KOYILANDY DIARY.COM

The Perfect News Portal

പൊലീസിന് ശക്തമായ താക്കീത് – തലയ്ക്കടിച്ചും രക്തമൊഴുക്കിയും മുന്നോട്ട് പോകാമെന്ന് കരുതുന്നവര്‍ സരവീസിലുണ്ടാകില്ല: മുഖ്യമന്ത്രി

കൊച്ചി> കേരള പൊലീസിന് ശക്തമായ താക്കീതുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. പൊലീസ് രാഷ്ട്രീയം നന്നാക്കാന്‍ ശ്രമിക്കേണ്ടെന്നും സ്വന്തം ജോലി കൃത്യമായി ചെയ്താല്‍ മതിയെന്നും പിണറായി പറഞ്ഞു. ജനത്തെ ഭയപ്പെടുത്തിയും തലയ്ക്കടിച്ചും രക്തമൊഴുക്കിയും മുന്നോട്ട് പോകാമെന്ന് കരുതുന്നവര്‍ സരവീസിലുണ്ടാകില്ലെന്നും മുഖ്യമന്ത്രി മുന്നറിയിപ്പ് നല്‍കി. കൊച്ചിയില്‍ ജില്ലാ പൊലീസ് വായ്പാ സഹകരണ സംഘത്തിന്റെ സില്‍വര്‍ ജൂബിലി ആഘോഷങ്ങളുടെ സമാപനസമ്മളനം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു മുഖ്യമന്ത്രി.കൊല്ലത്ത് യുവാവിനെ പൊലീസ് വയര്‍ലസ് കൊണ്ട് തലയ്ക്കടിച്ച സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് പിണറായിയുടെ താക്കീത്. നാട്ടിലെ ക്രമസമാധാനപാലനമാണ് പൊലീസിന്റെ ചുമതല. അതല്ലാത്ത മറ്റ് ഉത്തരവാദിത്തങ്ങളൊന്നും ഏറ്റെടുക്കേണ്ട. നാട്ടില്‍ നിയമം നടപ്പാക്കണം. കേസന്വേഷണത്തില്‍ കൃത്യമായ നടപടികളുമായി മുന്നോട്ടുപോകണമെന്നും പിണറായി പറഞ്ഞു. ഭരണമാറ്റത്തിലൂടെ തങ്ങളുടെ സ്വകാര്യ കാര്യങ്ങള്‍ക്ക് പരിഹാരം കാണാമെന്ന എന്തെങ്കിലും ചിന്തയുണ്ടെങ്കില്‍ അതൊക്കെ മാറ്റി വച്ചേക്കണം. മന്ത്രിസഭയും സര്‍ക്കാരുകളുമൊക്കെ മാറും. ഇതൊരു സിസ്റ്റത്തിന്റെ ഭാഗമാണ്. കേരള പൊലീസിനു സ്വന്തമായി ഒരു വ്യക്തിത്വവും നിലപാടുമുണ്ടാകണം. കൊല്ലത്ത് വാഹനപരിശോധനയ്ക്കിടെ പൊലീസുകാരന്‍ യാത്രക്കാരനെ വയര്‍ലെസ് സെറ്റു കൊണ്ടു തലയ്ക്കടിച്ചു പരുക്കേല്‍പ്പിച്ചത് സേനയ്ക്കാകെ നാണക്കേടുണ്ടാക്കി. ഇങ്ങനെ ചെയ്യാന്‍ പൊലീസിന് ആരാണ് അധികാരം നല്‍കിയത്? ചില അപക്വമതികള്‍ ചെയ്യുന്ന തെറ്റുകള്‍ സേനയ്ക്കും സര്‍ക്കാരിനുമാണ് ഒന്നടങ്കം നാണക്കേടുണ്ടാക്കുന്നതെന്ന് പിണറായി കുറ്റപ്പെടുത്തി. ഇത്തരം സംഭവങ്ങളില്‍ സര്‍ക്കാരാണ് മറുപടി പറയേണ്ടതെന്ന് ഓര്‍ക്കണം. ജിഷ കേസും കോട്ടയത്തെ അശ്വതിയുടെ കൊലപാതകവുമൊക്കെ നല്ല രീതിയില്‍ ശാസ്ത്രീയമായാണ് തെളിയിച്ചത്. ഇതെല്ലാം മികവു തന്നെയാണ്. പക്ഷേ കൊല്ലത്തുണ്ടായതു പോലുള്ള സംഭവങ്ങള്‍ സര്‍ക്കാരിന്റെയും പൊലീസിന്റെയും യശസ് കെടുത്തിക്കളയും. കേരള പൊലീസിലെ ചേരിതിരിവും നാണക്കേടുണ്ടാക്കുന്നതാണ്. സേന ചില കമ്ബാര്‍ട്ടുമെന്റുകളായാണ് മുന്നോട്ടുപോകുന്നത്. ഈ കമ്ബാര്‍ട്ട്മെന്റ്വത്കരണം പൊലീസില്‍ പറ്റില്ല. ഇത്തരം നടപടികള്‍ പൊലിസിന്റെ സംഘടനാ സ്വാതന്ത്ര്യത്തെത്തന്നെ ഇല്ലാതാക്കുമെന്ന് താന്‍ മുഖ്യമന്ത്രിയാവുന്നതിന് മുമ്ബു പല വേദികളിലും പറഞ്ഞിട്ടുള്ളതാണ്. ഇപ്പോഴും ആ അഭിപ്രായത്തിന് മാറ്റമില്ലെന്നും പിണറായി പറഞ്ഞു. ദക്ഷിണമേഖലാ എഡിജിപി ഡോ. ബി.സന്ധ്യ, കൊച്ചി റേഞ്ച് ഐജി എസ്. ശ്രീജിത്, സിറ്റി പൊലീസ് കമ്മിഷണര്‍ എം.പി. ദിനേശ് എന്നിവരും പരിപാടിയില്‍ സന്നിഹിതരായിരുന്നു.

Share news