പൊതുസ്ഥലങ്ങളില്‍ കക്കൂസ് മാലിന്യം തള്ളിയ മൂന്നംഗസംഘം പിടിയില്‍

കൊച്ചി: പൊതു സ്ഥലങ്ങളില്‍ കക്കൂസ് മാലിന്യം തള്ളിയ മൂന്നംഘ സംഘത്തെയും ടാങ്കര്‍ ലോറിയും പനങ്ങാട് പോലീസ് പിടികൂടി. കെ എല്‍ 11 എഡി 4295 ടാങ്കര്‍ ലോറിയാണ് കസ്റ്റഡിയിലെടുത്തത്. ഡ്രൈവര്‍ മട്ടാഞ്ചേരി കാട്ടിപ്പറന്പില്‍ അബ്ദുള്‍ സലാം, സഹായി പള്ളുരുത്തി കൊല്ലയില്‍ വീട്ടില്‍ ഫാസില്‍, വണ്ടി ഉടമ പള്ളുരുത്തി കാട്ടിപ്പറന്പില്‍ അമീര്‍ ഇന്നെസന് എന്നിവരാണ് അറസ്റ്റിലായത്.
ഇന്നലെ പുലര്‍ച്ചെ 12.30 ഓടെ നെട്ടൂര്‍ നോര്‍ത്ത് കായലിനോട് ചേര്‍ന്ന് വാഹനം പാര്‍ക്ക് ചെയ്തിട്ടിരിക്കുന്ന രീതിയില്‍ കക്കൂസ് മാലിന്യം ഒഴുക്കികളയുകയായിരുന്ന പ്രതികളെ പനങ്ങാട് എസ്ഐ കെ.ദീജേഷിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പിടികൂടിയത്. കഴിഞ്ഞ ദിവസങ്ങളില്‍ മാടവന സര്‍വീസ് റോഡിലും നെട്ടൂര്‍ കുന്പളം ടോളിന്റെ സമീപത്തും മാലിന്യം തുടര്‍ച്ചയായി തള്ളിയതായി പരാതി ഉയര്‍ന്നതിനെത്തുര്‍ന്ന് പോലീസ് പട്രോളിംഗ് ശക്തമാക്കിയിരുന്നു.

പിടിച്ചെടുത്ത ടാങ്കര്‍ ലോറി കോടതിയില്‍ ഹാജരാക്കി കണ്ടുകെട്ടാനുള്ള നടപടി സ്വീകരിക്കുമെന്ന് പോലീസ് പറഞ്ഞു. നേരത്തെ കക്കൂസ് മാലിന്യം തള്ളുന്നതുമായി ബന്ധപ്പെട്ട് മൂന്ന് വാഹനങ്ങള്‍ കസ്റ്റഡിയിലെടുത്തിരുന്നു. പൊതുസ്ഥലങ്ങളില്‍ മാലിന്യം തള്ളുന്ന സംഘങ്ങള്‍ക്കെതിരേ നടപടി എടുക്കണമെന്ന് പി.ടി. തോമസ് എംഎല്‍എ കണയന്നൂര്‍ താലൂക്ക് വികസനസമിതി യോഗത്തില്‍ ആവശ്യപ്പെട്ടിരുന്നു.

