മകന്റെ മരണത്തില്‍ ദുരൂഹത: കബറിടം തുറന്ന് മൃതദേഹം പോസ്‌റ്റ്‌മോര്‍ട്ടത്തിനായി പുറത്തെടുത്തു

കല്‍പ്പറ്റ: സംസാരശേഷിയില്ലാത്ത മകന്റെ മരണത്തില്‍ ദുരൂഹതയെന്ന ഉമ്മയുടെ പരാതിയില്‍ കബറിടം തുറന്ന് മൃതദേഹം പോസ്‌റ്റ്‌മോര്‍ട്ടത്തിനായി പുറത്തെടുത്തു. മുട്ടില്‍ ചൂരപ്ര കെ വി ആമിനയുടെ മകന്‍ യൂസഫിന്റെ (കുഞ്ഞാപ്പ–44) മരണത്തില്‍ പൊലീസ് കേസ് എടുത്തിരുന്നു. കഴിഞ്ഞമാസം 27നാണ് യൂസഫ് മരിച്ചത്. ജോലിക്ക് നില്‍ക്കുന്ന മുട്ടില്‍ ടൗണിലെ വാടക സ്‌റ്റോറില്‍ കുഴഞ്ഞുവീണെന്നും മുട്ടില്‍ വിവേകാനന്ദ ആശുപത്രിയിയില്‍ എത്തിക്കുമ്ബോഴേക്കും മരിച്ചുവെന്നുമായിരുന്നു കടയുടമ വീട്ടുകാരെ അറിയിച്ചത്. വൈകിട്ട് ആറോടെ വീട്ടിലെത്തിച്ച മൃതദേഹം രാത്രി ഒമ്ബതോടെ മുട്ടില്‍ ജുമാമസ്‌ജിദില്‍ കബറടക്കി. ഹൃദയാഘാതത്തെ തുടര്‍ന്നാണ് യൂസഫ് കുഴഞ്ഞുവീണതെന്നാണ് വീട്ടുകാരോട് പറഞ്ഞത്. എന്നാല്‍ മകന്‍ മരിച്ച് അരമണിക്കൂറിന് ശേഷമാണ് തൊട്ടടുത്ത ആശുപത്രിയില്‍ എത്തിച്ചതെന്ന് ആമിന പറഞ്ഞു.
‘വൈകിട്ട് അഞ്ചോടെയാണ് ആശുപത്രിയില്‍ എത്തിച്ചത്. തലയില്‍ ആഴത്തിലുള്ള മുറിവ് ഉണ്ടായിരുന്നു. ഹൃദയാഘാതമല്ല, തലയിലുണ്ടായ മുറിവാണ് മരണകാരണമെന്നാണ് ഡോക്ടര്‍ പറഞ്ഞത്. പോസ്‌റ്റ്‌മോര്‍ട്ടം ചെയ്യാതെ നിര്‍ബന്ധിച്ച് മൃതദേഹം ആശുപത്രിയില്‍നിന്നും കൊണ്ടുവന്നതാണ്. മകന്റെ തലയില്‍ മുറിവുള്ളതായി അറിയില്ലായിരുന്നു. കബറടക്കാനായി എടുത്തപ്പോള്‍ തലയില്‍ തുണി ചുറ്റിക്കെട്ടിയിരിക്കുന്നത് കണ്ടു. പിറ്റേദിവസം ആശുപത്രിയില്‍ അന്വേഷിച്ചപ്പോഴാണ് മുറിവുണ്ടായിരുന്ന വിവരം അറിഞ്ഞത്’– ആമിന പറഞ്ഞു.

യൂസഫിനൊപ്പം മറ്റൊരു തൊഴിലാളിയും വാടക സാധനം ഇറക്കാനെത്തിയയാളുമാണ് കടയിലുണ്ടായിരുന്നത്. ഇവര്‍ രണ്ടുപേരും കടയുടമയും പരസ്‌പരവിരുദ്ധമായാണ് സംസാരിക്കുന്നതെന്നും കുടുംബാംഗങ്ങള്‍ പറഞ്ഞു. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ നിന്നുള്ള ഫോറന്‍സിക് വിദഗ്ധരുടെ നേതൃത്വത്തിലാണ് പോസ്‌റ്റ്‌മോര്‍ട്ടം. യൂസഫിന് ഭാര്യയും നാല് മക്കളുമുണ്ട്.

