ബിന്ദുവിനും കനകദുര്‍ഗയ്ക്കും മതിയായ പൊലീസ് സംരക്ഷണം നല്‍കണമെന്ന് സുപ്രീം കോടതി

ഡല്‍ഹി: ശബരിമലയില്‍ ദര്‍ശനം നടത്തിയ ബിന്ദുവിനും കനകദുര്‍ഗയ്ക്കും മതിയായ പൊലീസ് സംരക്ഷണം നല്‍കണമെന്ന് സുപ്രീം കോടതി സംസ്ഥാന സര്‍ക്കാരിന് നിര്‍ദേശം നല്കി. ഇവര്‍ക്ക് ഇപ്പോള്‍തന്നെ സംരക്ഷണം നല്‍കുന്നുണ്ടെന്ന് സംസ്ഥാന സര്‍ക്കാര്‍ അറിയിച്ചു. അപ്പോള്‍ ” അത് നിങ്ങളുടെ കടമ. അത് തുടരൂ . ഞങ്ങള്‍ ഒരു ഓര്‍ഡര്‍ കൂടി ഇടാം”എന്ന് കോടതിപ്രതികരിച്ചു.
ശബരിമല കയറിയ ശേഷം നിരന്തരം സംഘപരിവാര്‍ ഭീഷണി നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് പൂര്‍ണ്ണ സുരക്ഷ ആവശ്യപ്പെട്ട് ഇവര്‍ സുപ്രീം കോടതിയെ സമീപിച്ചത്. ഇവരുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കേണ്ടത് സര്‍ക്കാരിന്റെ ഉത്തരവാദിത്തമാണെന്നും കോടതി ചൂണ്ടിക്കാട്ടി.

ഈ കേസ് റിവ്യു ഹര്‍ജിയുമായി ചേര്‍ക്കണമെന്ന ഇന്ദുവിന്റെയും കനകദുര്‍ഗയുടെയും അഭിഭാഷക ഇന്ദിരാ ജയ്സിംഗ് ആവശ്യപ്പെട്ടെങ്കിലും കോടതി അംഗീകരിച്ചില്ല. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ് ജസ്റ്റിസ് നാഗേശ്വര്‍ റാവു ജസ്റ്റിസ് ദിനേശ് മഹേശ്വരി എന്നിവര്‍ അടങ്ങിയ ബെഞ്ച് ആണ് ഹര്‍ജി പരിഗണിച്ചത്.

