപ്പാടുകള്‍ കേട്ട് സമീപവാസികള്‍ എത്തിയെങ്കിലും സനല്‍ എല്ലാവരെയും വഴക്കു പറഞ്ഞു മടക്കി. പതിനൊന്ന് മണിയോടെ വീട്ടില്‍ നിന്ന് അനക്കമൊന്നും കേള്‍ക്കാതായതോടെ അയല്‍വാസികള്‍ ചെന്നു നോക്കിയപ്പോഴാണ് മുകളിലത്തെ നിലയില്‍ ഷംസുവും ഭാര്യ സരസ്വതിയും രക്തത്തില്‍ കുളിച്ചു കിടക്കുന്നതു കണ്ടത്. ഈ സമയം ഭാവഭേദമൊന്നുമില്ലാതെ വീടിന്റെ താഴത്തെ നിലയില്‍ ഇരിക്കുകയായിരുന്നു സനല്‍. അയല്‍ക്കാര്‍ അറിയിച്ചതിനെ തുടര്‍ന്ന് എളമക്കര പൊലീസ് സ്ഥലത്തെത്തിയപ്പോഴേക്കും ഇരുവരും മരിച്ചിരുന്നു.

Advertisements

സ്വകാര്യ ആശുപത്രിയില്‍ സനല്‍ വര്‍ഷങ്ങളായി ചികിത്സയിലായിരുന്നെന്ന് നാട്ടുകാര്‍ പറഞ്ഞു. അക്രമസ്വഭാവം കാണിച്ചിരുന്നില്ല. തലയ്ക്കേറ്റ മാരകമായ മുറിവാണ് ഇരുവരുടെയും മരണത്തിനു കാരണമായതെന്നാണ് പ്രാഥമിക നിഗമനം. മൃതദേഹം എറണാകുളം ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി. വിവാഹിതയായ ഒരു മകള്‍ കൂടി ഇവര്‍ക്ക് ഉണ്ട്. സി ഐ മിഥുന്‍, എസ് ഐ വിന്‍സന്റ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം പ്രതിയെ അറസ്റ്റു ചെയ്തു.

Share news

Leave a Reply

Your email address will not be published. Required fields are marked *