KOYILANDY DIARY.COM

The Perfect News Portal

ബോംബെറിഞ്ഞ ശേഷം വീട്ടമ്മയെ വെട്ടിക്കൊന്നു

തൃശൂര്‍: ഗുണ്ടാനേതാവിൻ്റെ ഭാര്യയെ ബോംബെറിഞ്ഞ ശേഷം വെട്ടിക്കൊന്നു. കാട്ടൂര്‍ സ്വദേശി നന്തനാത്ത് പറമ്പില്‍ ഹരീഷിൻ്റെ ഭാര്യ ലക്ഷ്മിയാണ് (43) മരിച്ചത്. ഇന്നലെ രാത്രി 10 മണിക്കാണ് സംഭവം. പ്രദേശവാസിയും നിരവധി ക്രമിനല്‍ കേസുകളില്‍ പ്രതിയുമായ ദര്‍ശൻ്റെ നേതൃത്വത്തിലുള്ള നാലംഗ സംഘമാണ് വീട്ടിലേക്ക് നാടന്‍ ബോംബെറിഞ്ഞ ശേഷം മാരകയുധങ്ങളുമായെത്തി ലക്ഷ്മിയെ വെട്ടിക്കൊന്നത്. ദേഹമാസകലം വെട്ടേറ്റ ലക്ഷ്‌മി സംഭവ സ്ഥലത്ത് തന്നെ മരിച്ചു.

കൊലപാതക കേസ് അടക്കം നിരവധി കേസുകളിലെ പ്രതിയാണ് ഹരീഷ്. കഴിഞ്ഞ ദിവസം ഹരീഷും ദര്‍ശനുമായി വാക്കേറ്റവും സംഘട്ടനവും നടന്നിരുന്നു. ഇതുമായി ബന്ധപ്പെട്ട് ഹരീഷിനെതിരെ കാട്ടൂര്‍ പൊലീസ് കേസും എടുത്തു. പിന്നാലെ ഹരീഷ് ഒളിവില്‍പ്പോയി. ഹരീഷിനെ കേസില്‍ കുടുക്കിയ ദര്‍ശനനെ വകവരുത്താന്‍ ലക്ഷ്മി,​ ഹരീഷിന്റെ സംഘത്തില്‍പ്പെട്ട ഒരാളോട് ആവശ്യപ്പെട്ടിരുന്നതായും പറയപ്പെടുന്നു. ഇതറിഞ്ഞാണ് ദര്‍ശന്‍ തന്റെ കൂട്ടാളികളുമായി ഹരീഷിൻ്റെ വീട്ടിലെത്തിയത്. അക്രമികള്‍ മുറ്റത്ത് നാടന്‍ ബോംബെറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. സ്‌ഫോടനത്തിൻ്റെ ഉഗ്രശബ്ദം കേട്ട് പുറത്തിറങ്ങിയ ലക്ഷ്മി ദര്‍ശനനെയും സംഘത്തെയും കണ്ട് രക്ഷപ്പെടാനായി ഓടി. എന്നാല്‍ അക്രമികള്‍ ലക്ഷ്‌മിയെ പിന്തുടര്‍ന്നെത്തി വെട്ടുകയായിരുന്നു.

മൃതദേഹം ജില്ലാ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. പ്രദേശത്ത് വന്‍ പൊലീസ് സംഘം നിലയുറപ്പിച്ചിട്ടുണ്ട്. പ്രതികള്‍ക്കായി അന്വേഷണം ഊര്‍ജ്ജിതമാക്കി. പ്രതിയെന്ന് സംശയിക്കുന്ന ദര്‍ശന്‍ കുപ്രസിദ്ധഗുണ്ട കായിക്കുരുവിന്റെ കൂട്ടാളിയാണ്. നേരത്തെ തൃപ്രയാര്‍ ഭാഗത്ത് താമസിച്ചിരുന്ന ഹരീഷും കുടുംബവും എതാനും വര്‍ഷം മുമ്ബാണ് കാട്ടൂരിലേക്ക് താമസം മാറിയത്. ഈ പ്രദേശത്ത് ഗുണ്ടാസംഘങ്ങളുടെ ഏറ്റുമുട്ടല്‍ പതിവാണെന്ന് പൊലീസ് പറഞ്ഞു. ഇരിങ്ങാലക്കുട ഡിവൈ.എസ്.പി പി.ആര്‍. രാജേഷിന്റെ നേതൃത്വത്തില്‍ അന്വേഷണം പുരോഗമിക്കുകയാണ്

Advertisements
Share news

Leave a Reply

Your email address will not be published. Required fields are marked *