KOYILANDY DIARY.COM

The Perfect News Portal

പൊയിൽക്കാവ് സ്കൂൾ ജീവനക്കാർക്കെതിരെയുളള അസത്യ പ്രചാരണം അവസാനിപ്പിക്കണം – കെ.എസ്.ടി.എ.

കൊയിലാണ്ടി. കെ.എസ്.ടി.എ.പ്രസ്ഥാനത്തിനും അന്യായമായി സസ്പൻ്റ് ചെയ്യപ്പെട്ട അധ്യാപികമാർക്കും എതിരെ മാനേജർ നടത്തുന്ന അപകീർത്തികരമായ പ്രചാരണം അവസാനിപ്പിക്കണമെന്ന് കെ.എസ്.ടി.എ. ആവശ്യപ്പെട്ടു. മാനേജർ കെ.ജി.ബിജിഷ എന്ന അധ്യാപികയ്ക്കെതിരെ ഉന്നയിച്ച ആരോപണങ്ങൾ അടിസ്ഥാന രഹിതമാണെന്ന് കണ്ടെത്തി ഉപജില്ല വിദ്യാഭ്യാസ ഓഫീസർ സസ്പെൻഷൻ പിൻവലിക്കാൻ മാനേജർക്ക് ഉത്തരവ് നൽകിയതാണ്. ഇത് അംഗീകരിക്കാതെ വിദ്യാഭ്യാസ വകുപ്പിനേയും പൊതു സമൂഹത്തെയും വെല്ലുവിളിക്കുന്ന സമീപനമാണ് മാനേജരുടെ ഭാഗത്തു നിന്നും ഉണ്ടായിട്ടുള്ളത്.
പൊതു സമൂഹത്തിലെ പ്രമുഖരുമായി ചർച്ച നടത്താൻ തീരുമാനിച്ച അന്ന് രാവിലെ തികച്ചും ധാർഷ്ട്യത്തോടെ സ്കൂൾ പ്രധാന അധ്യാപികയെ കൂടി സസ്പൻ്റ് ചെയ്യുകയാണ് ഉണ്ടായത്. പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന് ശക്തി പകരുന്നതിനായി പി.ടി.എ തീരുമാനിച്ച രക്ഷിതാക്കളുടെ യോഗം നടത്തരുതെന്ന സമീപനവുമായി മാനേജരുടെ ചൊല്പടിക്കു നിൽക്കുന്ന ഒരു വിഭാഗം അധ്യാപകരാണ് സ്കൂളിൽ പ്രശ്നങ്ങൾ സൃഷ്ടിച്ചത്. ഈ അധ്യാപകരെ ഉപയോഗപ്പെടുത്തി അധ്യാപകർക്കിടയിലെ സൗഹൃദാന്തരീക്ഷം തകർക്കാർ നേതൃത്വം നൽകുന്ന സമീപനമാണ് മാനേജർ ചെയ്തു കൊണ്ടിരിക്കുന്നത്.
പി.ടി.എ തീരുമാനം നടപ്പിലാക്കുന്നതിന് വിളിച്ചു ചേർത്ത സ്റ്റാഫ് കൗൺസിൽ യോഗത്തിൽ പ്രധാനാധ്യാപികയെ കയ്യേറ്റം ചെയ്യാൻ ശ്രമിക്കുകയും ആക്ഷേപിക്കുകയും ചെയ്ത അധ്യാപകരെ സംരക്ഷിക്കുന്ന സമീപനമാണ് മാനേജർ സ്വീകരിച്ചത്. സമൂഹത്തിലെ പ്രമുഖരുമായി നടത്തിയ ചർച്ചയിൽ മാനേജരുടെ തെറ്റായ വ്യവസ്ഥകളാണ് കെ. എസ്. ടി.എ തള്ളിയത്. സസ്പൻഷനിലായ അധ്യാപിക തൻ്റെ വീട്ടിൽ വന്ന് കണ്ടാലേ സസ്പൻഷൻ പിൻവലിക്കൂ എന്നും പ്രധാന അധ്യാപികയുടെ സസ്പൻഷൻ പിൻവലിക്കുകയില്ല എന്നുമുള്ള വ്യവസ്ഥകൾക്കെതിരെയാണ് കെ.എസ്.എ മാർച്ച് സംഘടിപ്പിച്ചത്. പൊയിൽക്കാവ് യു.പി.സ്കൂളിലാണ് പ്രശ്നം നടന്നതെന്നിരിക്കെ ഹയർ സെക്കന്ററി സ്കൂളിലെ അധ്യാപകരുടെ എണ്ണം കൂടിച്ചേർത്ത് സമരത്തിൽ കുറച്ച് അധ്യാപകരെ പങ്കെടുത്തുള്ളൂ എന്ന മാനേജരുടെ അസത്യ പ്രചാരണം പൊതു സമൂഹം തള്ളിക്കളയും.
പ്രസ്തുത സ്കൂളിലെ മുഴുവൻ കെ.എസ്.ടി.എ പ്രവർത്തകരും സമരത്തിൽ പങ്കെടുത്തിട്ടുണ്ട്.അപകീർത്തികരമായ പ്രസ്താവനകൾ തുടർന്നാൽ നിയമ നടപടികൾ ഉൾപ്പെടെ സ്വീകരിച്ചു കൊണ്ട് ശക്തമായ സമരപരിപാടികൾക്ക് രൂപം നൽകുമെന്ന് കെ.എസ്.ടി.എ അറിയിച്ചു.
Share news

Leave a Reply

Your email address will not be published. Required fields are marked *