ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ പരാതി നല്‍കിയ വൈദികന്‍ മരിച്ച നിലയില്‍

കന്യാസ്ത്രീയെ ബലാല്‍സംഗം ചെയ്ത കേസില്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ പരാതി നല്‍കിയ വൈദികന്‍ മരിച്ച നിലയില്‍. ജലന്ധര്‍ രൂപതയിലെ വൈദികനായ ഫാ.കുര്യാക്കോസ് കാട്ടുതറ (60)യാണ് ഇന്നലെ മരിച്ച നിലയില്‍ കണ്ടെത്തിയതായി ബന്ധുക്കള്‍ക്ക് വിവരം ലഭിച്ചത്. ചേര്‍ത്തല പള്ളിപ്പുറം സ്വദേശിയാണ് ഫാ.കുര്യാക്കോസ്. മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് ബന്ധുക്കള്‍ ചേര്‍ത്തല ഡിവൈഎസ്പിക്ക് പരാതി നല്‍കി.
ഭോഗ്പുരിലെ പള്ളിയിലെ സ്വന്തം മുറിയിലാണ് ഇദ്ദേഹത്തെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്നലെ ഉച്ചയോടെ മുറിയിലേക്ക് പോയ അദ്ദേഹത്തെ ഇന്നു രാവിലെ വീട്ടുജോലിക്കാരനാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.

കന്യാസ്ത്രീയെ ബലാല്‍സംഗം ചെയ്ത കേസില്‍ ആരോപണ വിധേയനായ ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കനെതിരെ ശക്തമായ നിലപാടെടുത്തിരുന്ന വ്യക്തിയാണ് ഫാ. കുര്യാക്കോസ്. പരാതിക്കാരിയായ കന്യാസ്ത്രീക്ക് എല്ലാവിധ സഹായങ്ങളും വാഗ്ദാനം ചെയ്ത ഫാ കുര്യാക്കോസ് ബിഷപ്പിനെതിരെ മൊഴി നല്‍കിയിരുന്നു. കന്യാസ്ത്രീമാരുടെ വൊക്കേഷണല്‍ ട്രെയിനറായി പ്രവര്‍ത്തിച്ചിരുന്ന വ്യക്തിയാണ്. കന്യാസ്ത്രീകള്‍ തന്നോട് പല പ്രാവശ്യം ഫ്രാങ്കോ മുളക്കലിനെതിരെ പരാതി നല്‍കിയിട്ടുണ്ടെന്ന് ഫാ കുര്യാക്കോസ് പറഞ്ഞിരുന്നു.

ഇത് സ്വാഭാവിക മരണമല്ലെന്നും മരണത്തില്‍ ദുരൂഹതയുണ്ടെന്നും ഫാ. കുര്യാക്കോസിന്റെ ബന്ധുക്കള്‍ ആരോപിക്കുന്നു. മരണത്തില്‍ ദുരൂഹതയുണ്ടെന്നാരോപിച്ച് ഒരു വിഭാഗം വൈദികരും രംഗത്തെത്തിയിട്ടുണ്ട്. ഫ്രാങ്കോകേസില്‍ ഇടപെട്ടതിനെത്തുടര്‍ന്ന് ബിഷപ്പിനെതിരെ നേരത്തെത്തന്നെ ഭീഷണികള്‍ ഉണ്ടായിരുന്നതായും ബന്ധുക്കള്‍ ആരോപിക്കുന്നു. അതേസമയം ഫാ കുര്യാക്കോസിന് ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നതായും അതേത്തുടര്‍ന്ന് അദ്ദേഹത്തെ രൂപതാ ചുമതലകളില്‍ നിന്ന് മാറ്റി നിര്‍ത്തിയിരുന്നതായും റിപ്പോര്‍ട്ടുകളുണ്ട്.

