ബന്ധു നിയമന വിവാദത്തില്‍ മുന്‍ മന്ത്രി ഇ.പി.ജയരാജനെതിരെ വിജിലന്‍സ് കേസ്

തിരുവനന്തപുരം: ബന്ധു നിയമന വിവാദത്തില്‍ മുന്‍ മന്ത്രി ഇ.പി.ജയരാജനെതിരെ വിജിലന്‍സ് കേസ്. ബന്ധു നിയമനവുമായി ബന്ധപ്പെട്ട ത്വരിതാന്വേഷണ റിപ്പോര്‍ട്ട് വിജിലന്‍സ് കോടതിയില്‍ സമര്‍പ്പിച്ചു.
ജയരാജനെ ഒന്നാം പ്രതിയാക്കിയാണ് വിജിലന്‍സ് കേസെടുത്തിരിക്കുന്നത്. കേസില്‍ കൂടുതല്‍ അന്വേഷണം നടത്തേണ്ടതുണ്ടെന്ന് വിജിലന്‍സ് കോടതിയില്‍ വ്യക്തമാക്കി. മന്ത്രി പി.കെ.ശ്രീമതിയുടെ മകനെ കേസില്‍ രണ്ടാം പ്രതിയാക്കിയിട്ടുണ്ട്.

മാനദണ്ഡങ്ങള്‍ മറികടന്നാണോ നിയമനം നടത്തിയത് എന്നതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ വിജിലന്‍സ് അന്വേഷിക്കും. ഇതിന്റെ ഭാഗമായി ജയരാജനെ ചോദ്യം ചെയ്യലിന് വിധേയമാക്കും. സിപിഎമ്മിന്റെ കേന്ദ്ര കമ്മിറ്റി യോഗങ്ങള്‍ തിരുവനന്തപുരത്ത് പുരോഗമിക്കവെയാണ് ജയരാജനെതിരെ വിശദമായ അന്വേഷണം വേണമെന്ന് വിജിലന്‍സ് കോടതിയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

ജയരാജന്റെ ബന്ധുവും, പി.കെ.ശ്രീമതിയുടെ മകനുമായ പി.കെ.സുധീറിനെ കേരള സ്റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ എന്റര്‍പ്രൈസസ് എംഡിയായി നിയമിച്ചത് വിവാദമാവുകയും, ജയരാജന്റെ രാജിയിലേക്ക് കാര്യങ്ങളെത്തുകയും ചെയ്തിരുന്നു. സംഭവം വിവാദമായതോടെ വ്യവസായ വകുപ്പ് നിയമനം റദ്ദാക്കുകയും ഡോ.എം.ബീനയ്ക്ക് പകരം ചുമതല നല്‍കുകയും ചെയ്തിരുന്നു.

