KOYILANDY DIARY.COM

The Perfect News Portal

പേരാമ്പ്രയിൽ കാലിക്കറ്റ് സർവകലാശാല റീജണൽ സെൻ്റർ ഒരുങ്ങുന്നു

പേരാമ്പ്ര: കാലിക്കറ്റ് സർവകലാശാലയ്ക്ക് കീഴിൽ പേരാമ്പ്രയിൽ റീജണൽ സെൻ്ററെന്ന സ്വപ്നം യാഥാർഥ്യമാകുന്നു. 15-ന് ക്ലാസുകൾ തുടങ്ങാൻ യൂണിവേഴ്‌സിറ്റി അനുമതിയായി. പേരാമ്പ്ര കോഴിക്കോട് പാതയിൽ ചാലിക്കരയിൽ വാടകക്കെട്ടിടത്തിലാണ് സെൻ്റർ ആദ്യം പ്രവർത്തിക്കുക. ഉന്നത വിദ്യാഭ്യാസ പഠന കേന്ദ്രമൊരുക്കുകയെന്ന ലക്ഷ്യത്തിലാണ് പ്രാദേശിക കേന്ദ്രം വരുന്നത്. ആദ്യ ഘട്ടത്തിൽ എം.എസ്.ഡബ്ല്യു, എം.സി.എ. എന്നി ബിരുദാനന്തര ബിരുദ കോഴ്‌സുകളാണ് അനുവദിച്ചിട്ടുള്ളത്.

എം.എസ്.ഡബ്ല്യുവിന് 35 സീറ്റും എം.സി.എ.ക്ക് 30 സീറ്റുമാണുള്ളത്. ടി.എം. രാജേഷിനെ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസറായി നിയമിച്ച് ഫെബ്രുവരി 26 മുതൽ സെൻ്റർ ഓഫീസ് പ്രവർത്തനം തുടങ്ങിയിട്ടുണ്ട്. ക്ലാസുകൾ ഒരുക്കുന്ന ജോലികൾ പുരോഗമിക്കുകയാണ്. പാലക്കാട്, കോഴിക്കോട് ജില്ലകളിൽ കാലിക്കറ്റ് യൂണിവേഴ്‌സിറ്റിക്ക് ഉന്നതവിദ്യാഭ്യാസരംഗത്ത് റീജണൽ സെന്ററുകളില്ല. ഇക്കാര്യം പരിഗണിച്ച് സ്ഥലം ആദ്യം ലഭ്യമാകുന്നിടത്ത് കേന്ദ്രങ്ങൾ തുടങ്ങാൻ യൂണിവേഴ്‌സിറ്റി നേരത്തേ തീരുമാനിച്ചിരുന്നു. ഇതനുസരിച്ചാണ് പേരാമ്പ്രയിൽ സ്ഥലം ഒരുക്കാനുള്ള ശ്രമങ്ങൾ നടന്നത്.

മന്ത്രി ടി.പി. രാമകൃഷ്ണൻ, സിൻഡിക്കേറ്റംഗം കെ.കെ. ഹനീഫ എന്നിവരുടെ ഇടപെടൽകേന്ദ്രം വേഗം യാഥാർഥ്യമാക്കാൻ സഹായിച്ചു. നൊച്ചാട് ഗ്രാമപ്പഞ്ചായത്തിലെ ചാലിക്കര മായഞ്ചേരി പൊയിലിന് സമീപം കെട്ടിടം നിർമിക്കാൻ സ്ഥലം കണ്ടെത്തിയിട്ടുണ്ട്. അഞ്ചേക്കർ സ്ഥലം വാങ്ങിനൽകാനുള്ള നടപടി അവസാനഘട്ടത്തിലാണ്. നാഷണൽ എജ്യുക്കേഷണൽ ട്രസ്റ്റ് രൂപവത്കരിച്ചാണ് അടിസ്ഥാന സൗകര്യം ഒരുക്കി നൽകാനുള്ള പ്രവർത്തനങ്ങൾ നടന്നത്.

Advertisements

നൊച്ചാട് ഗ്രാമപ്പഞ്ചായത്ത് മുൻ പ്രസിഡന്റ് പി.എം. കുഞ്ഞിക്കണ്ണൻ ചെയർമാനും തറുവയി ഹാജി ജനറൽസെക്രട്ടറിയും എസ്.കെ. അസൈനാർ ട്രഷററുമായാണ് ട്രസ്റ്റ്. ട്രസ്റ്റിന്റെ നേതൃത്വത്തിൽ ജനകീയക്കൂട്ടായ്മയിലായിരുന്നു. ഫണ്ട് സ്വരൂപണം. കേന്ദ്രം തുടങ്ങുന്നതിന് മുന്നോടിയായി സിൻഡിക്കേറ്റംഗങ്ങളായ കെ.കെ. ഹനീഫ, എ.കെ. രമേശ് ബാബു, എം. ജയകൃഷ്ണൻ എന്നിവരും യൂണിവേഴ്‌സിറ്റി എൻജിനിയറിങ്‌ വിഭാഗം ഉദ്യോഗസ്ഥരും സെപ്റ്റംബറിൽ സ്ഥലം സന്ദർശിച്ചിരുന്നു. ഇതിന്റെയടിസ്ഥാനത്തിൽ താത്‌കാലിക കെട്ടിടത്തിൽ കോഴ്‌സുകൾ ഈവർഷംതന്നെ തുടങ്ങാൻ നടപടിയും സ്വീകരിച്ചു. അടുത്തവർഷം കൂടുതൽ കോഴ്‌സുകൾ തുടങ്ങുന്നത് പരിഗണനയിലാണ്.

Share news

Leave a Reply

Your email address will not be published. Required fields are marked *