ഫാ. കുര്യാക്കോസ് കാട്ടുതറയുടെ മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും

ആലപ്പുഴ: ജലന്ധറില്‍ മരിച്ച മലയാളി വൈദികന്‍ ഫാ. കുര്യാക്കോസ് കാട്ടുതറയുടെ മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും. നാളെ ഉച്ചയ്ക്ക് രണ്ട് മണിക്ക് പള്ളിപ്പുറം സെന്റ് മേരീസ് ഫൊറോനാ പള്ളിയിലാണ് സംസ്‌കാരം. ഫാ. കുര്യാക്കോസിന്റെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് കാട്ടി ബന്ധുക്കള്‍ ജലന്ധര്‍ പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.
ദസുയയിലെ പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കിയ ഫാ. കുര്യാക്കോസ് കാട്ടുതറ യുടെ മൃതദേഹം ഇന്ന് വൈകിട്ട് അഞ്ച് മണിയോടെ നെടുമ്ബാശേരി വിമാനത്താവളത്തിലെത്തിക്കും. തുടര്‍ന്ന് ചേര്‍ത്തല പള്ളിപ്പുറത്തെ കുടുംബ വീട്ടിലേയ്ക്ക് കൊണ്ടു പോകും. നാളെ ഉച്ചയ്ക്ക് രണ്ട് മണിക്ക് പള്ളിപ്പുറം ഫൊറോനാ പള്ളിയിലാണ് സംസ്‌കാരം.

അതേ സമയം ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ മൊഴി നല്‍കിയ ഫാ. കുര്യാക്കോസ് കാട്ടുതറയുടേത് അസ്വാഭാവിക മരണമെന്ന് കാട്ടി ബന്ധുക്കള്‍ പഞ്ചാബ് പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ഉടന്‍ കൈമാറുമെന്നാണ് പഞ്ചാബ് പൊലീസ് ബന്ധുക്കളെ അറിയിച്ചിട്ടുള്ളത്. എന്നാല്‍ പഞ്ചാബിലെ പോസ്റ്റ്‌മോര്‍ട്ടം ഉള്‍പ്പെടെയുള്ള നിയമ നടപടികള്‍ തൃപ്തികരമല്ലെങ്കില്‍ റീ പോസ്റ്റ്‌മോര്‍ട്ടം ആവശ്യപ്പെടാനാണ് ബന്ധുക്കളുടെ തീരുമാനം. ഫ്രാങ്കോ മുളയ്ക്കല്‍ ജാമ്യത്തിലിറങ്ങിയാല്‍ തന്റെ ജീവന് പോലും ഭീഷണിയാകുമെന്ന് ഫാ. കുര്യാക്കോസ് പറഞ്ഞിരുന്നതും മരണത്തില്‍ ദുരൂഹതയുണ്ടെന്ന ബന്ധുക്കളുടെ സംശയത്തിന് ആക്കം കൂട്ടിയിട്ടുണ്ട്.

പഞ്ചാബ് പോലീസിലെ ഉന്നതര്‍ക്ക് ബിഷപ്പ് ഫ്രാങ്കോയുമായി അടുത്ത ബന്ധമുള്ളതിനാല്‍ മരണത്തിലെ അസ്വാഭാവികത പുറത്തു വരില്ലെന്നും ബന്ധുക്കള്‍ ആരോപിക്കുന്നു. കഴിഞ്ഞ തിങ്കളാഴ്ച രാവിലെയാണ് ഫാ. കുര്യാക്കോസ് മരിച്ചതായി ബന്ധുക്കള്‍ക്ക് വിവരം ലഭിക്കുന്നത്.

