ഭാരത് ജ്യോതി അവാര്‍ഡ് മന്ത്രി കെ. കെ. ശൈലജ ടീച്ചര്‍ക്ക്

തിരുവനന്തപുരം: ഇന്ത്യ ഇന്റര്‍നാഷണല്‍ ഫ്രണ്ട്ഷിപ്പ് സൊസൈറ്റിയുടെ ഭാരത് ജ്യോതി അവാര്‍ഡിന് ആരോഗ്യ സാമൂഹ്യനീതി വനിത ശിശു വികസന വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചറെ തെരഞ്ഞെടുത്തു. ഡിസംബര്‍ 4-ാം തീയതി ന്യൂഡല്‍ഹി മാക്സ്മുള്ളര്‍ മാര്‍ഗ് ലോദി ഗാര്‍ഡനില്‍ വച്ച് നടക്കുന്ന ചടങ്ങില്‍ മന്ത്രിക്ക് അവാര്‍ഡ് സമ്മാനിക്കും. ആരോഗ്യ സാമൂഹ്യനീതി വനിത ശിശു വികസന വകുപ്പുകള്‍ പൊതുജനാരോഗ്യ രംഗത്തും സാമൂഹ്യനീതി രംഗത്തും വനിതകളുടേയും കുട്ടികളുടേയും പുരോഗതിയ്ക്കും നടപ്പിലാക്കി വരുന്ന ജനക്ഷേമ പദ്ധതികള്‍ക്കുള്ള അംഗീകാരമായിട്ടാണ് അവാര്‍ഡ് നല്‍കുന്നത്.
ലോകത്തിന്റെ വിവിധ രാജ്യങ്ങളില്‍ താമസിക്കുന്ന ഇന്ത്യക്കാരുടെ ഇടയില്‍ ഐക്യം, ദേശീയത, സമാധാനം, സ്നേഹം, സാഹോദര്യം എന്നിവ വളര്‍ത്തുന്നതിന് നിലകൊള്ളുന്ന സന്നദ്ധ സംഘടനയാണ് ഇന്ത്യ ഇന്റര്‍നാഷണല്‍ ഫ്രണ്ട്ഷിപ്പ് സൊസൈറ്റി. ഇതിലൂടെ ആഗോളതലത്തില്‍ എല്ലാ രാജ്യങ്ങളുമായി സൗഹൃദം വളര്‍ത്തിയെടുക്കുകയും സഹകരണം ഉറപ്പു വരുത്തുകയും ചെയ്യുന്നു. ഇതോടൊപ്പം പ്രൊഫഷണല്‍, വിദ്യാഭ്യാസ, വ്യാവസായിക, വ്യക്തിഗത അനുഭവം എന്നിവ എല്ലാ ആളുകളുമായും പങ്കുവയ്ക്കാനും കഴിയുന്നു.

ഇന്ത്യയും വിവിധ രാജ്യങ്ങളിലെ പ്രവാസികളും നടത്തുന്ന സംയുക്ത സംരംഭങ്ങള്‍ ഏകോപിപ്പിക്കാന്‍ സാമ്ബത്തിക വിദഗ്ധര്‍, പത്രപ്രവര്‍ത്തകര്‍, സാമൂഹ്യ പ്രവര്‍ത്തകര്‍, വ്യവസായികള്‍, പണ്ഡിതര്‍, എന്‍ജിനീയറിങ് വിദഗ്ദ്ധര്‍, പാര്‍ലമെന്റ് അംഗങ്ങള്‍, റിട്ടയര്‍ ചെയ്ത ജനറല്‍മാര്‍ എന്നിവരടങ്ങിയ വിദഗ്ധസമിതിയും ഈ സൊസൈറ്റിയിലുണ്ട്.

രാജ്യത്തെ വിവിധ മേഖലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ചവര്‍ക്കാണ് ഭാരത് ജ്യോതി പുരസ്‌ക്കാരം സമ്മാനിക്കുന്നത്. മുന്‍ ചീഫ് ഇലക്ഷന്‍ കമ്മീഷണര്‍ ജി.വി.എസ്. കൃഷ്ണമൂര്‍ത്തി, മുന്‍ തമിഴ്നാട്, ആസാം ഗവര്‍ണര്‍ ഡോ. ഭീഷ്മ നരിയാന്‍ സിംഗ്, ജാര്‍ഘണ്ഡ് മുന്‍ ഗവര്‍ണര്‍ സിബ്റ്റി റിസ്വി, ദേവ് ആനന്ദ്, സുനില്‍ ദത്ത്, രാജേഷ് ഖന്ന തുടങ്ങിയവര്‍ക്ക് മുമ്ബ് ഭാരത് ജ്യോതി അവാര്‍ഡ് ലഭിച്ചിരുന്നു.

