പൊലീസിന്റെ അടി ഇനി തലയ‌്ക്കോ നെഞ്ചിലോ അരക്കെട്ടിലോ ഏല്‍ക്കില്ല

തിരുവനന്തപുരം: പൊലീസിന്റെ അടി ഇനി തലയ‌്ക്കോ നെഞ്ചിലോ അരക്കെട്ടിലോ ഏല്‍ക്കില്ല. അക്രമാസക്തരായ ജനക്കൂട്ടത്തെ നിയന്ത്രിക്കുമ്പോള്‍ ലാത്തി മര്‍മസ്ഥാനം ഒഴിവാക്കി അടിക്കാനുള്ള പരിശീലനം ഇനി മുഴുവന്‍ പൊലീസുകാര്‍ക്കും നല്‍കും. പൊലീസ‌് മാന്വല്‍ പരിഷ‌്കരണത്തിന്റെ ഭാഗമായി ഡിഐജി കെ സേതുരാമനാണ‌് ലാത്തി ഡ്രില്‍ പരിഷ‌്കരിച്ചത‌്.
സ്വയംരക്ഷയ‌്ക്കും അക്രമാസക്തരായ ജനക്കൂട്ടത്തെ പിരിച്ചുവിടാനുമാണ‌് പൊലീസ‌് ലാത്തി പ്രയോഗിക്കുന്നത‌്. ബ്രിട്ടീഷ‌് കൊളോണിയല്‍ കാലഘട്ടത്തിലെ ലത്തി ഡ്രില്ലാണ‌് പൊലീസുകാരെ പരിശീലിപ്പിക്കുന്നത‌്.

‘ശത്രു’വിന്റെ തലയ‌്ക്ക‌് മാരകമായി പരിക്കേല്‍പ്പിക്കുന്ന രീതിതന്നെ ലാത്തി പ്രയോഗത്തിലുണ്ട‌്. ലാത്തി മുകളിലേക്കും പിറകിലേക്കും സ്വിങ‌് ചെയ‌്ത‌് മുകളില്‍ക്കൂടി താഴ‌്ത്തി തലയ‌്ക്കു മുകളില്‍ പ്രഹരമേല്‍പ്പിക്കുന്ന രീതിയാണിത‌്. ഒഴിച്ചുകൂടാനാകാത്ത സമയങ്ങളില്‍ മാത്രം ഉപയോഗിക്കേണ്ട ഈ രീതി തോന്നുംപോലെയാണ‌് പൊലീസ‌് ഉപേയോഗിക്കുന്നത‌്. ഇതോടെയാണ‌് ലാത്തി ഡ്രില്‍ പരിഷ‌്കരിച്ചത‌്.

റാപിഡ‌് ആക‌്ഷന്‍ ഫോഴ‌്സിന്റെ റയട്ട‌് ഡ്രില്‍ രീതിയാണ‌് പുതുതായി സ്വീകരിച്ചിരിക്കുന്നത‌്. സിആര്‍പിഎഫ‌്, യൂറോപ്യന്‍ പൊലീസ‌്, കൊറിയന്‍ പൊലീസ‌് എന്നിവരുടെ ലാത്തി ഡ്രില്ലും പരിഗണിച്ചിട്ടുണ്ട‌്. നിലവിലെ രീതിയില്‍ ടിയര്‍ ഗ്യാസ‌് പാര്‍ടി ഏറ്റവും മുന്നിലും തൊട്ടുപിന്നാലെ ലാത്തി പാര്‍ടിയും പിറകില്‍ റൈഫിള്‍ പാര്‍ടിയുമാണ‌് അണിനിരക്കുന്നത‌്.

എന്നാല്‍, പുതിയ രീതിയില്‍ ലാത്തിയേന്തിയ പൊലീസുകാര്‍ മുന്നില്‍ അണിനിരക്കും. അപ്രതീക്ഷിത ആക്രമണങ്ങള്‍ തടയുന്നതിന‌് പ്രത്യേക ഡ്രില്ലും രൂപപ്പെടുത്തിയിട്ടുണ്ട‌്.
അക്രമാസക്തരായ ജനക്കൂട്ടത്തെയോ വ്യക്തിയെയോ ശരീരത്തിന്റെ പാദംമുതല്‍ ചുമല്‍വരെ എവിടെയെങ്കിലും അടിക്കാന്‍ പരിശീലിപ്പിക്കുമ്ബോഴും തല, നെഞ്ച‌്, അരക്കെട്ട‌് തുടങ്ങിയ മര്‍മ ഭാഗങ്ങളില്‍ ഒരു കാരണവശാലും അടിക്കാന്‍ പാടില്ല. ലാത്തി ഡ്രില്ലിനൊപ്പം മോബ‌് ഓപ്പറേഷനും പരിഷ‌്കരിച്ചിട്ടുണ്ട‌്. ജനക്കൂട്ടത്തെ പിരിച്ചുവിടാന്‍ ഏറ്റവും കുറച്ച‌് ബലം പ്രയോഗിക്കണം. ഷീല്‍ഡും ഹെല്‍മെറ്റും ഉപയോഗിച്ചാണ‌് ഈ രീതി നടപ്പാക്കുന്നത‌്.
പൊലീസ‌് ട്രെയ‌്നിങ‌് കോളേജ‌് പ്രിന്‍സിപ്പലും ക്രൈംബ്രാഞ്ച‌് ഡിഐജിയുമായ കെ സേതുരാമന്‍ വിശദമായ പഠനം നടത്തിയാണ‌് ലാത്തി ഡ്രില്‍ പരിഷ‌്കരണ റിപ്പോര്‍ട്ട‌് സമര്‍പ്പിച്ചത‌്. സംസ്ഥാന പൊലീസ‌് മേധാവി ലോക‌്നാഥ‌് ബെഹ‌്റ ഇതില്‍ പരിശീലനം നല്‍കാന്‍ നിര്‍ദേശം നല്‍കി. ബറ്റാലിയനിലെ പൊലീസുകാര്‍ക്കും റിക്രൂട്ടുകള്‍ക്കും പുതിയ രീതിയില്‍ പരിശീലനം നല്‍കിക്കഴിഞ്ഞു.
