ബംഗാളില്‍ ഇടതുമുന്നണിയുടെ വന്‍ റോഡ് ഷോകള്‍; കൊടുംചൂടിനെ അവഗണിച്ച് ആയിരങ്ങള്‍

കൊല്‍ക്കത്ത > ഇടതുമുന്നണി സ്ഥാനാര്‍ഥികളുടെ പ്രചാരണാര്‍ഥം ദക്ഷിണ, ഉത്തര കൊല്‍ക്കത്ത, ഡംഡം മണ്ഡലങ്ങളില്‍ പതിനായിരങ്ങള്‍ അണിനിരന്ന വന്‍ റോഡ് ഷോകള്‍ അരങ്ങേറി. ഉത്തര കൊല്‍ക്കത്തയില്‍ സിപിഐ എം സ്ഥാനാര്‍ഥി കനീനിക ബോസിന്റെ പ്രചാരണാര്‍ഥം സംഘടിപ്പിച്ച റാലിയില്‍ കൊടുംചൂടിനെ അവഗണിച്ച് സ്ത്രീകളുള്‍പ്പെടെ ആയിരങ്ങള്‍ പങ്കെടുത്തു. ജനാധിപത്യ മഹിളാ അസോസിയേഷന്‍ പശ്ചിമ ബംഗാള്‍ സംസ്ഥാന സെക്രട്ടറിയാണ് കാനീനിക. ഉത്തര കൊല്‍ക്കത്തയിലെ ഡന്‍ലപ്പ് ചിഡിയാ മൂഡില്‍നിന്ന‌് ആരംഭിച്ച റോഡ് ഷോ എന്റാലിയില്‍ സമാപിച്ചു.
ദക്ഷിണ കൊല്‍ക്കത്തയില്‍ സിപിഐ എം സ്ഥാനാര്‍ഥി ഡോ. നന്ദിനി മുഖര്‍ജിയുടെ പ്രചാരണാര്‍ഥം നടന്ന പ്രകടനം ഖിദര്‍പ്പൂര്‍ മാര്‍ക്കറ്റിന് സമീപം സമാപിച്ചു. ഡംഡം മണ്ഡലത്തില്‍ ഉത്തര ഡംഡം നിമ്താ കാള്‍ച്ചര്‍ ജങ‌്ഷന്‍ മുതല്‍ ബിരാട്ടി സരത് കോളനിവരെയാണ് റാലി നടന്നത്.

സിപിഐ എം സംസ്ഥാന കമ്മിറ്റിയംഗം നേപ്പാള്‍ ദേബ് ഭട്ടാചര്യയാണ് ഡംഡമ്മിലെ ഇടതുമുന്നണി സ്ഥാനാര്‍ഥി. മൂന്നിടത്തും ശക്തമായ പോരാട്ടമാണ് ഇടതുമുന്നണി കാഴ്ചവയ്ക്കുന്നത്. 19ന് അവസാന ഘട്ടമാണ് ഇവിടെ വോട്ടെടുപ്പ്.

സംസ്ഥാനത്ത് ഞയറാഴ്ച നടന്ന വോട്ടെടുപ്പിനോടനുബന്ധിച്ച് വ്യാപകമായ തോതില്‍ അക്രമവും ബൂത്തുപിടിത്തവും നടന്ന സ്ഥലങ്ങളില്‍ വീണ്ടും വോട്ടെടുപ്പ് നടത്തണമെന്ന് ഇടതുമുന്നണി ആവശ്യപ്പെട്ടു. വന്‍തോതില്‍ ബൂത്തു പിടുത്തം നടന്ന നന്ദിഗ്രാം, ഹാള്‍ദിയ നിമസഭാ സീറ്റുകളില്‍ എല്ലാ ബൂത്തുകളിലും മറ്റ‌് മണ്ഡലങ്ങളിലായി 200 ബൂത്തുകളിലും റീ പോളിങ‌് നടത്തണം. തൃണമൂല്‍ മന്ത്രിമാരുടെവരെ നേതൃത്വത്തിലാണ് ബൂത്തു പിടിത്തവും അക്രമവും അരങ്ങേറിയത്.

തിങ്കളാഴ്ച ജാദവപ്പൂര്‍ മണ്ഡലത്തില്‍ ബിജെപി അധ്യക്ഷന്‍ അമിത് ഷാ പങ്കെടുക്കേണ്ട യോഗത്തിന് സംസ്ഥാന സര്‍ക്കാര്‍ അനുമതി നിഷേധിച്ചു. അമിത് ഷായുടെ ഹെലികോപ‌്റ്റര്‍ ഇറങ്ങാനുള്ള അനുമതിയും നിഷേധിച്ചതുമൂലം മൂന്ന് യോഗം റദ്ദാക്കി. ഇതിനെത്തുടര്‍ന്ന് തൃണമൂല്‍ ബിജെപി പ്രവര്‍ത്തകര്‍ തമ്മില്‍ പല സ്ഥലങ്ങളിലും ഏറ്റുമുട്ടി.
